|    Dec 13 Wed, 2017 6:44 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയോരത്ത്

Published : 7th December 2017 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഎ ഇംഗ്ലീഷ് ആറാം സെമസ്റ്റര്‍ ഫിലിം സ്റ്റഡീസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് പാപ്പിനിശ്ശേരി സ്വദേശി ബി മുഹമ്മദിന് വഴിയോരത്തുനിന്ന് കളഞ്ഞുകിട്ടിയത്. ഇദ്ദേഹം കെഎസ്‌യു ഓഫിസിലേക്ക് അയക്കുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരാണു സംഭവം പുറത്തുവിട്ടത്. മാനന്തവാടി ഗവ. കോളജിലെ ഭിന്നശേഷി വിദ്യാര്‍ഥിയായ ടോം കെ ഷാജിയുടെ ജിഎം 14 എഇജിആര്‍ 28 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഉത്തരക്കടലാസാണിത്. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി പരീക്ഷയെഴുതിയത്. കഴിഞ്ഞ മെയിലായിരുന്നു പരീക്ഷ. ജൂണ്‍ 21ന് ഫലം പ്രഖ്യാപിച്ചു. എന്നാല്‍, പ്രൊജക്റ്റ് റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഈ വിദ്യാര്‍ഥിയുടേതടക്കം ചിലരുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഉത്തരക്കടലാസ് കളഞ്ഞുകിട്ടിയത്. എന്നാല്‍, പരീക്ഷയെഴുതിയ 26 പേരുടെയും ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, സംഭവം അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക