|    Jul 24 Mon, 2017 10:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂലമറ്റം പവര്‍ഹൗസില്‍ അറ്റകുറ്റപ്പണി എട്ടിനു തുടങ്ങും

Published : 4th August 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിന്റെ ഒന്നാം ഘട്ടത്തിലെ വിവിധ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നു. ഇതിന്റെ സൗകര്യത്തിനായി വൈദ്യുതി നിലയത്തിലെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തുന്നതിനും തീരുമാനമായി. ഒന്നാം ഘട്ടത്തിലെ പെന്‍സ്‌റ്റോക്കിന്റെ വാല്‍വിന്റെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികളാണു നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ എട്ടിന് ആരംഭിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഒന്നോ രണ്ടോ ദിവസം മാറാനും സാധ്യതയുള്ളതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി.
ഇടുക്കി ജലാശയത്തില്‍ നിന്നുള്ള വെള്ളം കുളമാവില്‍ നിന്ന് പെന്‍സ്‌റ്റോക്ക് പൈപ്പുകളിലൂടെയാണ് മൂലമറ്റം പവര്‍ഹൗസില്‍ എത്തുന്നത്. ഇതിനായി ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഒരോ പെന്‍ സ്‌റ്റോക്കുകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടത്തിലെ പെന്‍സ്‌റ്റോക്കിന്റെ അറ്റകുറ്റപ്പണികളാണു നടത്തുക.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദന കേന്ദ്രമായ മൂലമറ്റം പവര്‍ഹൗസിലെ ഒന്നാംഘട്ടം 1976 ഫെബ്രുവരി 12നാണ് കമ്മീഷന്‍ ചെയ്തത്. 2010ല്‍ വാല്‍വിലെ ചോര്‍ച്ച മൂലം നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച പൂര്‍ണമായും നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് പൂര്‍ണമായും പരിഹരിക്കുന്നതിനാണ് ഇപ്പോഴത്തെ അറ്റകുറ്റപ്പണി.
മഴക്കാലമായതിനാല്‍ മൂലമറ്റത്തെ ഉല്‍പാദനം കുറച്ചിരിക്കുകയാണ്.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളാണ് മൂലമറ്റം പവര്‍ഹൗസിലുള്ളത്.
25 വര്‍ഷത്തെ കാലാവധിയാണ് കമ്പനി ഇവയ്ക്കു നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ജനറേറ്ററുകളുടെ കാലാവധി കഴിഞ്ഞിട്ട് പത്തു വര്‍ഷത്തിലേറെയായി. ജനറേറ്ററുകളുടെയും ഇന്‍ടേക്ക് ഗേറ്റ്, ബട്ടര്‍ഫ്‌ളൈ വാല്‍വ് തുടങ്ങിയ സംവിധാനങ്ങളുടെയും സ്ഥിതി അതീവഗുരുതരമാണെന്ന് ജീവനക്കാര്‍ പറയുന്നു. 2002ല്‍ വൈദ്യുതി ബോര്‍ഡ് ഓഫിസേഴ്‌സ് അസോസിയേഷനും 2003ല്‍ വിദഗ്ധ സമിതിയും ജനറേറ്ററുകളുടെ കാലപ്പഴക്കം സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക