|    Oct 15 Mon, 2018 8:16 pm
FLASH NEWS

മൂവാറ്റുപുഴ പൊതുമരാമത്ത് ഓഫിസ് മാറ്റം:എംഎല്‍എമാര്‍ നിവേദനം നല്‍കി

Published : 14th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയം മാറ്റാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.  അനൂപ് ജേക്കബ്, വി പി സജീന്ദ്രന്‍, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവരാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അഞ്ച് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ജോലികള്‍ നിയന്ത്രിക്കുന്നതിന് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയം എറണാകുളത്തേയ്ക്ക് മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എമാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്. മൂവാറ്റുപുഴ, കുന്നത്തുനാട്, പെരുമ്പാവൂര്‍, പിറവം, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവര്‍ത്തികളെ ഓഫിസ് മാറ്റം ബാധിക്കും. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളുടെയും നിര്‍മാണം, കെട്ടിട നിര്‍മാണം, പാലം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള പദ്ധതികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കലും പദ്ധതി നിര്‍വഹണവും സമയബന്ധിതമായി നടപ്പാക്കുന്നതിന് കാലതാമസം വരുമെന്ന ആശങ്ക നിലവിലുണ്ട്. കൂടാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥന്‍മാരെ നേരിട്ട് കാണാനാവാത്ത സ്ഥിതിയുണ്ടാവും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയം മൂവാറ്റുപുഴയില്‍ നിന്നും മാറ്റുവാനുള്ള തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss