|    Dec 18 Mon, 2017 4:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആദ്യവിധി; മുന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

Published : 6th August 2016 | Posted By: SMR

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി സ്ഥാപിച്ചതിനു ശേഷം നടന്ന ആദ്യ ശിക്ഷാ വിധിയില്‍ മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. സര്‍ക്കാര്‍ ഭൂമിയിലെ മരം വ്യാജരേഖയുണ്ടാക്കി മുറിച്ചുമാറ്റാനും ഇതുവഴി സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കാനും ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ മുന്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പെരുമ്പാവൂര്‍ അശമന്നൂര്‍ വിള്ളക്കാപ്പിള്ളിയില്‍ ഡി കൃഷ്ണന്‍ നമ്പ്യാരെയും രണ്ടാം പ്രതി മുന്‍ ഡിഎഫ്ഒ കൊല്ലം ചാഴിയക്കോട് രമണി മന്ദിരത്തില്‍ ഡി മനോമോഹനകുമാറിനെയും മൂന്നാംപ്രതി തടിക്കച്ചവടക്കാരനായകുട്ടമ്പുഴ ഞായപ്പിള്ളി നെടുംപറമ്പില്‍ എന്‍ വി കുര്യാക്കോസിനെയുമാണ് വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ ശിക്ഷിച്ചത്.
ഒന്നും രണ്ടും പ്രതികള്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവരെ വിശ്വാസവഞ്ചനയ്ക്ക് രണ്ടു വര്‍ഷം തടവും 50,000 രൂപയും ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ച് അതു ശരിയായ രേഖയായി ഉപയോഗിച്ചതിനും കുറ്റകരമായ ഗൂഢാലോചന നടത്തിയതിനും മൂന്നു മാസം തടവും അഴിമതിനിരോധന വകുപ്പില്‍ കുറ്റംചെയ്യാനുള്ള ശ്രമത്തിന് രണ്ടുവര്‍ഷം തടവും 10,000—രൂപ പിഴയുമാണു കോടതി വിധിച്ചത്.
മൂന്നാംപ്രതി കുര്യാക്കോസിന് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചതിന് രണ്ട് വര്‍ഷം തടവും 50,000രൂപ പിഴയും വ്യാജരേഖ ശരിയായ രേഖയാെണന്നു കാണിച്ചതിന് ആറുമാസം തടവും കുറ്റകരമായ ഗൂഢാലോചനയ്ക്ക് ആറു മാസം തടവും വിധിച്ചു. തൃശൂര്‍ സ്വദേശി ബാലകൃഷ്ണന്‍ എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. മൂവാറ്റുപുഴയില്‍ വിജിലന്‍സ് ജഡ്ജി പി മാധവന്‍ ചാര്‍ജെടുത്തതിനുശേഷം നടത്തിയ ആദ്യ വിധിയാണിത്. ഈവര്‍ഷം ഫെബ്രുവരിയിലാണു വിജിലന്‍സ് കോടതി പ്രവര്‍ത്തനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss