|    Mar 21 Wed, 2018 6:25 am
FLASH NEWS

മെഗാ പട്ടയമേള അടുത്തമാസം; 7000 പേര്‍ക്ക് പട്ടയം നല്‍കും

Published : 31st January 2016 | Posted By: SMR

കണ്ണൂര്‍: ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ പട്ടയമേളയില്‍ 7000 പട്ടയങ്ങള്‍ നല്‍കാനാവുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വടക്കേക്കളം പട്ടയവും ഇതില്‍ നല്‍കും. വടക്കേക്കളം മിച്ചഭൂമി കൈവശക്കാര്‍ക്ക് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വിചാരണ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി ആരംഭിച്ചതായും കലക്ടര്‍ അറിയിച്ചു.
പരിയാരം പോലിസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് ഭൂമി കൈമാറാന്‍ കണ്ണൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ചൂട്ടാട് ബീച്ചില്‍ 35 അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ചൂട്ടാടും ചെമ്പല്ലിക്കുണ്ടും വൈദ്യുതി കെട്ടിട നമ്പര്‍ അനുമതി ഉടന്‍ ലഭിക്കും. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയില്‍ കോര്‍പറേഷന്‍ മാതൃക കാട്ടണമെന്നും കലക്ടര്‍ പറഞ്ഞു.പെരിങ്ങോം, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികള്‍, കരിവെള്ളൂര്‍ പിഎച്ച്‌സി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ അഭാവം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സി കൃഷ്ണന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. നിലവില്‍ സ്‌പെഷ്യാലിറ്റി 58, അസി. സര്‍ജന്‍ 32, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ 8 എന്നിങ്ങനെ 98 ഒഴിവുകളുണ്ടെന്നും ഇവ നികത്താനുളള ശ്രമത്തിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മറുപടി നല്‍കി.
ഒറ്റ ബസ് മാത്രമുള്ള പ്രദേശങ്ങളില്‍ സര്‍വീസ് മുടങ്ങിയത് കെഎസ്ആര്‍ടിസി പുനസ്ഥാപിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ശാന്തിഗിരി സര്‍വീസ് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്. തലശ്ശേരി-കേളകം സര്‍വീസ് 10 ദിവസമായി നടക്കുന്നില്ല.
തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും അത് ഉടന്‍ അനുവദിക്കുമെന്നും സണ്ണി ജോസഫ് എഎല്‍എ അറിയിച്ചു. അതേസമയം, കണ്ണൂര്‍ മിനി ബൈപാസ് പ്രവൃത്തിയെ ചൊല്ലി ഭിന്നതയുയര്‍ന്നു. പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുന്നതിനാല്‍ തടസ്സമാവുന്ന വൈദ്യുതി തൂണുകള്‍ മാറ്റിക്കൊടുക്കാന്‍ നടപടിയെടുക്കണമെന്ന് എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ടെലഫോണ്‍ പോസ്റ്റുകള്‍ സ്വകാര്യ കേബിളുകാര്‍ ദുരുപയോഗം ചെയ്യുകയാണ്.
കോടതിയുടെയും മൃഗാശുപത്രിയുടെയും മുന്നില്‍ അനധികൃത ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഇവരെ ഒഴിവാക്കരുതെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സ്ഥലം നല്‍കാനാവുമോയെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
മൃഗാശുപത്രിയുടെ മതില്‍ പൊളിച്ചതും മരങ്ങള്‍ നശിപ്പിച്ചതും ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെയല്ലെന്നായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണം.
ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ 31 ഒഴിവുകളില്‍ ജോലി ക്രമീകരണത്തിന്റെ ഭാഗമായി 10 പേരെയും ആര്‍എസ്ബിവൈ പദ്ധതിയില്‍ 5 പേരെയും ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മറുപടി നല്‍കി. ഫെബ്രുവരി 29നു മുമ്പ് പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
പ്ലാന്‍ഫണ്ടില്‍ ജില്ല 76 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല അറിയിച്ചു. യോഗത്തില്‍ എംഎല്‍എ മാരായ എ പി അബ്ദുല്ലക്കുട്ടി, സണ്ണി ജോസഫ്, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ മുഹമ്മദ് അസ്‌ലം, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss