|    Nov 21 Wed, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോളജിന് സമയമെടുക്കും; യോഗ പരിശീലിക്കണമെന്ന് കേന്ദ്രമന്ത്രി

Published : 6th August 2018 | Posted By: kasim kzm

എ പി വിനോദ്

കാസര്‍കോട്: കാസര്‍കോടിന്റെയും കേന്ദ്രസര്‍വകലാശാലയുടെയും പൊതു ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിച്ച് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. സത്യപാല്‍ സിങ്.  പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ നാഷനല്‍ മിഷന്‍ ഓണ്‍ ടീച്ചേഴ്‌സ് ആന്റ് ടീച്ചിങ് സ്—കൂള്‍ ഓഫ് എജ്യൂക്കേഷന്റെയും യോഗ പഠനവിഭാഗത്തിന്റെയും കെട്ടിടങ്ങളുടെയും ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി കരുണാകരന്‍ എംപി എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട്ട് കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. മുമ്പ് കേന്ദ്രസര്‍വകലാശാലയിലെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മെഡിക്കല്‍ കോളജിനായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കിയ കാര്യവും എംപി ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഒരു യൂനിവേഴ്‌സിറ്റിക്കു പോലും വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ സാധിക്കില്ലെന്നും ഇതില്‍ ഇളവുവേണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍, ആരോഗ്യത്തോടെ ജീവിക്കാന്‍ മെഡിക്ക ല്‍ കോളജിന്റെയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയോ ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു സത്യപാല്‍ സിങ് പ്രസംഗം ആരംഭിച്ചത്. ഇന്ന് കാണുന്ന ആധുനിക വൈദ്യശാസ്ത്രമൊന്നുമില്ലാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ വളരെ ആരോഗ്യത്തോടു കൂടിയാണ് ജീവിച്ചത്. കാസര്‍കോട്ട് മെഡിക്കല്‍ കോളജ് വേണമെങ്കില്‍ അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. ഉപരാഷ്ട്രപതി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ വീണ്ടും ഓര്‍മിപ്പിക്കും. എന്നാല്‍, ഇതു യാഥാര്‍ഥ്യമാവാന്‍ സമയമെടുക്കും. അതിനാല്‍ ആരോഗ്യകരമായ ജീവിതത്തിന് നാം യോഗ ശീലിക്കണം (കരോ യോഗ്, രഹോ നിരോഗ്). യോഗയ്ക്ക് ഒരു മതവുമായും ബന്ധമില്ല. മറിച്ച് ആത്മീയതയുമായാണ് ബന്ധം. കമ്മ്യൂണിസ്റ്റുകള്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമെല്ലാം യോഗ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടാനാണ് ശ്രമിക്കുന്നതെന്നു വിദൂര വിദ്യാഭ്യാസ കേന്ദ്രം അനുവദിക്കണമെന്ന എംപിയുടെ ആവശ്യം പരിഗണിച്ച് മന്ത്രി പറഞ്ഞു. നിലവാരത്തില്‍ മുന്‍നിരയിലെത്താന്‍ കേന്ദ്രസര്‍വകലാശാല ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകാലാശാലയിലെ 73 ശതമാനം വിദ്യാര്‍ഥികളും സംവരണ വിഭാഗത്തില്‍പ്പെട്ടവരാണെന്നും അവര്‍ക്കു മതിയായ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രസാദ് ആവശ്യപ്പെട്ടു. ഫെലോഷിപ്പ് തുക വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കെട്ടിടമോ മറ്റ് അടിസ്ഥാന സൗകര്യമോ അല്ല യഥാര്‍ഥ പ്രശ്‌നമെന്നും അര്‍പ്പണബോധമുള്ള അധ്യാപകരാണ് വേണ്ടതെന്നും അധ്യാപകര്‍ക്ക് ഉന്നത യോഗ്യതയുണ്ടായിട്ടും കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കണമെന്ന കാര്യം മന്ത്രി പരാമര്‍ശിച്ചതേയില്ല. പണ്ട് ഗുരുകുല സമ്പ്രദായത്തില്‍ മെച്ചപ്പെട്ട എത്രയോ പണ്ഡിതന്മാര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും മരത്തിനു ചുവട്ടിലും കടല്‍തീരത്തും പഠിക്കുന്നതാണ് ഏറ്റവും നല്ലതെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss