|    Oct 20 Fri, 2017 6:08 pm
FLASH NEWS

മൂവാറ്റുപുഴയിലെ ആംബുലന്‍സ് അപകടം; നടുക്കം വിട്ടുമാറാതെ ലക്ഷ്മി ആശുപത്രി കിടക്കയില്‍

Published : 28th July 2016 | Posted By: SMR

കോട്ടയം: മൂവാറ്റുപുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിക്കുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശിനി ലക്ഷ്മി(55) നടുക്കം വിട്ടുമാറാതെ ആശുപത്രി കിടക്കയില്‍.ആംബുലന്‍സ് പൊട്ടിത്തെറിച്ച് തീപടര്‍ന്ന് മരണപ്പെട്ട ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലയില്‍ വി ജെ ജയിംസിന്റെ വീട്ടില്‍ ഹോംനേഴ്‌സായി ജോലി ചെയ്യുകയായിരുന്നു തമിഴ്‌നാട് തേനി പാളയം അംബ്ദേക്കര്‍ കോളനിയില്‍ പരേതനായ രാസയ്യായുടെ ഭാര്യ ലക്ഷ്മി.സംഭവസമയത്ത് ആംബുലന്‍സിലുണ്ടായിരുന്ന ലക്ഷ്മിക്ക് കൈയ്ക്കും കാലിനും പുറത്തിനും പൊള്ളലേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി 12ാം വാര്‍ഡില്‍ ഇവര്‍ ചികില്‍സയിലാണ്. ആംബൂലന്‍സ് പൊട്ടിത്തെറിച്ചതിന്റെ നടുക്കം ലഷ്മിയില്‍ തീഗോളമായി മനസില്‍ തന്നെയുണ്ട്.
ആംബുലന്‍സില്‍ ഡ്രൈവര്‍ ഇരിക്കുന്നതിന്റെ തൊട്ടുപിന്നിലുള്ള സീറ്റിലായിരുന്നു ലക്ഷ്മി ഇരുന്നിരുന്നത്. സംഭവത്തിനു മുമ്പ് എന്തോ കരിയുന്നതിന്റെ മണം ഉണ്ടായതായി ലക്ഷ്മി പറഞ്ഞു. ഈ വിവരം ഡ്രൈവറെ അറിയിച്ചിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആംബുലന്‍സില്‍ തീ പടരുന്നത് കണ്ട് ഞാനും ജോയ്‌സും ആംബുലന്‍സില്‍ നിന്നു ചാടി.
മരണപ്പെട്ട ജയിംസിന്റെ മകന്റെ ഭാര്യയാണ് ജോയ്‌സ്. സാരിയില്‍ തീ ആളിപടര്‍ന്നതിനാല്‍ സാരി പെട്ടന്നുതന്നെ അഴിച്ച് നിലത്തെറിഞ്ഞു.ഇങ്ങനെ ചെയ്തതിനാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് ലക്ഷ്മി ഓര്‍മ്മിച്ചു.എന്നാല്‍ കൈയ്ക്കും കാലിനും പുറത്തിനും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.പോലിസാണ് ആദ്യം മുവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.സംഭവം നടക്കുന്ന സമയത്ത് മരണപ്പെട്ട ജയിംസ് സാര്‍ ന്യൂമോണിയായ ബാധിച്ച് ഗുരുതരമായതിനാല്‍ ഓക്‌സിജന്റെ സഹായത്താല്‍ ആംബുലന്‍സില്‍ കിടക്കുകയായിരുന്നു.തീ ആളിപ്പടരുന്നത് കണ്ട് സര്‍ ‘അമ്മ’ എന്ന് നിലവിളിക്കുന്നത് ഇപ്പോഴും കാതില്‍ തന്നെയുണ്ടെന്ന് ലക്ഷ്മി ഭീതിയോടെ പറഞ്ഞു.
തീപടരുന്നതിനിടെ സഹായിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം നല്ല മനുഷ്യനായിരുനെന്നും ലക്ഷ്മി പറഞ്ഞു. ജയിംസ് സാറും മകളും മരിച്ചതില്‍  ആശുപത്രി കിടക്കിയിലും വലിയ ദുഖത്തിലാണ് ഇവര്‍.മുന്നു വര്‍ഷം മുമ്പാണ് ആദ്യമായി ലക്ഷ്മി ഹോം നേഴ്‌സായി ജയിംസിന്റെ വീട്ടിലെത്തുന്നത്.ഒന്നര മാസത്തിനു ശേഷം തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ഒരു തവണ കൂടി ഇവിടെയെത്തിയിരുന്നു.
ഇപ്പോള്‍ ഒരുമാസം മുമ്പാണ് ജോലിക്കായി എത്തിയത്. ആകെ നാലര മാസം ഇവരുടെ വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം പോലിസ് ലക്ഷ്മിയെ എത്തിച്ച മൂവാറ്റുപുഴയിലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ലക്ഷ്മിയില്‍ നിന്നു ഫോണ്‍ നമ്പര്‍ വാങ്ങി ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് മകള്‍ യമുനാറാണിയും മറ്റു ബന്ധുക്കളും ഇന്നലെ രാവിലെ പാളയത്തു നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. ലക്ഷ്മി അപകട നിലതരണം ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക