|    Nov 19 Mon, 2018 2:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മൃദുഹിന്ദുത്വവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ അവസാന പട്ടികയും കോണ്‍ഗ്രസ് പുറത്തിറക്കിയതോടെ മുഖ്യമന്ത്രിയാവാന്‍ സാധ്യത കല്‍പിച്ചിരുന്ന കമല്‍നാഥ്, ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മല്‍സരിക്കില്ലെന്ന് ഉറപ്പായി.
അതേസമയം, മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന അരുണ്‍ യാദവ്, മുഖ്യമന്ത്രി ശിവരാജ്‌സിങ് ചവാനെതിരേ ബുധ്‌നി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ഇതോടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും അരുണ്‍ യാദവ് വിജയിക്കുകയും ചെയ്താല്‍ ഇദ്ദേഹം മുഖ്യമന്ത്രിയാവാനാണു സാധ്യത. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 229 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ശേഷിക്കുന്ന ഏക മണ്ഡലമായ ജതാര യുപിഎ ഘടകകക്ഷിയായ ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദളിനു നല്‍കി. അതേസമയം, ബിജെപിയുടെ ഹിന്ദുത്വവര്‍ഗീയതയെ മൃദുഹിന്ദുത്വ നിലപാടുകൊണ്ട് നേരിടുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയത്.
പശുവിന്റെ മൂത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് പശുത്തൊഴുത്തുകള്‍ നിര്‍മിക്കും, ഗോവധ നിയമത്തില്‍ ഭേദഗതി വരുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. നര്‍മദാ നദി വലംവയ്ക്കുന്നതിനുള്ള (നര്‍മദ പരികര്‍മ) പാതയുടെ വികസനത്തിന് മാതാ നര്‍മദ ന്യായ് എന്ന പേരില്‍ നിയമനിര്‍മാണം നടത്തും. സംസ്‌കൃതഭാഷയെ പ്രോല്‍സാഹിപ്പിക്കും. രാം വന്‍ ഗമന്‍ പാത വികസിപ്പിക്കും, എല്ലാ പഞ്ചായത്തുകളിലും പശുത്തൊഴുത്തുകള്‍ നിര്‍മിക്കും, അപകടം പറ്റിയ പശുക്കളെ ചികില്‍സിക്കുന്നതിനും ചത്ത പശുക്കളെ സംസ്‌കരിക്കുന്നതിനും പ്രധാന പാതയോരങ്ങളില്‍ സൗകര്യമൊരുക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. കൂടാതെ പാലിന് അഞ്ചുരൂപ ബോണസ്, ആത്മീയതയ്ക്ക് മാത്രമായി പ്രത്യേക വകുപ്പ്, പെണ്‍കുട്ടികള്‍ക്ക് പിഎച്ച്ഡി തലം വരെ സൗജന്യ വിദ്യാഭ്യാസം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ കണ്ടെത്താന്‍ പുതിയ സര്‍വേ, വിധാന്‍ പരിഷത്ത് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങളും 112 പേജുള്ള പ്രകടനപത്രികയില്‍ പറയുന്നു.
രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. നെല്ല്, സോയാബീന്‍, ചെറുപയര്‍, ഉള്ളി, കരിമ്പ് എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ബോണസ് നല്‍കും, കര്‍ഷകരുടെ വൈദ്യുതി കുടിശ്ശിക പകുതിയാക്കി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss