|    Jul 16 Mon, 2018 2:34 pm
FLASH NEWS

മെട്രൊ വാര്‍ത്ത ബ്യൂറോ ചീഫ് ടിപി ഷൈജുവിനെ ആക്രമിച്ചവര്‍ക്കെതിരേ കേസ്

Published : 6th September 2017 | Posted By: fsq

 

തൃശൂര്‍: മെട്രൊ വാര്‍ത്ത തൃശൂര്‍ ബ്യൂറോ ചീഫ് ടി പി ഷൈജുവടക്കം മൂന്നു പേരെ ആക്രമിച്ച കേസില്‍ കോടന്നൂര്‍ എളാട്ട് തോപ്പുപറമ്പില്‍ മണി (55), മകന്‍ വിഷ്ണു (28), ആലപ്പാട്ട് പുല്ലേക്കാട്ട് വീട്ടില്‍ സുധീഷ് ( 28) എന്നിവര്‍ക്കെതിരേ ഐപിസി 143,147,341,324,149(എ) വകുപ്പു പ്രകാരം ഈസ്റ്റ് പൊലിസ് കേസെടുത്തു. മറ്റു മൂന്നു പേരെ തെരഞ്ഞുവരുന്നു. സെപ്റ്റംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് കൂര്‍ക്കഞ്ചേരി സണ്‍ സിറ്റി ബില്‍ഡിങ്ങിനു മുന്നില്‍ മെട്രൊ വാര്‍ത്തയുടെ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന്റെ തുടക്കം. കാര്‍ മാറ്റുന്നതിനായി എത്തിയ ഷൈജുവിനോട് സെക്യൂരിറ്റി ജീവനക്കാരനായ മണി അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആയുധമെടുക്കാന്‍ ശ്രമിച്ചതു തടയുന്നതിനിടയില്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ താഴെവീണു കേടു സംഭവിച്ചു. പിന്നീട് താഴത്തെ നിലയിലെ വളക്കടയില്‍നിന്നു കൊടുവാളെടുത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ മെട്രൊ വാര്‍ത്ത ജീവനക്കാരായ രവിയും ഗോകുലും മണിയെ തടഞ്ഞു. ഇവരെയും ആയുധമെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. മുക്കാല്‍ മണിക്കൂറിനകം മണിയുടെ മകന്‍ വിഷ്ണു ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായി മെട്രൊ വാര്‍ത്തയുടെ ഓഫിസിലേക്കു വരികയും വരാന്തയിലുണ്ടായിരുന്ന ഷൈജുവിനെ ആക്രമിക്കുകയുമായിരുന്നു. ആയുധങ്ങളുമായാണ് അക്രമി സംഘമെത്തിയത്. അഞ്ചുവയസുകാരനായ മകനും ഈ സമയം ഷൈജുവിനൊപ്പം ഉണ്ടായിരുന്നു. അക്രമത്തില്‍ ഷൈജുവിന്റെ തലയ്ക്കു പരുക്കേറ്റു. ഷൈജു ചികിത്സയിലാണ്. ഷൈജുവിനെ മര്‍ദിച്ച ശേഷം ഓഫിസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച അക്രമി സംഘത്തെ ജീവനക്കാര്‍ തടയുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss