|    Oct 19 Fri, 2018 4:26 am
FLASH NEWS
Home   >  Editpage  >  Readers edit  >  

മെഗാ കുടുംബസംഗമ മാഹാത്മ്യം

Published : 14th August 2016 | Posted By: SMR

slug-enikku-thonnunnathuമുസ്തഫ, കൊണ്ടോട്ടി

ചെമ്മീനിന്റെ നിര്‍മാതാവായ ബാബുസേട്ട് തന്റെ ഭാര്യ മരിച്ചപ്പോള്‍ പത്രങ്ങളില്‍ ഇങ്ങനെ ഒരു പരസ്യം നല്‍കിയത്രെ- മരണമന്വേഷിച്ച് തന്റെ വീട്ടില്‍ ആരും വന്നില്ലെന്നും താനിപ്പോള്‍ ദരിദ്രനാണെന്നുമായിരുന്നു പരസ്യം. അഞ്ചുലക്ഷം രൂപയായിരുന്നു പരസ്യത്തിന്റെ ചെലവ്. ചെമ്മീന്‍ എന്ന സിനിമയിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച ബാബുസേട്ട്, പില്‍ക്കാല കലാകേരളം തന്നോടു കാണിച്ച അവഗണനയ്‌ക്കെതിരേ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരംകൂടിയായിരിക്കണം ഒരുപക്ഷേ ഈ പരസ്യം. ബാബുസേട്ടിന് താന്‍ ദരിദ്രനാണെന്നു തെളിയിക്കാന്‍ അഞ്ചുലക്ഷം രൂപ ചെലവായെങ്കില്‍ ഒരാള്‍ക്ക് താന്‍ പണക്കാരനാണെന്നു തെളിയിക്കാന്‍ എത്ര ലക്ഷം ചെലവാകും. ഒരു കുടുംബം മുഴുവന്‍ പണക്കാരാണെന്നു തെളിയിക്കാനോ?
തങ്ങള്‍ പണക്കാരാണെന്ന് ഇന്നു പലരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഇടമാണ് കുടുംബസംഗമങ്ങള്‍. തങ്ങളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും വികാസം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനുള്ള മാര്‍ഗമായി കുടുംബസംഗമങ്ങള്‍ മാറിക്കഴിഞ്ഞു. ഈയിടെയായി എങ്ങും സംഗമങ്ങളുടെ ഫഌക്‌സുകളും പോസ്റ്ററുകളുമാണ്. ബാനറുകളും ഭിത്തിയിലെഴുത്തുമാണ്. നോട്ടീസ് വിതരണവും നിര്‍ബന്ധപിരിവുമാണ്.
ഒരു പണിയുമില്ലാതിരിക്കുമ്പോഴാണ് അമ്മാവന്‍ മരിച്ചത്. അതോടെ പന്തലിടലായി, വിവരമറിയിക്കലായി, മുറുക്കാനും നാരങ്ങാവെള്ളം കൊടുപ്പുമായി, മൂന്നിന് ആളെ ക്ഷണിക്കലായി, അങ്ങനെ ആകെ തിരക്കായി എന്ന് പണ്ടാരോ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. കുടുംബസംഗമങ്ങള്‍ വന്നതോടെ എല്ലാവര്‍ക്കും തിരക്കായി. കല്യാണമണ്ഡപങ്ങളില്‍ കല്യാണങ്ങളേക്കാള്‍ കുടുംബസംഗമങ്ങളാണു നടക്കുന്നത്. സിനിമാനടന്മാര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നാട്ടില്‍ ഒരല്‍പം പേരുള്ളവര്‍ക്കൊക്കെ തിരക്കാണ്. ഇവരൊക്കെ കുടുംബസംഗമത്തിലെ ക്ഷണിതാക്കളാണ്. മോട്ടിവേഷന്‍ ക്ലാസുകാരും മനശ്ശാസ്ത്ര കൗണ്‍സലര്‍മാരും അവസരം മുതലാക്കി മുന്‍നിരയില്‍ തന്നെയുണ്ട്. മലപ്പുറത്ത് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം വരെ വന്നു ഒരു കുടുംബസംഗമത്തിന്. ഒരു കുടുംബസംഗമത്തിന് എംഎല്‍എയാണു വന്നതെങ്കില്‍ മറ്റേ കുടുംബസംഗമക്കാര്‍ മന്ത്രിയെ കൊണ്ടുവരും. കുടുംബത്തിന്റെ പകിട്ടും പെരുമയും കുറയരുതല്ലോ.
എല്ലാ കുടുംബസംഗമത്തിന്റെയും തുടക്കം മിക്കവാറും ഒരു മതപ്രഭാഷണത്തോടെയായിരിക്കും. കുടുംബബന്ധങ്ങളുടെ പവിത്രതയും പ്രാധാന്യവും അദ്ദേഹം ഓര്‍മിപ്പിക്കും. രാജ്യത്ത് നടക്കുന്ന അധാര്‍മിക പ്രവണതകളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അദ്ദേഹം അക്കമിട്ടു പറയും. പ്രാര്‍ഥനയ്ക്കുശേഷം പറഞ്ഞുറപ്പിച്ച പണവും വാങ്ങി പ്രഭാഷകന്‍ വിടവാങ്ങും. ഉദ്ഘാടകനും മുഖ്യാതിഥിയും പിന്നെ മുഖംകാണിക്കും. മുഖ്യസംഘാടകര്‍ മാറിമാറി മുഖം കാണിച്ച് കസറും. തുടര്‍ന്ന് കലാപരിപാടികളാണ്. ഇതാണ് കുടുംബസംഗമത്തിന്റെ മുഖ്യ ഇനം. ഈ കലാപരിപാടികളുടെ വിജയമാണ് കുടുംബസംഗമത്തിന്റെ വിജയം. കലാപരിപാടികള്‍ തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തിച്ചേര്‍ന്നിരിക്കും. പിന്നെ ആകെ ബഹളമാണ്. പാടാത്തവന്‍ പാടും ആടാത്തവനെക്കൊണ്ട് ആടിപ്പിക്കും. മൂക്കുകയര്‍ കൈവശം വയ്‌ക്കേണ്ട മുതിര്‍ന്നവര്‍ തന്നെ മൂക്കുകുത്തി വീഴും.
”മറ്റൊരു ജോലിയും കണ്ടതില്ലന്നു ഞാന്‍
മുറ്റത്തെപ്പുല്‍ പറിക്കാനിരുന്നു”’എന്ന് കവി പറഞ്ഞപോലെ വേറൊരു പണിയും ചെയ്യാനില്ലാഞ്ഞിട്ടാണോ ആവോ? കുടുംബസംഗമങ്ങളുടെ മറ്റൊരു മുഖ്യ ജോലി ചരിത്രാന്വേഷണമാണ്. അന്വേഷണം പരശുരാമനോളം നീളും. കോവിലകങ്ങളിലെ ഖജനാവുസൂക്ഷിപ്പുകാരായിരുന്നുവെന്ന് കുറിപ്പടികള്‍ നോക്കി കണ്ടെത്തും. മഹാന്മാരായ മുഗളരുടെ മേസ്തിരിപ്പണിക്കാരായിരുന്നുവെന്ന് തെളിയിക്കും. ബ്രിട്ടിഷുകാരുമായി ബഹുതലങ്ങളില്‍ ബന്ധമുണ്ടായിരുന്നുവെന്ന് സമര്‍ഥിക്കും. സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss