|    Apr 25 Wed, 2018 8:11 pm
FLASH NEWS

മെഡിക്കല്‍ എന്‍ട്രന്‍സ്: മലപ്പുറത്തിന് റാങ്കുകളുടെ പെരുമഴ

Published : 2nd June 2016 | Posted By: SMR

മലപ്പുറം: ജില്ലയ്ക്ക് റാങ്കുകളുടെ പെരുമഴയുമായി മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം. ആദ്യ ആയിരം റാങ്കുകളില്‍ 153 പേരാണ് മലപ്പുറത്തു നിന്ന് ഇടംപിടിച്ചത്. ഇതോടെ മലപ്പുറം സംസ്ഥാനത്തു തന്നെ ഒന്നാമതെത്തി.
ആദ്യ നൂറ് റാങ്കുകളില്‍ 16 റാങ്കുകളാണ് മലപ്പുറത്തെ മിടുക്കന്‍മാരും മിടുക്കികളും ചേര്‍ന്ന് വാരിക്കൂട്ടിയത്. 19 റാങ്കുള്ള കോഴിക്കോട് മാത്രമാണ് മലപ്പുറത്തിനു മുന്നിലുള്ളത്.
എന്‍ട്രന്‍സ് പരീക്ഷകളില്‍ മലപ്പുറത്തിന്റെ മികവ് തുടരുന്നുവെന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. നാല്, ഏഴ്, പത്ത് റാങ്കുകളും കൈപ്പിടിയിലൊതുക്കി മലപ്പുറം അജയ്യത തെളിയിച്ചു.
റമീസ ജഹാന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം
കോട്ടക്കല്‍: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് നേടിയ റമീസ ജഹാന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. 960ല്‍ 950മാര്‍ക്കും നേടിയാണ് ഈ മിടുക്കി വിജയ കിരീടം ചൂടിയത്. ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന റമീസ സ്വന്തമായാണ് പഠിച്ചത്.
പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിനാല്‍ പ്രദേശത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ഇവര്‍ക്ക് സൗജന്യ പരിശീലനത്തിന് അവസരം നല്‍കിയിരുന്നു. പത്താം ക്ലാസ് വരെ തര്‍ത്തീര്‍ സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പഠനം. പിതാവ് ഈ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ്. പാഠ്യേതര വിഷയങ്ങളി ല്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ശാസ്ത്ര മേളകളില്‍ പങ്കെടുക്കാറുണ്ട്. സംസ്ഥാന മേളയില്‍ മികച്ച വിജയവും കരസ്ഥമാക്കിരിന്നു. പത്താം റാങ്ക് എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ എന്ന് റമീസ ജഹാന്‍ പറഞ്ഞു. ഒതുക്കുങ്ങല്‍ ഗവ. സ്‌കൂളിലെ ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളാണ് തന്റെ വിജയത്തിന്റെ മികവെന്നും റമീസ അനുസ്മരിച്ചു. പുത്തൂര്‍ അരിച്ചോളിലെ മച്ചിഞ്ചേരി അബ്ദുല്‍ കരീം, റസിയാനത്ത് ദമ്പതികളുടെ മകളാണ്. മുഹമ്മദ് റിസ്‌വാന്‍ ഏക സഹോദരനാണ്.
പിതാവിന്റെ പാതയില്‍ ആഷിഫും ഇനി ആതുരശുശ്രൂഷ വഴിയെ
മലപ്പുറം: പിതാവിന്റെ പാതയില്‍ ആഷിഫും ഇനി ആതുരശുശ്രൂഷയിലേക്ക്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്കുകാരനാണ് മലപ്പുറം കോട്ടപ്പടി പനച്ചിച്ചിറ റോഡിലെ കൊന്നോല ആഷിഫ് അബാന്‍. പിതാവ് ഇബ്രാഹിം മലപ്പുറം സഹകരണ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസറാണ്.
ക്രിക്കറ്റിനോടുള്ള ഇഷ്ടം മാറ്റിവച്ചാണ് ആഷിഫ് കഠിനപ്രയത്‌നത്തിലൂടെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയത്. 1983 ബാച്ചിലെ അറുപതാം റാങ്കുകാരനാണ് പിതാവ് ഡോ. ഇബ്രാഹിം. മലപ്പുറം താലൂക്കാശുപത്രിയുടെ പിന്‍വശത്താണ് ഇവരുടെ വീടെന്നതും ശ്രദ്ധേയമാണ്. 940 മാര്‍ക്കാണ് ആഷിഫിനു ലഭിച്ചത്. 25-30 റാങ്കുകളിലൊന്നു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നു ആഷിഫ് അബാന്‍ പറഞ്ഞു. ആദ്യചാന്‍സില്‍ തന്നെ ഉന്നത വിജയം നേടാനുമായി.
പത്താംതരം മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലായിരുന്നു പരിശീലനം. വെള്ളില പിടിഎം എച്ച്എസ്എസിലായിരുന്നു പ്ലസ്ടു പഠനം. എസ്എസ്എല്‍സിക്കു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചപ്പോള്‍ പ്ലസ്ടുവിനു മലയാളത്തിലൊഴികെ എ പ്ലസ് കരസ്ഥമാക്കാനായി. ടെലിവിഷനിലൂടെയാണ് കുടുംബം റാങ്ക് വിവരമറിഞ്ഞത്. തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അഭിനന്ദനമെത്തി. പി ഉബൈദുല്ല എംഎല്‍എ, മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
മാതാവ് കിളിയണ്ണി ആയിഷ. സഹോദരന്‍ ആഷിഖ് റോഷന്‍ ബി.ടെകിനു ശേഷം എം. ടെകിനായി ഗേറ്റ് പ്രവേശന പരീക്ഷയെഴുതുന്നതിനായി ഹൈദരാബാദില്‍ പരിശീലനത്തിലാണ്. ഏകസഹോദരി ആഷിഫ നൂര്‍ബീന മലപ്പുറത്തിനടുത്തു മേല്‍മുറി എംഎംഇടി എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
രണ്ടാം തവണത്തെ പരിശ്രമം നിഹാലയെ കോഴിക്കോട്ടെത്തിച്ചു
മഞ്ചേരി: ഇത്തവണ നിഹാലയുടെ കഠിന ശ്രമം വെറുതെയായില്ല. കഴിഞ്ഞ തവണത്തെ 1879ാം റാങ്കിനെ ബഹുദൂരം പിന്തള്ളിയാണ് നിഹാല ഇത്തവണ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 10ാം റാങ്കിനുടമയായത്. കഴിഞ്ഞ വര്‍ഷം മെഡിക്കലില്‍ പ്രവേശനം ലഭിച്ചുവെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ലഭിക്കണമെന്ന വാശിയാണ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകളെ ഉന്നതിയിലെത്തിച്ചത്.
വായന നിഹാലയുടെ പ്രധാനഹോബിയാണ്. എന്നാല്‍ കര്‍ക്കശമായ പഠനമൊന്നും നടത്തിയിരുന്നില്ലെന്നാണ് നിഹാല പറയുന്നത്. കൃത്യ സമയം പോലും കണ്ടെത്താതെ ഇഷ്ടമുള്ളപ്പോള്‍ മാത്രം പഠിക്കും. ഇതാണ് തന്റെ വിജയരഹസ്യമെന്നും മനസ്സു തുറന്ന മഞ്ചേരി മുള്ളമ്പാറ സ്വദേശിനി പറയുന്നു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് നിസാറലി കുടുംബ സമേതം ശ്രീനഗറില്‍ താമസമാക്കിയതോടെ നിഹാലയുടെ പഠന തുടക്കം കശ്മീരിലായിരുന്നു. ആറാംക്ലാസ് വരെ ശ്രീനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലും പിന്നീട് പ്ലസ്ടുവരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലുമാണു പഠനം പൂര്‍ത്തിയാക്കിയത്. എസ്എസ്എല്‍സിയിലും പ്ലസ്ടു പരീക്ഷയിലും(96.6 ശതമാനം ) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നുള്ള പരിശീലനവും നിഹാലക്ക് തുണയായി. എയര്‍ ഫോഴ്‌സ് ജോലിക്ക് ശേഷം പിതാവ് ഇപ്പോള്‍ ദുബൈയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
ആദ്യ നൂറില്‍ പ്രതീക്ഷിച്ച നിഹാലക്ക് പത്താംറാങ്ക് ലഭിച്ചതോടെ അവുഞ്ഞിപുറത്തെ വീട്ടിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജയും നിരവധി ജനപ്രതിനിധികളും അഭിനന്ദനമറിയിച്ചു. മാതാവ് ഫാത്തിമസുഹ്‌റയും ഏക സഹോദരന്‍ ഫാദില്‍ ഹനീഫയും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ആദ്യ കടമ്പകടന്നതോടെ ഈ റാങ്കുകാരിക്ക് മികച്ച ഡോക്ടറാവണം. പാവങ്ങളായ രോഗികളെ സഹായിക്കണം. ഇതാണ് നിഹാലയുടെ മനസിലുള്ള മോഹങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss