|    Dec 11 Tue, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൃതദേഹത്തില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നു

Published : 29th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പാര്‍ക്കിങ് തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍. യുവാവിന്റെ ആമാശയത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെങ്കിലും മൃതദേഹത്തില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
പരിക്കേറ്റ സനല്‍ കുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പായി മദ്യം നല്‍കി കേസ് വഴിതിരി—ക്കാന്‍ പോലിസ് ശ്രമിച്ചതായ ആരോപണങ്ങള്‍ക്ക് ബലംപകരുന്നതാണു റിപോര്‍ട്ടിലെ കണ്ടെത്തല്‍. തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറ്റിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുള്ളില്‍ ആന്തരികാവയവങ്ങള്‍ക്കു പുറത്തുള്ള ഭാഗത്ത് മദ്യത്തിനു സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണു റിപോര്‍ട്ടിലെ കണ്ടെത്തല്‍.
എന്നാല്‍ അമാശയത്തില്‍ മദ്യത്തിന്റ അംശമില്ല. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റെയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ.
കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ സനല്‍ കൊല്ലപ്പെട്ടത്. വഴക്കിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനലിനെ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന സനലിന്റെ വായില്‍ പോലിസുകാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മദ്യം ഒഴിച്ചുകൊടുത്തെന്നു പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss