|    Oct 23 Tue, 2018 2:02 am
FLASH NEWS

മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലേക്ക് ചുവടുമാറണമെന്ന് സെമിനാര്‍

Published : 24th January 2017 | Posted By: fsq

 

മാനന്തവാടി: കൃഷിയില്‍ നേട്ടം കൊയ്യണമെങ്കില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ മൂല്യവര്‍ധന വരുത്തി വിപണനം ചെയ്യുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാവണമെന്നു കൃഷി ഓഫിസര്‍ മമ്മൂട്ടി. മാനന്തവാടിയില്‍ നടന്ന വയനാട് വികസന സെമിനാറില്‍ ‘വയനാടിന്റെ വീണ്ടെടുപ്പ് സുസ്ഥിര നെല്‍കൃഷി വികസനത്തിലൂടെ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ സംസ്‌കരണ മൂല്യവര്‍ധിത സംവിധാനം ഉറപ്പാക്കണമെന്നു ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. തൊഴിലാളി-കര്‍ഷക-ഉദ്യോഗസ്ഥ ബന്ധം ദൃഢപ്പെടുത്തി വകുപ്പ് തലത്തില്‍ ആലോചിച്ച് ഐക്യമുണ്ടാക്കാന്‍ കഴിയുന്ന വിധം സഹകരണ സംഘങ്ങള്‍ മുഖേന പദ്ധതികള്‍ നടപ്പിലാക്കണം. ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സംഭരണ-സംസ്‌കരണ ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചാല്‍ കൂടുതല്‍ വിജയം നേടാം. സൂക്ഷ്മതലത്തില്‍ ആരംഭിച്ച് എല്ലാ കാര്‍ഷിക വിളകള്‍ക്കും പ്രാധാന്യം നല്‍കി കൂട്ടുകൃഷി സംവിധാനം മെച്ചപ്പെടുത്തി കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വളരെയധികം സാധ്യതകളുള്ള ജില്ലയില്‍ ക്ഷീരമേഖല വകസിപ്പിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തി കാര്‍ഷികവിളകള്‍ ഉല്‍പാദിപ്പിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് അധികവകുമാനം ലഭ്യമാക്കന്‍ കഴിയുമെന്നു ‘സുസ്ഥിര കാര്‍ഷിക വികസനവും ക്ഷീരവികസന-മൃഗസംരക്ഷണ മേഖലയും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ക്ഷീരവകുപ്പ് ഡെയറി ട്രെയിനിങ് പ്രിന്‍സിപ്പല്‍ എം പ്രകാശ് പറഞ്ഞു. മൃഗസംരക്ഷണ -ക്ഷീര വികസന മേഖല, ബ്രഹ്മഗിരി സൊസൈറ്റി, തദ്ദേശസ്ഥാപനങ്ങള്‍, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ വിപുലമായ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കഴിയണം. ഇതിനായി ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കണം. പദ്ധതി ആസൂത്രണത്തിന്റെ അഭാവം ഗുണമേന്‍മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവ്, വിപണന സംവിധാനമില്ലായ്മ, ഗുണനിലവാരമുള്ള തീറ്റവസ്തുക്കളുടെ അപര്യാപ്തത, പദ്ധതി സംയോജനത്തിന്റെ അഭാവം, ഈ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന നിയമപരമായ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാര്‍ ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനകീയ ഇടപെടലിലൂടെ പങ്കാളിത്തം ഉറപ്പാക്കി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു, പ്രഫ. ബാലഗോപാലന്‍പങ്കെടുത്തു. വൈത്തിരിയില്‍ നടന്ന വയനാട് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss