|    Nov 15 Thu, 2018 8:00 pm
FLASH NEWS

മൂവാറ്റുപുഴ ഫയര്‍ സ്‌റ്റേഷന് പുതിയ മന്ദിരം

Published : 24th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫയര്‍ സ്‌റ്റേഷന് പുതിയ മന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനയ്ക്കും നിലവിലെ ഫയര്‍സ്‌റ്റേഷന്റെ ശോച്യാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ തച്ചങ്കരി അടുത്തമാസം എട്ടിന് മൂവാറ്റുപുഴയിലെത്തുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സ്ഥലപരിമിതി ചൂണ്ടികാണിച്ച് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് മന്ദിര നിര്‍മാണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന്  എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥലസന്ദര്‍ശനത്തിന് എത്തുന്നത്. ഫയര്‍ സ്‌റ്റേഷന് പുതിയ ഓഫിസ് മന്ദിരം നിര്‍മിക്കുന്നതിന് നഗരസഭ നാല് വര്‍ഷം മുമ്പ് എവറസ്റ്റ് കവലയില്‍ ഹോമിയോ ആശുപത്രിയ്ക്ക് പിന്നിലായി 15 സെന്റ് സ്ഥലം അനുവദിച്ചിരിന്നു. ഇവിടെ മന്ദിരം നിര്‍മിക്കുന്നതിന് 3.30 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് തുക കൂടുതലായതിനാല്‍ ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 2.76 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുകയും ഇത്  അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ദിര നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് അഭ്യന്തര വകുപ്പ് സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഫയര്‍ സ്‌റ്റേഷന് 50 സെന്റ് സ്ഥലമെങ്കിലും വേണമെന്നാണ് അഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. 15സെന്റ് സ്ഥലത്ത് ആധുനീക രീതിയിലുള്ള ഫയര്‍ സ്‌റ്റേഷന്‍ നിര്‍മിക്കാനാവില്ലന്ന നിലപാടാണ് വകുപ്പിന്. ഇതിന് പുറമെ നഗരത്തില്‍ വെള്ളം കയറിയാല്‍ ആദ്യം വെള്ളം കയറുന്ന സ്ഥലമാണ് ഫയര്‍ഫോഴ്‌സിനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഫയര്‍ സ്‌റ്റേഷന്‍ നിര്‍മിച്ചാല്‍ വെള്ളപ്പൊക്ക ദുരതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട ഫയര്‍ഫോഴ്‌സിന് സ്വന്തം ഓഫിസ് മാറ്റേണ്ട സ്ഥിതിവരും. അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ എഞ്ചിന്‍ കൊണ്ടു പോവുന്നതിനുള്ള സ്ഥലസൗകര്യം ഇങ്ങോട്ടുള്ള റോഡിനില്ലെന്നും അഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 1980ല്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപത്തായിരുന്നു മൂവാറ്റുപുഴയിലെ ഫയര്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. 6 വര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ച ഫയര്‍ ഓഫിസ് കടാതിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ വക കെട്ടിടത്തിലേക്ക് മാറ്റിയത്.  ഫയര്‍ ഓഫിസ് സ്ഥിതിചെയ്യുന്ന നഗരസഭയുടെ 10 സെന്റ് സ്ഥലം ഫയര്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന് നല്‍കാമെന്ന് അന്നത്തെ നഗരസഭ അധികാരികള്‍ പറഞ്ഞിരുന്നതാണ്. ഈ ഉറപ്പില്‍ അതിന് സമീപത്തായി കിടന്ന പുറംമ്പോക്ക് ഭൂമിയായ 40 സെന്റ് സ്ഥലം കൂടി ഫയര്‍ഫോഴ്‌സിന് ലഭിച്ചാല്‍ മന്ദിര നിര്‍മാണം നടത്താമെന്ന ഉദ്ദേശത്തില്‍ ഭൂമി പതിച്ചുകിട്ടുവാനുള്ള നടപടി നീക്കി. എന്നാല്‍ ഈ ഭൂമി നഗരസഭയുടെ പേരില്‍ പതിച്ചുകിട്ടിയെങ്കിലും ഫയര്‍ ഫോഴ്‌സിന് നല്‍കിയില്ല. പഴയകെട്ടിടത്തില്‍ ഒരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നഗരസഭ ഇവിടെ പതിച്ചുകിട്ടിയതുള്‍പ്പടെയുള്ള 50 സെന്റ് സ്ഥലംനല്‍കിയാല്‍ ഏറ്റവുംമനോഹരവും ആധുനികസാങ്കേതികസംവിധാനങ്ങള്‍ഉള്‍പ്പെടുന്നതുമായ ബഹുനില മന്ദിരം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss