|    Oct 24 Wed, 2018 9:07 am
FLASH NEWS

മെട്രോ രണ്ടാം റീച്ചില്‍ സിഎംആര്‍എസ് പരിശോധന തുടങ്ങി

Published : 26th September 2017 | Posted By: fsq

 

കൊച്ചി: നഗര മധ്യത്തിലേക്ക് ഓടിത്തുടങ്ങാനൊരുങ്ങുന്ന മെട്രോയുടെ സുരക്ഷ സംബന്ധിച്ച അവസാനഘട്ട പരിശോധനകള്‍ ഇന്നലെ ആരംഭിച്ചു. ബംഗലൂരു ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ (സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണു രാവിലെ ഒന്‍പതിനു കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിശോധന ആരംഭിച്ചത്. സ്‌റ്റേഷനിലെ സൗകര്യങ്ങളും യാത്രക്കാര്‍ക്കുള്ള സേവനങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും സംഘം വിലയിരുത്തി. നാലുമണിക്കൂറിലേറെ സമയമെടുത്താണു മെട്രോയുടെ എറ്റവും വലിയ സ്‌റ്റേഷനായ കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു മറ്റു സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി. രാത്രി വൈകിയാണ് ആദ്യദിനത്തെ പരിശോധന മതിയാക്കി സംഘം മടങ്ങിയത്.  സ്‌റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ദിശാഫലകങ്ങള്‍, ലിഫ്റ്റും എസ്‌കലേറ്ററും അടങ്ങുന്ന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, കണ്‍ട്രോള്‍ റൂം, പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങള്‍ എന്നിവയാണു സംഘം വിശദമായി പരിശോധിച്ചു വിലയിരുത്തിയത്. ഒരു സ്‌റ്റേഷനില്‍ നിന്നും അടുത്ത സ്‌റ്റേഷനിലേക്കു ട്രെയിനില്‍ സഞ്ചരിച്ചാണ് എത്തിയത്. ഇന്ന് രാവിലെ ട്രെയിനിലേയും ട്രാക്കിലേയും പരിശോധനകള്‍ നടക്കും.ഉച്ചയ്ക്കു ശേഷം മുട്ടത്തെ കണ്‍ട്രോള്‍ റൂം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണു റിപോര്‍ട്ട് തയാറാക്കുന്നത്. മെട്രോ സര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കുന്നതിന്റെ അവസാനഘട്ടമായുള്ള നിര്‍ണായക പരിശോധനയാണിത്. സിഎംആര്‍എസിന്റെ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ലഭിക്കുക. മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തില്‍ സിഎംആര്‍എസ് കാര്യമായ പിഴവുകളൊന്നും പരിശോധനയില്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. അതിനാല്‍ കാലതാമസം കൂടാതെ അനുമതി ലഭിക്കാനായി. മഹാരാജാസ് വരെയുള്ള രണ്ടാംഘട്ടത്തിലും തടസ്സമില്ലാതെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണു കെഎംആര്‍എല്‍ അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss