|    Nov 19 Mon, 2018 12:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി അയക്കുമെന്ന് ട്രംപ്‌

Published : 3rd November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി ഉടന്‍ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെക്കന്‍ അതിര്‍ത്തിയില്‍ 7000 പട്ടാളക്കാരെ സജീവമായി പ്രവര്‍ത്തിക്കാന്‍ സജ്ജരായും 2000 പേരെ അടിയന്തര സാഹചര്യങ്ങളിലേക്കു വേണ്ടിയും വിന്യസിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
രാജ്യത്ത് ജനിക്കുന്ന കുടിയേറ്റക്കാരുടെയും വിദേശികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം നിഷേധിക്കുന്ന ഉത്തരവ് തന്റെ ഓഫിസ് തയ്യാറാക്കി വരികയാണെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ പ്രഖ്യാപനം. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തില്‍ ആയിരക്കണക്കിനാളുകളടങ്ങിയ കുടിയേറ്റക്കാരുടെ സംഘങ്ങള്‍ അമേരിക്കയിലേക്ക് കടക്കാന്‍ കഴിയാതെ മെക്‌സിക്കോയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പാണ് അതിര്‍ത്തിയിലേക്ക് 5,200 സൈനികരെ അയക്കുമെന്ന് പെന്റഗണ്‍ പ്രഖ്യാപിച്ചത്. കുടിയേറ്റ സംഘങ്ങളുടെ എണ്ണം കൂടുന്നതു സംബന്ധിച്ച റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം അമേരിക്ക കൈക്കൊണ്ടത്. രാജ്യത്തിനകത്തേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ അതിവേഗം ഇവിടെയെത്തുമെന്നും അത് തടയുന്നതിനായി രാജ്യം തയ്യാറെടുക്കാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരുടെ സംഘം ആയിരത്തോളം കിലോമീറ്റര്‍ അകലെയാണുള്ളതെന്നും അവര്‍ യുഎസ് അതിര്‍ത്തിയിലെത്താന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ പുതിയ നീക്കത്തെ വിമര്‍ശിച്ച് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇല്ലാത്ത പ്രതിസന്ധി ഉന്നയിക്കുന്ന ട്രംപ് ഒരു വംശീയ പദ്ധതി തയ്യാറാക്കുകയാണെന്നും സര്‍ക്കാരിന്റെ പണം ഉത്തരവാദിത്തമില്ലാതെ ചെലവാക്കാന്‍ പോവുകയാണെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ബോര്‍ഡര്‍ റൈറ്റ്‌സ് സെന്റര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss