|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  News now   >  

മൂസാനബിയും ഖ്വിള്‌റും

Published : 24th May 2018 | Posted By: G.A.G


ഇംതിഹാന്‍ ഒ അബ്ദുല്ല

ഖുറൈശികള്‍ പ്രവാചകനെ പരീക്ഷിക്കാനായി ചോദിച്ച രണ്ടാമത്തെ ചോദ്യം പ്രവാചകന്‍ മൂസയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജ്ഞാനിയെക്കുറിച്ചായിരുന്നു. (മഹാജ്ഞാനിയായിരുന്ന ഈ വ്യക്തിയുടെ പേര് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേര് ഖിളിര്‍ ആണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടേയും അഭിപ്രായം, -അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍) ഖുര്‍ആന്‍ ശത്രുക്കളുടെ ചോദ്യത്തിനു നേര്‍ക്കു നേരെ മറുപടി നല്‍കുന്നതിനു പകരം മൂസയും ഖ്വിള്‌റുമായി നടന്ന ഒരഭിമുഖത്തെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.
മൂസാ നബി ഒരിക്കല്‍ അല്ലാഹുവിനോട് ചോദിച്ചു,നിന്റെ അടിമകളില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ അറിവുളളത്? അല്ലാഹു പറഞ്ഞു: തന്റെ അറിവിനു പുറമെ മറ്റു ജനങ്ങളില്‍ നിന്ന് അറിവ് തേടുന്നവന്‍.  ഒരു വിപത്ത് തട്ടിമാറ്റാനോ, ഒരു നന്മ കരസ്ഥമാക്കാനോ അതുപകരിക്കും. അപ്പോള്‍ മൂസാ പറഞ്ഞു.  നാഥാ എന്നെക്കാള്‍ അറിവുളളവന്‍ ഉണ്ടെങ്കില്‍ അറിയിച്ചു തരണം. ഖ്വിള്ര്‍ അത്തരത്തിലുളള ആളാണ്.  എവിടെവെച്ചദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നന്വേഷിച്ച മൂസായോട് അല്ലാഹു കടല്‍തീരത്ത്, ഒരു പാറക്കല്ലിന്റെ അടുക്കലുളള അദ്ദേഹത്തെ കാണാനായി ഒരു മല്‍സ്യത്തെ ഒരു കുട്ടയില്‍ വെച്ച് യാത്ര ചെയ്യാന്‍ കല്‍പിച്ചു.  മല്‍സ്യം എവിടെ അപ്രത്യക്ഷമാകുന്നുവോ അവിടെവെച്ച് ഖ്വിള്‌റുമായി സന്ധിക്കാമെന്നും അല്ലാഹു അറിയിച്ചു.
(സയ്യിദ് ഖുതുബ്, ഇമാം റാസി പോലുളള വ്യഖ്യാതാക്കള്‍ ആ മല്‍സ്യം ജീവനില്ലാത്തതായിരുന്നുവെന്നും അതിനാലാണ് മല്‍സ്യത്തിന്റെ അപ്രത്യക്ഷമാകല്‍ തെളിവായി മാറുന്നതെന്നും അഭിപ്രായപ്പെടുന്നുണ്ട്) ഖിള്‌റിനെത്തേടിയുളള മൂസായുടെ യാത്ര അല്ലാഹു വിവരിക്കുന്നു: മൂസ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:രണ്ടു കടലുകള്‍ കൂട്ടിച്ചേരുന്നിടത്ത് എത്തുകയോ,അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്നു കഴിയുകയോ ചെയ്യുന്നതുവരെ ഞാന്‍ യാത്ര തുടരും.  അങ്ങനെ അവര്‍ ആ സംഗമ സ്ഥാനത്ത് എത്തിയപ്പോള്‍ തങ്ങളുടെ മല്‍സ്യത്തെ മറന്നു പോയി. മല്‍സ്യമാവട്ടെ പുറത്തുചാടി ഒരു തുരങ്കത്തിലൂടെയെന്നവണ്ണം അതിന്റെ വഴിക്ക് പോയിരുന്നു.  അങ്ങനെയവര്‍ ആസ്ഥലവും കടന്ന് മുന്നോട്ടു പോയപ്പോള്‍ മൂസാ തന്റെ ഭൃത്യനോട് പറഞ്ഞു’ നമ്മുടെ പ്രാതല്‍ വിളമ്പുക.  ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.  അപ്പോള്‍ ഭൃത്യന്‍ പറഞ്ഞു’ താങ്കള്‍ക്കറിയാമോ, നമ്മള്‍ ആ പാറക്കല്ലില്‍ അഭയം പ്രാപിച്ചപ്പോള്‍ ഞാന്‍ ആ മല്‍സ്യത്തെ മറന്നു പോയിരുന്നു. അതിനെക്കുറിച്ച് താങ്കളോട് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല.
മല്‍സ്യമാകട്ടെ അദ്ഭുതകരമായി സമുദ്രത്തില്‍ ചാടി ഓടിക്കളഞ്ഞു.  മൂസാ പറഞ്ഞു,അതുതന്നെയാണു നാം തേടുന്നതും. അങ്ങനെ അവരിരുവരും സ്വന്തം കാല്‍പാടുകളിലൂടെ തിരിച്ചു നടന്നു. അവിടെ നമ്മുടെ ദാസന്‍മാരിലൊരാളെ കണ്ടെത്തി. മൂസാ അദ്ദേഹത്തോടു ചോദിച്ചു:ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ,താങ്കള്‍ പഠിപ്പിക്കപ്പെട്ടിട്ടുളള സന്മാര്‍ഗജ്ഞാനം എന്നെയും പഠിപ്പിക്കുന്നതിന്?് അദ്ദേഹം പറഞ്ഞു നിങ്ങള്‍ക്കെന്നോടൊപ്പം ക്ഷമിക്കാന്‍ സാധ്യമാവുകയില്ല.  നിങ്ങള്‍ക്ക് അനുഭവജ്ഞാനമില്ലാത്ത കാര്യത്തില്‍ നിങ്ങള്‍ എങ്ങനെ ക്ഷമിച്ചിരിക്കും.  മൂസാ പറഞ്ഞു ഇന്‍ശാഅ് അല്ലാഹ് താങ്കള്‍ എന്നെ ക്ഷമയുള്ളവനായി കണ്ടേക്കും.
ഒരു കാര്യത്തിലും ഞാന്‍ താങ്കളോട് അനുസരണക്കേട് കാണിക്കുകയില്ല.  അദ്ദേഹം പറഞ്ഞു. ശരി നിങ്ങള്‍ എന്റെ കൂടെ സഞ്ചരിക്കുകയാണെങ്കില്‍ ഒരു സംഗതിയും ഞാന്‍ സ്വയം വിശദീകരിച്ചു തരുന്നതിന് മുമ്പ് എന്നോട് ഇങ്ങോട്ട് ചോദിക്കാന്‍ പാടില്ല (വിശു. ഖുര്‍ആന്‍:അധ്യായം 18 അല്‍ കഹ്ഫ് 60-70)
ഉദ്ദേശിച്ച ലക്ഷ്യത്തിനു മുമ്പിലുളള വൈതരണികള്‍ എന്തെല്ലാം ഉണ്ടായാലും അതെല്ലാം മറികടന്ന് മുന്നേറുമെന്ന നിശ്ചയദാര്‍ഢ്യം,അല്ലാഹുവിന്റെ ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനായിരുന്നിട്ടു പോലും ജ്ഞാനസമ്പാദനത്തിന് മൂസ കാണിച്ച ഔസുക്യം, ഗുരുനാഥനോട് പ്രകടിപ്പിക്കുന്ന വിനയം, എന്നിവയെല്ലാമാണ് ഈ സംഭവത്തിലെ ശ്രദ്ധേയമായ ഗുണപാഠങ്ങളായി മുഫസിറുകള്‍ രേഖപ്പെടുത്തുന്ന വസ്തുതകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss