|    Dec 17 Sun, 2017 12:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൃതദേഹം ചവിട്ടിയൊടിച്ച് യാത്ര; ഒഡീഷയില്‍ വീണ്ടും ക്രൂരത

Published : 27th August 2016 | Posted By: SMR

ബാലസോര്‍: ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി 10 കിലോമീറ്റര്‍ നടന്ന യുവാവിന്റെയും മകളുടെയും ദൃശ്യം രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ചതിനു പിന്നാലെ ഒഡീഷയില്‍നിന്നു കരളുരുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ വൃദ്ധയുടെ മൃതദേഹം ഇടുപ്പെല്ല് ചവിട്ടിയൊടിച്ച് പഴയ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞുകെട്ടി മുളങ്കമ്പില്‍ തൂക്കി തെരുവിലൂടെ നീങ്ങുന്ന ആശുപത്രി ശുചീകരണത്തൊഴിലാളികളുടെ ദൃശ്യങ്ങളാണ് പുതിയതായി പുറത്തുവന്നത്.
ഒഡീഷയിലെ പിന്നാക്ക ജില്ലയായ ബാലസോറിലാണു സംഭവം. മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മരവിച്ച മൃതദേഹത്തിന്റെ ഇടുപ്പെല്ല് ചവിട്ടിയൊടിച്ച് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തീവണ്ടി തട്ടി മരിച്ച സോറോയിലെ 76കാരി സാല്‍മണി ബെഹ്‌റയുടെ മൃതദേഹത്തോടാണ് ഇത്തരത്തില്‍ അനാദരവു കാട്ടിയത്.
തീവണ്ടി തട്ടി മരിച്ച ബെഹ്‌റയുടെ മൃതദേഹം വഴിയാത്രക്കാ ര്‍ ബുധനാഴ്ച രാവിലെ സോറോയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് റെയില്‍വേ പോലിസില്‍ അറിയിച്ചരുന്നു. എന്നാല്‍, 30 കിലോമീറ്റര്‍ അകലെയുള്ള ബാലസോര്‍ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മൃതദേഹം ഇങ്ങോട്ടു മാറ്റുന്നതിന് ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ സമീപിച്ചെങ്കിലും കൂലിയായി വന്‍ തുക ആവശ്യപ്പെട്ടതോടെ മൃതദേഹം ട്രെയിനില്‍ ബാലസോറില്‍ എത്തിക്കാന്‍ പോലിസുകാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സിഎച്ച്‌സിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനില്‍ മൃതദേഹം എത്തിക്കാന്‍ ശുചീകരണത്തൊഴിലാളികളെ സമീപിക്കാന്‍ പോലിസ് നിര്‍ബന്ധിതരായി. മരിച്ച് ഏറെ സമയം കഴിഞ്ഞതിനാല്‍ മരവിച്ചനിലയിലായ മൃതദേഹത്തിന്റെ എല്ലുകള്‍ ഒടിച്ചാണ് ആശുപത്രി അധികൃതര്‍ വലിയ പ്ലാസ്റ്റിക് ചാക്കിലാക്കിയത്. തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് മൃതദേഹം മുളവടിയില്‍ തൂക്കി റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു.
മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവു കാണിച്ചത് ശ്രദ്ധയില്‍പെട്ട സാല്‍മണി ബെഹ്‌റയുടെ മകന്‍ രബീന്ദ്ര ബാരിക്ക് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രബീന്ദ്ര ബാരിക്കിന്റെ പരാതിയില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍ ബാലേസാര്‍ റെയില്‍വേ പോലിസിനോട് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss