|    Jul 22 Sat, 2017 2:28 pm
FLASH NEWS

മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണം; വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

Published : 22nd July 2016 | Posted By: SMR

കളമശ്ശേരി: മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനു മുന്നില്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ഥിനി കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം.
മൗന പ്രാര്‍ഥനയോടെ ആരംഭിച്ച സമരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധസമരം നടത്തിയത്. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ കെ എ അബൂട്ടിയുടെ മകളുമായ ഷംന തസ്‌നിം ആണ് കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തത്. മകളുടെ മരണം മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവുമൂലമാണെന്ന പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കളമശ്ശേരി പോലിസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് പനിയെത്തുടര്‍ന്ന് ഷംനയെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇഞ്ചക്ഷന്‍ ചെയ്തതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഷംനയെ വാര്‍ഡില്‍നിന്നും തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുന്നതിന് സ്ട്രക്ചര്‍ സൗകര്യം ലഭ്യമാക്കിയില്ലെന്നും ഇതുമൂലം 20 മിനിറ്റോളം വാര്‍ഡില്‍ കിടക്കേണ്ടിവന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. കൂടാതെ കഫക്കെട്ട് വലിച്ചുകളയാന്‍ ഉപയോഗിക്കുന്ന സെക്ഷന്‍ അപ്പാരക്‌സ വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഷംനയെ വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ ഡ്രോമ കെയര്‍ ആംബുലന്‍സും ലഭ്യമാക്കിയില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇന്നലെ നടന്ന പ്രതിഷേധസമരത്തില്‍ ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജയസൂര്യ, മുന്‍ ചെയര്‍മാന്‍ എബനേസര്‍ യോഹന്നാന്‍, ഡോ.ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക