|    Jul 22 Sun, 2018 2:34 pm
FLASH NEWS

മൃഗാശുപത്രികളില്‍മരുന്നു വിതരണത്തിലെ അപാകത; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

Published : 27th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: മൃഗാശുപത്രികളില്‍ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്ന മരുന്നിന്റെ അളവില്‍ ഗണ്യമായ കുറവു വരുത്തിയതോടെ നാല്‍ക്കാലികളുമായെത്തുന്ന കര്‍ഷകര്‍ ദുരിതത്തിലായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 40 ശതമാനത്തിലേറെയാണ് മരന്നു വിതരണത്തില്‍ കുറവുവരുത്തിയിരിക്കുന്നതെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. കറവമാടുകളെ പിന്തുടരുന്ന അകിടു വീക്കം, വന്ധ്യത, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഇന്‍ജക്ഷനാവശ്യമായ ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വന്‍വിലയ്ക്കു പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. മനുഷ്യരെ അപേക്ഷിച്ച് വലിയ അളവില്‍ മൃഗങ്ങള്‍ക്ക് മരുന്നു നല്‍കേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചെലവാക്കേണ്ടി വരുന്നത്. ശരാശരി 600 മുതല്‍ 1,000 രൂപ വരെയെങ്കിലും ഇങ്ങനെ ദിവസേന കര്‍ഷകര്‍ക്ക് അധികമായി വേണ്ടിവരുന്നു. ആശുപത്രികളിലെ മരുന്നിന്റെ ദൗര്‍ലഭ്യം മുതലെടുത്ത് ആന്റി ബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫോര്‍മേറ്ററി, ഗ്ലൂക്കോസ്, ഓയില്‍മെന്റുകള്‍, ഗുളികകള്‍ തുടങ്ങിയവയ്ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ വലിയ വിലയാണ ഈടാക്കുന്നത്.അകിടുവീക്കം പോലുള്ള രോഗങ്ങള്‍ക്ക് ചുരുങ്ങിയത്് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയെങ്കിലും ചികില്‍സിക്കേണ്ടിവരും. വന്ധ്യതാ ചികില്‍സയ്ക്കും കൈകാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പാവുന്ന അവസ്ഥയിലും കൂടുതല്‍ ദിവസം ചികില്‍സ ആവശ്യമായിവരുമ്പോഴാണ് ക്ഷീര കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. സെന്‍ട്രലൈസ്ഡ് പര്‍ച്ചേസിങ് സിസ്റ്റമാണ് മൃഗസംരക്ഷണവകുപ്പ് പിന്തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കേണ്ടതിനാല്‍ മരുന്നുകളുടെ ഗുണമേന്‍മയിലും കരാറെടുക്കുന്നവര്‍ ശ്രദ്ധിക്കാറില്ല. സെന്‍ട്രല്‍ പര്‍ച്ചേസിങ് സിസ്റ്റം മാറ്റി ആശുപത്രികള്‍ക്ക് ആവശ്യമുള്ള മരുന്നുകളെത്തിക്കേണ്ട നടപടിയാണ് വേണ്ടതെന്നു ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ചെറിയതുക പ്രീമിയമായി സ്വീകരിച്ച്് ചികില്‍സയ്ക്കായി മുടക്കുന്ന തുകയെങ്കിലും കര്‍ഷകര്‍ക്ക് മടക്കിനല്‍കാനുള്ള നടപടി സ്വീകരിച്ചാല്‍ ആശ്വാസമാവുമെന്നാണ് ക്ഷീരകര്‍ഷകരുടെ അഭിപ്രായം. സാമ്പത്തികസ്ഥിതി ദുര്‍ബലമായികൊണ്ടിരിക്കുന്നതിനാല്‍ ഈ മേഖലയില്‍നിന്ന് പലരും പിന്‍വലിയുന്നതായും കര്‍ഷകര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss