|    Jan 18 Thu, 2018 9:43 pm
FLASH NEWS
Home   >  Pravasi   >  

മെട്രോ നിയന്ത്രണ സംവിധാനം ദുബയില്‍ നിന്ന് ദോഹയിലേക്കു മാറ്റി

Published : 13th August 2017 | Posted By: fsq

 

ദോഹ: ദോഹ മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനുമുള്ള ബില്‍ഡിങ് ഓട്ടോമേഷന്‍ ആന്റ് കണ്‍ട്രോള്‍ സിസ്റ്റം (ബിഎസിഎസ്) ദുബയില്‍ നിന്നു ദോഹയിലേക്കു മാറ്റി സ്ഥാപിച്ചു. ദോഹയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശിച്ചു. മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂത്തിയാക്കുന്നത് ഉറപ്പുവരുത്തുന്നതിനായാണ് നടപടി. ഉപരോധത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഞ്ചാരം തടസ്സപ്പെട്ടത് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ദോഹ മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഒരു സൈറ്റിലാണ് സെന്റര്‍ സ്ഥാപിച്ചത്. നിര്‍മാണത്തിലിരിക്കുന്ന ഓരോ സ്റ്റേഷനുകള്‍ക്കും ആവശ്യമായ ബിഎസിഎസ് പാനലുകളടങ്ങുന്നതാണ് സിസ്റ്റം. ദോഹയിലേക്കു മാറ്റിസ്ഥാപിച്ചതിനു ശേഷം ഓരോ സ്റ്റേഷനുമായി ബന്ധപ്പെട്ടും പ്രവര്‍ത്തനം ഉറപ്പു വരുത്തിയതായി അധികൃതര്‍ അറിയിച്ചു. അത്യാധുനികവും പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്നതുമായ മെട്രോ സ്റ്റേഷനുകളുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഘടകങ്ങളെ സംയോജിപ്പിച്ച് നിയന്ത്രിക്കുകയും സ്റ്റേഷന്റെ ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് ബിഎസിഎസ്. യാത്രക്കാരുടെ ഉയര്‍ന്ന സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് മെട്രോ മാനേജ്‌മെന്റിനെ സഹായിക്കുന്നതാണ് സിസ്റ്റം. വളരെ പെട്ടെന്ന് എടുത്ത തീരുമാനവും കേന്ദ്രം ദുബയില്‍നിന്നു ദോഹയിലേക്കു മാറ്റുന്നതിന് നേരിട്ട പ്രായോഗിക വെല്ലുവിളിയും മറികടന്നാണ് മെട്രോ സംഘം ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രിക്കൊപ്പം സനദര്‍ശനത്തിനെത്തിയ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു. അപ്രതീക്ഷിതമായ വെല്ലുവിളികളെപ്പോലും  നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു പദ്ധതിയുമായി മുന്നോട്ടു പോകുന്ന  വൈദഗ്ധ്യവും അര്‍പ്പണവുമാണ് മെട്രോ മാനേജ്‌മെന്റ് കാണിക്കുന്നത്. ഓരോരുത്തരും കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രം മാറ്റിസ്ഥാപിക്കുക എന്നത് വെല്ലുവിളികളുള്ള ദൗത്യമായിരുന്നെങ്കില്‍കൂടി തടസ്സങ്ങളൊന്നും നേരിടാതെ തന്നെ അത് പൂര്‍ത്തിയാക്കാനായെന്ന് ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എന്‍ജിനീയര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍സുബാഈ പറഞ്ഞു. സെന്റര്‍ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഓരോ സ്റ്റേഷനുകള്‍ക്കും ആവശ്യമായ പാനലുകളുടെ കൂട്ടിച്ചേര്‍ക്കല്‍ നടന്നു വരുന്നുണ്ട്. മെട്രോയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാകുമെന്നുകൂടിയാണ് ഈ വേഗത തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹ മെട്രോയുടെ ആദ്യ ട്രെയിനുകള്‍ ഈ വര്‍ഷാവസാനത്തോടെ ജപ്പാനില്‍നിന്നു ദോഹയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ നിലവില്‍ വരുന്ന 37 സ്റ്റേഷനുകളില്‍ ദോഹ അല്‍ജദീദ്, അല്‍ഖസ്സാര്‍, എക്കോണമിക് സോണ്‍ എന്നീ പൈലറ്റ് സ്റ്റേഷനുകള്‍ ഡിസംബറോടെ സിവില്‍ ഡിഫന്‍സ് പരിശോധനക്കായി തയാറാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day