|    Sep 26 Tue, 2017 2:30 pm

മെഡിക്കല്‍ ആനുകൂല്യങ്ങളില്‍ തര്‍ക്കം തുടരുന്നു

Published : 11th November 2016 | Posted By: SMR

എരുമേലി: പോലിസ് ഇടപെട്ട് യൂനിയന്‍ ഭാരവാഹികളും തോട്ടം മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ സമവായമായതിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റിലെ പണിമുടക്കു സമരം അവസാനിച്ചു. എന്നാല്‍ പണിമുടക്കിനു കാരണമായ മെഡിക്കല്‍ ആനുകൂല്യങ്ങളിലെ നിയന്ത്രണം പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പിന്‍വലിച്ചെന്നു തൊഴിലാളികള്‍ അവകാശപ്പെടുമ്പോള്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇന്നലെ എരുമേലി പോലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചെന്നു യൂനിയനുകള്‍ അറിയിച്ചത്. ഇന്നു മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കും. കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന പണിമുടക്ക് സമരം മൂലം തോട്ടം അടച്ചിടാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് എറണാകുളത്ത് പ്ലാന്റേഷന്‍ ലേബര്‍ ഇന്‍സ്‌പെക്ടര്‍ ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു മുന്നോടിയായാണ് പോലിസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ ധാരണയായതോടെ എറണാകുളത്തെ ചര്‍ച്ച റദ്ദാക്കുകയും സമരം പിന്‍വലിക്കുകയുമായിരുന്നു. പണിമുടക്കു നടത്തിയ എട്ടുദിവസത്തെ വേതനം തൊഴിലാളികള്‍ക്ക് നല്‍കുകയില്ലെന്നും, ഉല്‍പ്പാദനവും ഉത്പ്പാദനക്ഷമതയും വര്‍ധിപ്പിക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം ചര്‍ച്ചയില്‍ യൂനിയനുകള്‍ അംഗീകരിച്ചു. സമരത്തെ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ പരാതിയില്‍ പോലിസ് എടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന ആവശ്യവും യൂനിയനുകള്‍ അംഗീകരിച്ചു. തോട്ടം ഉടമയായ ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന് എതിരേ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാമെന്നും ഇത്തരം ബോര്‍ഡുകള്‍ ഇനി സ്ഥാപിക്കില്ലെന്നും യൂനിയന്‍ ഭാരവാഹികള്‍ സമ്മതിച്ചു. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പുറപ്പെടുവിച്ച നോട്ടീസ് പിന്‍വലിച്ചെന്നും ഇതേ നോട്ടീസ് വീണ്ടും പ്രസിദ്ധീകരിക്കാമെന്നും തുടര്‍ന്ന് ലേബര്‍ വകുപ്പുമായി ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാമെന്നും മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.മണിമല സിഐ ഇ പി റെജി, എരുമേലി എസ്‌ഐ ജെര്‍ളില്‍ വി സ്‌കറിയാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ യൂനിയനുകളുടെ ജനറല്‍ സെക്രട്ടറിമാരായ ടി പ്രസാദ്, തോമസ് കല്ലാടന്‍, ഒപിഎ സലാം, കെ കെ ജനാര്‍ദ്ദനന്‍, അനില്‍കുമാര്‍ തുടങ്ങിയവരും യൂനിയനുകളുടെ തോട്ടം യൂനിറ്റ് കണ്‍വീനര്‍മാരും പങ്കെടുത്തു. മാനേജ്‌മെന്റ് പ്രതിനിധികളായി ജനറല്‍ മാനേജര്‍ ജേക്കബ് സി ഫിലിപ്പ്, മാനേജര്‍ ജോണ്‍ കുര്യന്‍, മാനേജിങ് ഡയറക്ടര്‍ ജേക്കബ് പോത്തന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക