|    Jul 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോ ഭൂചലനം : രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

Published : 22nd September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ ഭൂചലനത്തില്‍പെട്ടവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 50ഓളം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്്് കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ 32 വര്‍ഷത്തിനിടെ മെക്‌സിക്കോയെ ബാധിച്ച ഏറ്റവും വലിയ ഭൂചലനമാണിത്. മെക്‌സിക്കോ സിറ്റിയില്‍നിന്നു നൂറു കിലോമീറ്ററോളം അകലെ പ്യുബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്റ്റര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 240ഓളം പേര്‍ മരിച്ചു. 1900ഓളം പേര്‍ക്ക്്് പരിക്കേറ്റു. ഡസന്‍കണക്കിനു കെട്ടിടങ്ങള്‍ നിലംപതിച്ചു. ചില കെട്ടിടങ്ങളില്‍ തീപ്പിടിത്തവും വാതകച്ചോര്‍ച്ചയും ഉണ്ടായത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയില്‍ 27 കെട്ടിടങ്ങള്‍ തകര്‍ന്നു. മെക്‌സിക്കോ സിറ്റിക്കു സമീപം എന്റിക് റെബ്‌സാമെന്‍ പ്രൈമറി സ്‌കൂളിന്റെ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു 32 കുട്ടികളും അഞ്ചു മുതിര്‍ന്നവരും കൊല്ലപ്പെട്ടിരുന്നു. സ്‌കൂള്‍ തകര്‍ന്ന്്് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ട 12കാരിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. കുട്ടിയുമായി ആശയവിനിമയം സ്ഥാപിക്കാന്‍ സാധിച്ചു. 11 കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. മൂന്നുനില കെട്ടിടം ഓരോ നിലയായി മേല്‍ക്കുമേല്‍ തകര്‍ന്നുവീഴുകയായിരുന്നു. മെക്‌സിക്കോ സിറ്റിക്കു പുറമെ പ്യുബ്ല, മോറിലോസ്, മെക്‌സിക്കോ സ്‌റ്റേറ്റായ ഗ്വെറേര എന്നീ പ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചതായി മെക്‌സിക്കോ ആഭ്യന്തരമന്ത്രി അറിയിച്ചു. ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത് മോറിലോ—സിലാണ്. 64 പേരാണ് ഇവിടെ മാത്രം മരിച്ചത്. 38 ലക്ഷം ഉപഭോക്താക്കള്‍ക്കു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഭൂചലനം തുടര്‍ക്കഥയായ മെക്‌സിക്കോയില്‍ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss