|    Sep 20 Thu, 2018 3:55 am
FLASH NEWS

മൃതദേഹം സംസ്‌കരിക്കാന്‍ വാഹനം ഓടിയതു പത്ത് കിലോമീറ്ററിലധികം

Published : 10th February 2018 | Posted By: kasim kzm

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ വാഹനം ഓടിയത് പത്ത്് കിലോമീറ്ററിലധികം. വാളാര്‍ഡി-ഓടമേട് റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാലാണ് മൃതദേഹവുമായി പത്തു കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിച്ച് സെമിത്തേരിയില്‍ എത്തിച്ചത്. വാളാര്‍ഡി-പുതുവേല്‍ ഭാഗത്ത് മുട്ടത്ത് കുന്നേല്‍ വീട്ടില്‍ മറിയക്കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കാണ് ഇത്രയധികം സഞ്ചരിക്കേണ്ടി വന്നത്. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ വാളാര്‍ഡി പുതുവേലില്‍ നിന്നും ഓടമേട്  ചെളിമട വഴി ചുറ്റിയാണ് വാളാര്‍ഡി ഹോളിക്രോസ് പള്ളിയില്‍ എത്തിച്ചത്. വളാര്‍ഡി പുതുവേല്‍ ഫാക്ടറി ഭാഗം മുതല്‍ അഞ്ചു കിലോമിറ്റര്‍ റോഡാണ് റ്റാറിംങ് ഇളകി റോഡ് കുണ്ടും കഴിയുമായാണ് കിടക്കുന്നത്. റോഡ് ടാറിംഗ് ഇളകി സഞ്ചാര യോഗ്യമല്ലാതായിട്ട് അഞ്ചു വര്‍ഷത്തിനു മുകളിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റോഡിന് തുക അനുവദിച്ചതായി ഇരു മുന്നണികളും പ്രചാരണം നടത്തിയിരുന്നുവെങ്കിലും ഇതിനു ഫലമുണ്ടായില്ല. 2008ലാണ് ഈ റോഡ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിനു വിട്ടു നല്‍കിയത്. ടാറിംഗ് നടത്തി കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് റോഡ് പഞ്ചായത്ത് ഏറ്റെടുത്തത്. വാളാര്‍ഡിപുതുവേല്‍, ഒന്‍പത് ഷെഡ്, വാഗമാറ്റം, വട്ടപ്പാറ, ഓടമേട്, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ പെരിയാര്‍ ടൗണുമായി ബന്ധിപ്പിക്കുന്ന  പ്രധാന പാതയാണ് ഇത്. പെരിയാര്‍ ടൗണില്‍ നിന്നും കുറഞ്ഞ ദൂരത്തില്‍ ആനവിലാസം വഴി ജില്ലാ ആസ്ഥാനത്തേക്ക് പോകാനും കഴിയുന്ന റോഡാണിത്. ഒരു വര്‍ഷത്തിലധികമായി വാഹനങ്ങള്‍ ഒന്നും തന്നെ ഈ വഴിയില്‍ ഓട്ടം പോകാറില്ലെന്നാണ് പ്രദേശത്തെ െ്രെഡവര്‍മാര്‍ പറയുന്നത്. ഈ വഴി പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുന്നതിനാലാണ് വാടക വാഹനങ്ങള്‍ പോലും പോകാന്‍ തയാറാവാത്തത്. പ്രദേശത്തെ ഏതാനും ഓട്ടോറിക്ഷകള്‍ മാത്രമാണ് ഇതുവഴി പോകാറുള്ളുവെങ്കിലും അധിക ചാര്‍ജ് നല്‍കിയാണ് പോകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് കല്ലിട്ട് നികത്തിയെങ്കിലും ഫലപ്രധമായില്ല. ഇത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലുകള്‍ മഴയില്‍ ഇളകി മാറി.മാസങ്ങള്‍ക്ക് മുമ്പ് റോഡ് നന്നാക്കണമെന്നവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ നാട്ടുകാര്‍ ധര്‍ണ്ണ നടത്തിയിരുന്നു. നാട്ടുകാര്‍ സമരം നടത്തിയെങ്കിലും റോഡ് പണി ഇതുവരെ തുടങ്ങിയിട്ടില്ല. ധര്‍ണ സമരത്തിന് മുന്‍പ് റോഡ് പണിയുവാന്‍ 16 കോടി രൂപ അനുവദിച്ചുവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചിരുന്നു. കുമളി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് ഗതാഗ യോഗ്യമല്ലാത്തതിനാല്‍ രാത്രി കാലത്ത് പ്രായമായവരും രോഗികളെയും വളരെയേറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത് പോലും. ഈ പ്രദേശത്ത് ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ രോഗികളെ ടൗണിലെ ആശുപത്രികളില്‍ എത്തിക്കുവാന്‍ വാഹനങ്ങള്‍  എത്താന്‍ വൈകുകയും ചെയ്യുന്നതായാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ മാസം കുടിയ പീരുമേട് താലൂക്ക് വികസന സമിതിയില്‍ വാളാര്‍ഡിഓടമേട് റോഡ് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം പിയോട് ആവശ്യപ്പെടണമെന്ന് സമിതി അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു.റോഡിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിച്ച് എത്രയും വേഗം യാത്ര യോഗ്യമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss