|    Oct 23 Tue, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; 33 മരണം

Published : 9th September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായതെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിഖ് പെനാ നീറ്റോ വിശേഷിപ്പിച്ച ഭൂചലനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. റിക്റ്റര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനം മെക്‌സിക്കോയുടെ തെക്കന്‍ തീരത്താണ് നാശം വിതച്ചത്. ഒവാക്‌സാക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം കടുത്ത നാശനഷ്ടമുണ്ടാക്കിയത്. പിജിയാപന്‍ നഗരത്തിന് 123 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റിക്റ്റര്‍ സ്‌കെയിലില്‍ 8.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും അറിയിച്ചു.  മെക്‌സിക്കന്‍ തീരത്ത് മൂന്നു മീറ്റര്‍ ഉയരത്തില്‍ ശക്തമായ സുനാമിത്തിരകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, കോസ്റ്ററിക്ക, പാനമ, ഹോണ്ടുറാസ്, ഇക്വഡോര്‍ തീരങ്ങളിലാണ് സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. മെക്‌സിക്കോയില്‍ അനുഭവപ്പെട്ടത് ശക്തമായ ചലനമാണെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ ജിയോഫിസിസ്റ്റ് റാന്‍ഡി ബാല്‍ഡ്‌വിനെ ഉദ്ധരിച്ച് സിഎന്‍ബിസി റിപോര്‍ട്ട് ചെയ്തു.ഒമ്പതു കോടി ജനങ്ങള്‍ താമസിക്കുന്ന ഗ്വാട്ടിമാല, ബെലൈസ് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. ചലനത്തിന്റെ പ്രകമ്പനം ടെക്‌സാസിലെ ഓസ്റ്റിന്‍ വരെ അനുഭവപ്പെട്ടു. ആളുകള്‍ താമസസ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി. കെട്ടിടങ്ങള്‍ കുലുങ്ങി. പ്രഭവകേന്ദ്രത്തില്‍ നിന്ന് ആയിരം കിമീ അകലെ വരെ ഭൂചലനം അനുഭവപ്പെട്ടു.1985ല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിനുശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും തീവ്രതയേറിയ ഭൂചലനമാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss