|    Jul 25 Tue, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെഡല്‍ക്കൊയ്ത്തിന് കച്ചമുറുക്കി ഇന്ത്യന്‍ സംഘം

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ റെക്കോഡ് മെഡലുകള്‍ കൊയ്യാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ സംഘമെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇന്ത്യ ബ്രസീലില്‍ അണിനിരത്തുന്നത്. 124 അത്‌ലറ്റുകളടങ്ങിയതാണ് ഇന്ത്യന്‍ ടീം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനേക്കാള്‍ 41 പേര്‍ കൂടുതലാണിത്. ലണ്ടനില്‍ 83 അത്‌ലറ്റുകളാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.
അമ്പെയ്ത്ത് (4 പേര്‍), അത്‌ലറ്റിക്‌സ് (34), ബാഡ്മിന്റണ്‍ (7), ബോക്‌സിങ് (3), ഹോക്കി (36), ഗോള്‍ഫ് (3), ജിംനാസ്റ്റിക്‌സ് (1), ജൂഡോ (1), തുഴച്ചില്‍ (1), ഷൂട്ടിങ് (12), നീന്തല്‍ (2), ടേബിള്‍ ടെന്നിസ് (4), ടെന്നിസ് (4), ഭാരോദ്വഹനം (2), ഗുസ്തി (8) എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിലെ അത്‌ലറ്റുകളെ വേര്‍തിരിച്ചിരിക്കുന്നത്.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം പോലും നേടാന്‍ ഇന്ത്യക്കായിരുന്നില്ല. രണ്ടു വെള്ളിയും നാലു വെങ്കവുമടക്കം ആറു മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. സ്വര്‍ണം കൈവിട്ടെങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു ഇത്.
ലണ്ടനില്‍ ഷൂട്ടിങിലും ഗുസ്തിയിലുമായിരുന്നു ഇന്ത്യയുടെ രണ്ടു വെള്ളി വിജയങ്ങള്‍. ഷൂട്ടിങില്‍ വിജയ് കുമാറും ഗുസ്തിയില്‍ സുശീല്‍ കുമാറുമാണ് ഇന്ത്യക്കു വെള്ളി സമ്മാനിച്ചത്. ഗഗന്‍ നാരംഗ് (ഷൂട്ടിങ്), സെയ്‌ന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍), എംസി മേരികോം (ബോക്‌സിങ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ് വെങ്കലത്തിന് അവകാശികളായത്. ഇത്തവണ റിയോയില്‍ കഴിഞ്ഞ തവണത്തെ മെഡല്‍നേട്ടമായ ആറ് ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഷൂട്ടിങില്‍ 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര, ഗഗന്‍ നാരംഗ്, ജിത്തു റായ് എന്നിവര്‍ റിയോയില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകളാണ്.
ഗുസ്തിയാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന മറ്റൊരു കായിക ഇനം. വെറ്ററന്‍ താരം യോഗേശ്വര്‍ ദത്ത്, വിവാദങ്ങളെ അതിജീവിച്ചെത്തിയ നര്‍സിങ് യാദവ് എന്നിവരില്‍ നിന്ന് രാജ്യം മെഡല്‍ ആഗ്രഹിക്കുന്നുണ്ട്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെയ്‌ന നെഹ്‌വാള്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ടെന്നിസില്‍ സാനിയാ മിര്‍സ- രോഹന്‍ ബൊപ്പണ്ണ, ലിയാണ്ടര്‍ പേസ്- ബൊപ്പണ്ണ ജോടികളും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് റാക്കറ്റേന്തുന്നത്.
ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പറും ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനു കീഴില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കു അവസാനസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക