|    Oct 20 Sat, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം : 248 മരണം

Published : 21st September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച വന്‍ ഭൂചലനത്തില്‍ 248 മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഡസന്‍കണക്കിനു കെട്ടിടങ്ങള്‍ നിലംപതിച്ചു. ചില കെട്ടിടങ്ങളില്‍ തീപ്പിടിത്തവും വാതകച്ചോര്‍ച്ചയും ഉണ്ടായത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മെക്‌സിക്കോ സിറ്റിയില്‍ നിന്നു നൂറു കിലോമീറ്ററോളം അകലെ പ്യുബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം തുടര്‍ക്കഥയായ ഇവിടെ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ 27 കെട്ടിടങ്ങള്‍ തകര്‍ന്നു. മെക്‌സിക്കോ സിറ്റിയുടെ ദക്ഷിണ ഭാഗത്തുള്ള എന്റിക് റെബ്‌സാമെന്‍ പ്രൈമറി സ്‌കൂളിന്റെ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു 32 കുട്ടികളും അഞ്ചു മുതിര്‍ന്നവരും കൊല്ലപ്പെട്ടതായി ഈഫ് ന്യൂസ് എജന്‍സി റിപോര്‍ട്ട് ചെയ്തു. മൂന്നുനില കെട്ടിടം ഓരോ നിലയായി മേല്‍ക്കുമേല്‍ തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 11 കുട്ടികളെ രക്ഷപ്പെടുത്തി. പ്രസിഡന്റ് എന്റിഖ് പെന്ന നെയ്‌റ്റോ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. മെക്‌സിക്കോ നഗരത്തിനു പുറമേ പ്യുബ്ല, മോറിലോസ്, മെക്‌സിക്കോ സ്‌റ്റേറ്റായ ഗ്വെറേര എന്നീ പ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രാദേശിക സമയം 2.15നാണ് ഭൂചലനം ഉണ്ടായത്. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍ നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആയിരക്കണക്കിനു പേര്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ചു തെരുവിലേക്ക് ഓടിയിറങ്ങി. 1985ല്‍ മെക്‌സിക്കോയില്‍ ഏറ്റവുമധികം നാശനഷ്ടം വിതച്ച ഭൂചലനത്തിന്റെ വാര്‍ഷികത്തിലാണ് ലോകത്തെ നടുക്കിയ മറ്റൊരു ഭൂചലനത്തിനുകൂടി രാജ്യം സാക്ഷ്യം വഹിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മെക്‌സിക്കോ സിറ്റിയിലെ വിമാനത്താവളം അടച്ചിട്ടെങ്കിലും വൈകീട്ടോടെ തുറന്നു. സ്‌കൂളുകളെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടു. ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത് മോറെലോസിലാണ്. 64 പേരാണ് ഇവിടെ മാത്രം മരിച്ചത്. 38 ലക്ഷം ഉപഭോക്താക്കള്‍ക്കു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രികളില്‍ നിന്നു രോഗികളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss