|    Jun 28 Wed, 2017 5:38 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ ഇരുനില ആകാശ ഇടനാഴി ഇന്നു തുറന്നുനല്‍കും

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച ഇരുനില ആകാശ ഇടനാഴി (സ്‌കൈ വാക്ക്) ഇന്നു തുറന്നുനല്‍കും. വൈകീട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലഡ് ബാങ്ക് അങ്കണമാണു വേദി. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തി ചടങ്ങില്‍ വിശിഷ്ടാതിഥിയാവും. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും. ഇന്‍ഫോസിസ് കേരള ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് റിപോര്‍ട്ട് അവതരിപ്പിക്കും. ഡോ. ശശി തരൂര്‍ എംപി, നഗരസഭാ മേയര്‍ അഡ്വ. വി കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മെഡിക്കല്‍ കോളജ് വാര്‍ഡ് കൗണ്‍സിലര്‍ എസ് എസ് സിന്ധു, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് സംസാരിക്കും. പുതിയ ആകാശ ഇടനാഴിയുടെ ഉദ്ഘാടനത്തോടെ മെഡിക്കല്‍ കോളജിന്റെ ആറു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനാണു വിരാമമാവുന്നത്. 65 വര്‍ഷങ്ങള്‍ പിന്നിടുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വിവിധ വികസന പദ്ധതികളുടെ ആദ്യ പൂര്‍ത്തീകരണം കൂടിയാണ് ഈ ഇരുനില ആകാശ ഇടനാഴി. പ്രതിദിനം 5,000ത്തിലധികം വാഹനങ്ങള്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുമ്പിലുള്ള റോഡ് മുറിച്ചുകടക്കുന്നവരാവട്ടെ 15,000ലധികം ആളുകളാണ്. മെഡിക്കല്‍ കോളജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ പി ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകള്‍, മരുന്നു വില്‍പ്പനശാലകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ റോഡിന് ഇരുവശത്താണുള്ളത്. ഈ തിരക്കേറിയ റോഡിലൂടെയാണു വീല്‍ചെയറിലും സ്‌ട്രെച്ചറിലും അത്യാസന്നരായ രോഗികളെ കൊണ്ടുപോവുന്നത്. 100 മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലോക്കുകളിലെയും ഒന്നാം നിലയെയും രണ്ടാം നിലയെയും പരസ്പരം ബന്ധിപ്പിച്ചുള്ള രണ്ടു നിലയുള്ള രണ്ട് ഇടനാഴികളാണു നിര്‍മിച്ചത്. പഴയ ആശുപത്രി ബ്ലോക്കിനെയും പുതിയ ഒ പി ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചു—ള്ളതാണു പ്രധാന ആകാശ ഇടനാഴി. ഈ ഇടനാഴിയും സി ടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നിവയെ ബന്ധിപ്പിച്ചുള്ളതാണു രണ്ടാമത്തെ ഇടനാഴി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക