|    Mar 20 Tue, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂലമറ്റം പവര്‍ഹൗസിലെ തകരാര്‍: നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം കുറഞ്ഞതുമൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു നാളെ തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേരും. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
ശനിയാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി നിലയത്തിലെ മൂന്നാം നമ്പര്‍ സ്‌ഫെറിക്കല്‍ വാല്‍വിന്റെ ഭാഗമായ അപ്‌സ്ട്രീം സീലിന് സമീപത്തായി ചോര്‍ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഒന്നാം സ്‌റ്റേജ് ബട്ടര്‍ഫ്‌ളൈ വാല്‍വ് അടച്ച് പെന്‍സ്‌റ്റോക്കിനുള്ളിലെ വെള്ളം പൂര്‍ണമായും ചോര്‍ത്തിക്കളഞ്ഞു. ചോര്‍ച്ച ചെറുതാണെങ്കിലും 50 ടണ്ണിലധികം ഭാരം വരുന്ന സ്‌ഫെറിക്കല്‍ വാല്‍വ് അഴിച്ച് പുറത്തെത്തിച്ച ശേഷം മാത്രമേ തകരാര്‍ പരിഹരിക്കാന്‍ സാധിക്കൂ. ഇതഴിച്ചെടുക്കണമെങ്കില്‍ മാത്രം അഞ്ചുദിവസം വേണ്ടിവരും. അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലായിരുന്ന പവര്‍ഹൗസ് ജീവനക്കാരെ ജോലിക്കെത്തിച്ചിട്ടുണ്ട്. പുറത്തെടുക്കുന്ന സ്‌ഫെറിക്കല്‍ വാല്‍വ് തകരാര്‍ പരിഹരിച്ച ശേഷം ഡിസംബര്‍ 16നകം തിരികെ സ്ഥാപിക്കാനാവുമെന്നാണു കരുതുന്നത്. സ്‌ഫെറിക്കല്‍ വാല്‍വിന്റെ തകരാര്‍ പുനസ്ഥാപിച്ച ശേഷം നിര്‍ത്തിവച്ചതില്‍ രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു ചീഫ് എന്‍ജിനീയര്‍ ബ്രിജ് ലാല്‍ പറഞ്ഞു.
അറ്റകുറ്റപ്പണിമൂലം കൂടംകുളത്തുനിന്നുള്ള വൈദ്യുതി നിലച്ചതിനു പിന്നാലെയാണ് ഇടുക്കിയിലും തകരാറുണ്ടായത്. ഇടുക്കിയില്‍ ഉല്‍പ്പാദനം പകുതിയായെങ്കിലും അവധിദിവസങ്ങളില്‍ ഉപഭോഗം കുറവായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടില്ല. ഹര്‍ത്താലായതിനാല്‍ ഇന്നത്തെ ആവശ്യകതയും നിറവേറ്റാന്‍ കഴിയുമെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ അറിയിച്ചു.
നാളെ മുതല്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണു തീരുമാനം. ഇതിനായി ബോര്‍ഡ് വൈദ്യുതി വിതരണ ഏജന്‍സികളെ സമീപിച്ചു. കൂടംകുളം നിലയത്തിലെ അറ്റകുറ്റപ്പണി നാളെ പൂര്‍ത്തിയാവുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാതെതന്നെ പ്രതിസന്ധി നേരിടാനാവുമെന്നാണു കണക്കുകൂട്ടല്‍.
ഇടുക്കിയിലെ പ്രതിസന്ധിക്കു പുറമെയാണു കൂടംകുളത്തുനിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതിയില്‍ 120 മെഗാവാട്ടിന്റെ കുറവുവന്നത്. 6.6 ലക്ഷം യൂനിറ്റാണ് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം. ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ ഉപയോഗം കുറവായിരുന്നു. ആവശ്യകതയുടെ 70 ശതമാനവും പുറത്തുനിന്നാണു വാങ്ങുന്നത്.
മഴക്കുറവുമൂലം ഇടുക്കിയില്‍ ഉല്‍പ്പാദനം കുറച്ച് വേനലിലേക്കു വെള്ളം സംഭരിച്ചുവച്ചതായിരുന്നു. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 41.8 ശതമാനമാണ് വെള്ളമുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 19 അടി കുറവാണിത്. മൂലമറ്റത്തെ ഉല്‍പ്പാദനം കുറയ്ക്കാന്‍ നേരത്തെ തീരുമാനിച്ചതും ഇതു പരിഗണിച്ചാണ്. പ്രതിസന്ധി രൂക്ഷമായാല്‍ ഇടുക്കിയിലെ ഉല്‍പ്പാദനം കൂട്ടാമെന്നു പ്രതീക്ഷിച്ചിരുന്ന വൈദ്യുതിബോര്‍ഡിന് ജനറേറ്റര്‍ പ്രതിസന്ധി തിരിച്ചടിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss