|    Jan 20 Fri, 2017 3:29 pm
FLASH NEWS

മൃഗശല്യം പേടിച്ച് കൃഷിചെയ്യാന്‍ മടിക്കേണ്ട; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..

Published : 20th September 2016 | Posted By: frfrlnz

wild-boar
കേരളത്തിലെ കര്‍ഷകരുടെ പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് വന്യമൃഗശല്യം. ആന മുതല്‍ കാട്ടുപന്നി വരെയുള്ള മൃഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന നാശനഷ്ടം ചെറുതല്ല. കാട്ടുപന്നിയും മുള്ളന്‍പന്നിയും കുരങ്ങനുമൊക്കെ ഇപ്പോള്‍ കാടുകളിലും വനത്തോടുചേര്‍ന്ന പ്രദേശങ്ങളിലും മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും കര്‍ഷകരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെ എലിയും തുരപ്പനും ഉടുമ്പും കീരിയുമൊക്കെയുണ്ടാക്കുന്ന നാശനഷ്ടങ്ങളും ചെറുതല്ല. ഇവയെയെല്ലാം പേടിച്ച് കൃഷിയിറക്കാന്‍ പോലും പലയിടത്തും ആളുകള്‍ മടിക്കുന്നതും പുതിയ വാര്‍ത്തയല്ല. ഏക്കറുകണക്കിന് സ്ഥലമുണ്ടായിട്ടും കാശിറക്കി കൃഷിചെയ്താല്‍ മൃഗങ്ങള്‍ നശിപ്പിച്ചാല്‍ എന്തുചെയ്യും എന്നാണ് പലരുടെയും ചോദ്യം.
എന്നാല്‍ വന്യമൃഗശല്യത്തെ ഒരു പരിധിവരെ പേടിക്കാതെ കൃഷി ചെയ്യുന്ന ചില വിളകളുണ്ട്. അവയെ പരിചയപ്പെടാം.
ഓരോ സ്ഥലത്തും എതെല്ലാം വിളകളാണ് യോജിച്ചതെന്ന് പ്രാദേശിക പ്രത്യേകതകളും ഏതു തരം മൃഗങ്ങളാണ് ശല്യമുണ്ടാക്കുന്നതെന്നും അനുസരിച്ചിരിക്കും.

പഴവര്‍ഗങ്ങളും അടയ്ക്കയുമൊക്കെ വവ്വാലുകള്‍ കൊണ്ടു പോകുന്നിടത്ത് കുരുമുളക് ചിലപ്പോള്‍ കൃഷി ചെയ്യാനാവും. അതു പോലെത്തന്നെ കാട്ടുപന്നിയുടെയും എലിയുടെയും മുള്ളന്‍ പന്നിയുടെയുമൊക്കെ ആക്രമണമുള്ളിടത്ത് സാധാരണ കിഴങ്ങുവര്‍ഗങ്ങളും പറ്റില്ല. ആനയുടെയടുത്ത് ഈപ്പറഞ്ഞതൊന്നും രക്ഷയില്ല എന്നതാണ് വാസ്തവം.

ചെറിയ മൃഗങ്ങള്‍ ശല്യമുണ്ടാക്കുന്നിടത്ത് ഔഷധസസ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. വീര്യമുള്ള ഔഷധങ്ങള്‍ ചെറു മൃഗങ്ങളെ ഒരു പരിധി വരെ അകറ്റി നിറുത്തും.
അത്തരം ചില ഔഷധ സസ്യങ്ങളെ പരിചയപ്പെടാം :

ചെത്തിക്കൊടുവേലി

chettikoduveli
ഇന്ത്യയില്‍ മിക്കയിടത്തും പൂന്തോട്ടങ്ങളില്‍ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി.  മരച്ചീനി മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാം. ഇതിന്റെ വേരുകളില്‍ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. ഇതിനാല്‍ എലികള്‍ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുര്‍വേദത്തില്‍ വേര് ഉപയോഗിക്കുന്നു.
ഒന്നോ രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകള്‍ മുറിച്ചു തവാരണകളില്‍ നട്ട് വേരു പിടിപ്പിച്ചാണ് കൃഷി ചെയ്യുന്നത്. ഇതിനായി ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും തവാരണകള്‍ എടുക്കാം.  നിലം നല്ലപോലെ ഉഴുത് 50 സെ മീ അകലത്തിലും 30 സെ മീ ഉയരത്തിലും വരമ്പുകള്‍ എടുക്കണം. തവാരണയില്‍ നിന്ന് രണ്ടോ മൂന്നോ മാസം പ്രായമായ കമ്പുകള്‍ 15 സെമീ ഇടയകലത്തില്‍ ജൂണ്‍ജൂലായ് മാസത്തില്‍ നടുക.

തിപ്പലി
thippali
കുരുമുളകിന്റെ കുടുംബത്തില്‍ പെട്ട  എരുവുള്ള കായകള്‍ ഉണ്ടാവുന്ന, ഔഷധഗുണമുള്ള ഒരു പടര്‍പ്പന്‍ സസ്യമാണ് തിപ്പലി. ഒട്ടുമിക്ക വന്യമൃഗങ്ങള്‍ക്കും തിപ്പലിയോട്് താല്‍പര്യമില്ല. കാണ്ഡം മുറിച്ച് നട്ട് വളര്‍ത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടര്‍ന്ന് വളരുന്ന ഒരു സസ്യമാണ്. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തില്‍ വളരില്ല.
ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്. കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ് തിപ്പലിക്കുള്ളത്.
നല്ല നീര്‍വാര്‍ച്ചയുള്ള ജൈവാംശമുള്ള മണ്ണാണ് തിപ്പലി കൃഷിചെയ്യാനുത്തമം. നനയ്ക്കാനുള്ള സൗകര്യവും വേണം. മൂന്നോ നാലോ മുട്ടുകളുള്ള വള്ളികള്‍ വേരുപിടിപ്പിച്ച് തവാരണകളില്‍ നടുന്ന രീതിയാണ് ഏറ്റവും ഫലപ്രദം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ നിറച്ച പോളിത്തീന്‍ കൂടില്‍ നാല് തലകള്‍ വരെ വേരുപിടിപ്പിച്ചെടുക്കാം. മൂന്ന് മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുള്ള തവാരണകളുണ്ടാക്കി ഓരോ ചെടിയും തമ്മില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് നടണം.

ഓരോകുഴിയിലും നൂറ് ഗ്രാം കാലിവളമോ കമ്പോസ്‌റ്റോ അടിവളമായി നല്‍കാം. തവാരണയില്‍ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. തിപ്പലിയില്‍ ആണ്‍, പെണ്‍ ചെടികളുണ്ട്. പെണ്‍ചെടിയിലെ കായ്കള്‍ മാത്രമാണ് മൂപ്പെത്തിയാല്‍ പറിച്ചെടുക്കുക. ഇവ ആണ്‍ചെടിയിലുണ്ടാകുന്ന കായ്കളേക്കാല്‍ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികള്‍ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. കായ്കള്‍ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും. പാകമായ തിരികള്‍ പറിച്ചെടുത്ത് നല്ല വെയിലില്‍ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോള്‍ പഴയ ചെടികള്‍ പിഴുതുമാറ്റി പുതിയവ നടണം

ചിറ്റാടലോടകം

chittadalodakam
ആടു പോലും തിന്നാത്ത ചെടിയായാണ് ആടലോടകം അറിയപ്പെടുന്നത്. അതേസമയം ഔഷധവിപണിയില്‍ നല്ല ഡിമാന്‍ഡും. രണ്ടു തരം ആടലോടകം ഉണ്ട്. അതില്‍ ചെറിയ ആടലോടകം അധവാ ചിക്കാടലോടകം ആണ് വാണിജ്യപ്രാധാന്യമേറിയത്്. ചുമ, കഫകെട്ട്, ആസ്മ തുടങ്ങിയ ശ്വാസകോശരോഗങ്ങള്‍ ഉപയോഗിക്കുന്ന വാണിജ്യപ്രാധാന്യമുള്ള ഔഷധമാണ് ചിറ്റാടലോടകം. ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍  വളരുന്ന നിറയെ ഇലകളുള്ള കുറ്റിച്ചെടിയാണിത്. വേലിയരികിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി വളര്‍ത്തുന്നു. 1520 സെന്റീമീറ്ററോളം നീളമുള്ള ഇളം തലപ്പാണ് നടീല്‍ വസ്തു. സ്ഥലത്തിനനുസരിച്ച് ആടലോടകം മൂന്നു രീതിയില്‍ കൃഷിചെയ്യാം. തെങ്ങിന് തോട്ടങ്ങളില്‍ കൂനകളെടുത്തും ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ തവാരണകളെടുത്തും കുഴികളെടുത്തും കൃഷി ചെയ്യാം. കാലവര്‍ഷം തുടങ്ങിയതിന് ശേഷമാണ് ആടലോടകം കൃഷി ചെയ്യേണ്ടത്.

ഇഞ്ചിപ്പുല്ല്

inchipullu

ചെറു കീടങ്ങളും തുരപ്പനുമൊക്കെയാണ് നിങ്ങളുടെ കൃഷി നശിപ്പിക്കുന്നതെങ്കില്‍ സ്ഥലം വെറുതെയിടുന്നതിനു മുന്‍പ് പരീക്ഷിക്കാവുന്ന വിളയാണിത്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഇഞ്ചിപ്പുല്ല് പുല്ല് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ്.  ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുല്‍ത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്.
ഇഞ്ചിപ്പുല്ലില്‍ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുല്‍ത്തൈലം. കീടനാശിനിയായും പുല്‍ത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങള്‍ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുല്‍ത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളില്‍ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ലിന്റെ വിത്തുകളാണ് നടീല്‍വസ്തു.രണ്ടു മാസം സൂക്ഷിച്ചു വച്ചതിനുശേഷം ഇതിന്റെ വിത്തിടണം. കട്ടിയായി മുകളില്‍ മണ്ണിന്റെ തട്ട് രൂപപ്പെടുത്തണം. പുഴമണ്ണ് കലര്‍ത്തിയാവണം നനവുള്ള പ്രതലത്തില്‍ വിത്തിടേണ്ടത്. ഏഴ് ദിവസത്തിനുള്ള പുതിയ ചെടി തളിര്‍ക്കും.

രാമച്ചം
ramacham
മണ്ണൊലിപ്പുള്ള സ്ഥലങ്ങളിലും മറ്റും യോജിച്ച വിളയാണിത്. ഒട്ടുമിക്ക മൃഗങ്ങള്‍ക്കും വലിയ താല്‍പര്യവും ഇല്ല എന്ന മെച്ചവുമുണ്ട്. രാമച്ചം മലയാളിക്ക് സുപരിചിതമാണ്. പുല്‍ വര്‍ഗ്ഗത്തില്‍ പെട്ട ഔഷധസസ്യമാണിത്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടികള്‍ക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്. ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും.
രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കള്‍, വിരികള്‍ തുടങ്ങിയവയുടേ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.
കാലവര്‍ഷാരംഭത്തോടെയാണ് കൃഷിപ്പണികള്‍ തുടങ്ങുന്നത്. മുന്‍ സീസണില്‍ വിളവെടുത്ത, വേര് വെട്ടി മാറ്റിയ ശേഷമുള്ള കുറ്റികള്‍ മണ്ണില്‍ പുതച്ചു വച്ച് അതില്‍ നിന്നുണ്ടാകുന്ന 15 മുതല്‍ 20 സെ. മീറ്റര്‍ വരെ നീളമുള്ള ചിനപ്പുകള്‍ ആണ് നടീല്‍ വസ്തു.
കൃഷിസ്ഥലം നന്നായി ഇളക്കി കട്ടകളും, കളകളും മാറ്റി മണ്ണ് പരുവപ്പെടുത്തണം. അടിസ്ഥാനവളമായി ഹെക്ടറിന് 5 10 ടണ്‍ കാലിവളമോ, കമ്പോസ്‌റ്റോ ചേര്‍ക്കണം. സ്ഥലത്തിന്റെ ചരിവിന് കുറുകെ 30 സെ. മീറ്റര്‍ ഉയരത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ വാരങ്ങള്‍ എടുക്കണം.
ഇവയ്ക്കു മുകളില്‍ 3060 സെ. മീറ്റര്‍ അകലത്തില്‍ രണ്ടു വരിയായി ചിനപ്പുകള്‍ നടാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഒറ്റ ചിനപ്പുരീതിയില്‍ ഏകദേശം 80000100000 ചിനപ്പുകള്‍ വേണ്ടിവരും.

ചിറ്റമൃത്
chittamruth
വന്യമൃഗങ്ങള്‍ക്ക് വലിയ താല്‍പര്യമില്ലാത്ത ചെടിയാണിത്. വലിയ പരിചരണവും വേണ്ട. പാഴ്മരങ്ങളും മറ്റുമുള്ള പ്രദേശത്ത്് വലിയ ചിലവില്ലാതെ കൃഷിയിറക്കാനുമാവും,. ഒരു തരം വള്ളിച്ചെടിയാണ് ചിറ്റമൃത്. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുര്‍വേദത്തില്‍ പറയുന്നു. അമൃതിന്റെ ഇലകളില്‍ 11.2% മാംസ്യവും നല്ലയളവില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാല്‍ കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും. ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്.

അമൃതിന്റെ വള്ളിയുടെ രണ്ടു മീറ്റര്‍ നീളമുള്ള കഷ്ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പില്‍ വയ്ക്കുക. പിന്നീട് ഏകദേശം 12 ദിവസം കൊണ്ട് ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളര്‍ന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകള്‍ മുളച്ചും വരും.ഇവയ്ക്ക് വളം ഉപയോഗിക്കുമ്പോള്‍ മണ്ണിന് മുകളിലായി ഉപയോഗിക്കണം.

കിരിയാത്ത്

kiriyath

ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയാത്ത്. കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട് ഈ ചെടി എന്നതു കൊണ്ടുതന്നെ കീടങ്ങളെ പേടിക്കാതെ കൃഷി ചെയ്യാം. ചില പകര്‍ച്ച വ്യാധികള്‍ക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്യുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുര്‍വ്വേദത്തില്‍ ത്രിദോഷശമനത്തിനായും ത്വക്ക് രോഗങ്ങള്‍ക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കു മരുന്നായി സമൂലം ഉപയോഗിക്കുന്നു.
ഇലകള്‍ക്കും മറ്റു സസ്യഭാഗങ്ങള്‍ക്കും കടുത്ത കയ്പ്പുരുചിയാണുള്ളത്. ഇലകള്‍ കടും പച്ച. നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരാം. കേരളത്തില്‍ ഔഷധ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്നു. ഇടതൂര്‍ന്ന ചെറുശാഖകളായി പടര്‍ന്നു വളരുന്നു. ഇളം നീലയും വെളുത്തതുമായ പുഷ്പങ്ങള്‍ ഉണ്ടാകുന്നു.
മികച്ച വളക്കൂറുള്ള മണ്ണിലും സൂര്യപ്രകാശം നേരിട്ട് തട്ടുന്നതുമായ മണ്ണിലാണ് കിരിയാത്ത് കൃഷി നടത്തേണ്ടത്. കിരിയാത്തിന്റെ വിത്തുകള്‍  ആറിഞ്ച് താഴ്ചയില്‍ കുഴിച്ചിടണം. ഇതിന് മുകളില്‍ ജൈവവളം തളിക്കണം. ദിവസവും വെള്ളം ഒഴിച്ച് ഇതിന് പരിപാലിക്കണം. തുടര്‍ന്ന് ഏഴോ എട്ടോ ദിവസം കൊണ്ട് പുതിയ ചെടി തളിര്‍ത്ത് വരും.

അശോകം, കണിക്കൊന്ന, വേപ്പ്, നീര്‍മരുത്, എന്നിവ മുതല്‍ ചന്ദനം വരെയുള്ള ഔഷധവൃക്ഷങ്ങളും മുളയുമൊക്കെ വന്യമൃഗങ്ങളെ പേടിക്കാതെ കൃഷിചെയ്യാവുന്നവയാണ്. മരച്ചീനിയും ചേമ്പും വാഴയുമൊന്നും വിളവെടുക്കാന്‍ കുരങ്ങനും തുരപ്പനും പന്നിയുമൊക്കെ സമ്മതിക്കാത്ത സ്ഥലങ്ങള്‍ തരിശായി ഇടുന്നതിന് മുന്‍പ് ഇവയിലേതെങ്കിലുമൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്.

More News…

ബിജെപിയുടെ ദേശീയ സമ്മേളനം ഗൂഢ തന്ത്രമാണെന്ന് ചെന്നിത്തല

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

സംഘപരിവാറിന്റെ ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,038 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക