|    Jul 21 Sat, 2018 12:10 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ : വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

Published : 20th September 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ധേശം നല്‍കി. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ച ചോദ്യം ചെയ്ത് കോളജ് പിടിഎ പ്രസിഡന്റ് എം എം അഷ്‌റഫ്, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ മുബഷിര്‍ മുഹിയുദ്ധീന്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. അഞ്ചാം ബാച്ച് പ്രവേശനം പൂര്‍ത്തിയായിട്ടും റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ താമസ സൗകര്യം ഒരുക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആവശ്യത്തിന് അധ്യാപകരും, മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയതായാണ് പരാതി.അതിനിടെ ഗവ. മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുന്നതിന് 116 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. കെട്ടിട സൌകര്യം ഒരുക്കുന്നതിനും ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് അനുമതി. കിഫ്ബി വഴിയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യങ്ങളാവും ഇനി സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കുക.വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിനും, ഡോക്ടര്‍മാര്‍ക്കും ജീവനക്കര്‍ക്കുമുള്ള ക്വാട്ടേഴ്‌സ് നിര്‍മാണത്തിനുമായി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 103 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ 75 കോടിയുടെ പദ്ധതിയായിരുന്നു ഇതിനായി സമര്‍പ്പിച്ചിരുന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആധുനിക സൌകര്യത്തോടെയുള്ള ഒപി ബ്‌ളോക്ക്, ലബോറട്ടറി കോംപഌക്‌സ് എന്നിവ നിര്‍മിക്കുന്നതിനായി 8.6 കോടിയുടെ പദ്ധതി, ഗസ്റ്റ് ക്വാര്‍ട്ടേഴ്‌സിനായി മൂന്ന് കോടി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ബ്‌ളോക്ക് നിര്‍മാണത്തിനായി 2.46 കോടി, സി  ബ്‌ളോക്ക് നവീകരണത്തിനായി 1.39 കോടി, രോഗി സൌഹൃദ സംവിധാനം ഒരുക്കുന്നതിന് ഒരു കോടി രൂപ എ്‌നിവയാണ് അനുമതിയായിരിക്കുന്ന മറ്റു പദ്ധതികള്‍. ക്യാന്‍സര്‍ രോഗ വിഭാഗത്തിലെ സൌകര്യങ്ങള്‍ വിപുലമാക്കുന്നതിന് ഒരു കോടിയും അനുവദിച്ചു. മാമോഗ്രാഫി, അള്‍ട്രാസൌണ്ട് സ്‌കാനര്‍ യന്ത്രങ്ങളും പുതുതായി ഈ വിഭാഗത്തില്‍ സ്ഥാപിക്കും. അടുത്തവര്‍ഷം മാര്‍ച്ചിന് മുമ്പ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അവസാനഘട്ട പരിശോധന നടക്കും.  നേരത്തെ മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനയില്‍ ചൂണ്ടിക്കാട്ടിയ ന്യൂനത പരിഹരിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss