|    Jan 19 Thu, 2017 7:59 am
FLASH NEWS

മൂലധനം നഷ്ടപ്പെട്ടിട്ടും കച്ചവടം ലാഭകരം!

Published : 23rd June 2016 | Posted By: Imthihan Abdulla

ramadan
പ്രവാചകനായി മുഹമ്മദ് നബി(സ) നിയുക്‌നാവുന്നതിനു മുമ്പു തന്നെ മക്കയില്‍ ഒരു പ്രവാചകന്‍ ആഗതനാനാവാന്‍ പോകുന്നുണ്ടെന്ന സുവിശേഷം വേദവാഹകരായ ക്രൈസ്തവ- ജൂത പണ്ഡിതന്‍മാര്‍ക്കറിയാമായിരുന്നു. ഈ പണ്ഡിതന്‍മാരുമായി സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച പലരും അത്തരത്തിലൊരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.സുഹൈബ് അര്‍റൂമി അത്തരത്തില്‍ പെട്ട ഒരാളായിരുന്നു. റോമക്കാരനായ സുഹൈബ് എന്നാണറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ സുഹൈബ് അറബിയാണ്. അദ്ദേഹത്തിന്റെ പിതാവ് സിനാന്‍ ബ്‌നു മാലിക് നുമൈരി ബസറയുടെ ഭാഗമായ ഉബലയിലെ ഭരണാധികാരിയായിരുന്നു.മാതാവ് തമീമാ ഗോത്രക്കാരിയും.
സുഹൈബിന് അഞ്ചു വയസു പ്രായമുളളപ്പോള്‍ ഒരു ദിവസം മാതാവ് കുട്ടിയെയും കൂട്ടി പരിവാരസമേതം ദനിച്ച് എന്ന സുഖവാസ കേന്ദ്രത്തിലേക്ക് പോയി. അവിടെ വെച്ച് റോമാ സൈന്യത്തിന്റെ ആക്രമണത്തിരയായ സംഘത്തെ അവര്‍ അടിമകളാക്കി റോമായിലെ അടിമച്ചന്തയില്‍ വിറ്റു. ബാലനായ സുഹൈബ് മാതാവില്‍ നിന്നു വേര്‍പ്പെട്ടു. റോമിലെ പ്രഭുക്കന്‍മാരില്‍ പലരുടെയും കൊട്ടാരങ്ങളിലായി ബാല്യ-കൗമാരങ്ങള്‍ പിന്നിട്ട സുഹൈബിന് റോമന്‍ സംസ്‌കാരത്തിന്റെ പുഴുക്കുത്തുകളെ നേരില്‍ കാണാന്‍ സാധിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന റോമന്‍ നാഗരികതയുടെയും ജനജീവിതത്തിന്റെയും ബാഹ്യമായ പുറംമോടികള്‍ക്കു പിന്നിലെ കാണാപുറങ്ങള്‍ ആ യുവാവിന്റെ മനം മടുപ്പിച്ചു. എങ്ങനെയെങ്കിലും സ്വജനങ്ങളുടെ സമീപത്തെത്തുവാന്‍ സുഹൈബ് കൊതിച്ചു.
ആയിടക്കാണ് ഒരു ക്രൈസ്തവ പുരോഹിതന്‍ സുഹൈബിന്റെ യജമാനനെ സന്ദര്‍ശിച്ചത്.’മര്‍യമിന്റെ പുത്രന്‍ യേശുവിനെ സത്യപ്പെടുത്തുകയും ജനങ്ങളെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കു നയിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മക്കയില്‍ ആഗതനാവാനിരിക്കുന്നു’എന്ന് പുരോഹിതന്‍ യജമാനനോട് പറയുന്നത് സുഹൈബ് കേട്ടു.തന്റെ ചുറ്റുപാടും നടക്കുന്ന അധാര്‍മികതയില്‍ മനം നൊന്ത് കഴിയുകയായിരുന്ന സുഹൈബിന് പ്രത്യാശയുടെ പുലരി സംഭവിക്കാന്‍ പോകുന്നതു പോലെ അനുഭവപ്പെട്ടു.എങ്ങനെയെങ്കിലും മക്കയിലെത്തണമെന്നായി പിന്നീടുളള ചിന്ത.സാഹചര്യം ഒത്തുവന്നപ്പോള്‍ യജമാനന്റെ കണ്ണു വെട്ടിച്ച് അദ്ദേഹം റോമില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.അടിമത്ത നുകം വലിച്ചെറിഞ്ഞ സുഹൈബിന്റെ ലക്ഷ്യം പ്രവാചക നിയോഗം കൊണ്ടനുഗ്രഹീതമാവാന്‍ പോകുന്ന മക്കയായിരുന്നു.
ചെറുപ്പം തൊട്ടുളള ദീര്‍ഘ നാളത്തെ റോമന്‍ ജീവിതം കാരണം സുഹൈബിന് അറബി ഭാഷയുടെ സ്ഫുടത നഷ്ടപ്പെട്ടിരുന്നു.റോമന്‍ സ്വാധീനമുളള അറബിയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. മുടിയാകട്ടെ ചെമ്പിച്ചതുമായിരുന്നു. അതു കൊണ്ടു തന്നെ സുഹൈബ് മക്കയിലെ ജനങ്ങള്‍ക്കിടയില്‍ സുഹൈബ് അര്‍-റൂമി(റോമക്കാരന്‍ സുഹൈബ്) എന്നറിയപ്പെട്ടു. മക്കയിലെ നേതാവായിരുന്ന ജുദ്ആനുമായി ചേര്‍ന്നു കൊണ്ട് കച്ചവടം നടത്തിയ സുഹൈബ് ഒട്ടേറെ സമ്പാദിച്ചു. എങ്കിലും മക്കയിലെത്തിയതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അദ്ദേഹം വിസ്മരിച്ചിരുന്നില്ല.പ്രവാചക നിയോഗത്തിന്റെ വാര്‍ത്ത കേള്‍ക്കുവാന്‍ അദ്ദേഹത്തിന്റെ മനസ് വെമ്പി.
അങ്ങനെയിരിക്കെ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹത്തിന് ആ സന്തോഷ വാര്‍ത്ത കേള്‍ക്കുവാന്‍ ഭാഗ്യം ലഭിച്ചു.അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് പ്രവാചകനായി നിയുക്തനായിരിക്കുന്നുവെന്നറിഞ്ഞ സുഹൈബ് അദ്ദേഹത്തെ കാണാന്‍ വേണ്ടി കുതിച്ചു.
എന്നാല്‍ പരസ്യമായി പ്രവാചകനുമായി സന്ധിക്കുന്നത് ഖുറൈശികളെ പ്രകോപിപ്പിക്കുമെന്നും അവരില്‍ നിന്നു തനിക്ക് സംരക്ഷണം നല്‍കാന്‍ മക്കയില്‍ ബന്ധുക്കളായി ആരുമില്ലെന്നും നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ രഹസ്യമായിട്ടായിരുന്നു യാത്ര.വഴിയില്‍ വെച്ച് അമ്മാറുബ്‌നു യാസിറിനെ കണ്ടുമുട്ടി. അങ്ങനെ പ്രവാചകനെ കണ്ട രണ്ടു പേരും മുസലിമായി.
മുസ്ലിമായ സുഹൈബിന് മററു മുസ്‌ലിംകളെപ്പോലെ തന്നെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കെല്ലാം ഒരു നാള്‍ പ്രതിഫലവും അവസാനവുമുണ്ടാകുമെന്ന പ്രവാചകന്റെ ആശ്വാസ വാക്കുകള്‍ കേട്ടു സമാധാനിച്ചു ക്ഷമാപൂര്‍വ്വം നാളുകള്‍ നീക്കി.
അങ്ങനെയിരിക്കെ വിശ്വാസികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍ മഴ പെയ്യിച്ചു കൊണ്ട് അഖബാ ഉടമ്പടി നിലവില്‍ വന്നു. മക്കയില്‍ മര്‍ദ്ദനങ്ങളേറ്റു വാങ്ങി തളര്‍ന്ന വിശ്വാസികള്‍ക്ക് അഭയം നല്‍കാന്‍ യസരിബ് നിവാസികള്‍ മുന്നോട്ടു വന്നു. പ്രവാചകന്‍ വിശ്വാസികള്‍ക്ക് പലായനത്തിന് അനുമതി നല്കി.
പ്രവാചകനോടൊപ്പം ഹിജ്‌റ പോകാനായിരുന്നു സുഹൈബിനു താല്‍പര്യം. എന്നാല്‍ ഖുറൈശികള്‍ ശക്തമായ നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ അദ്ദേഹത്തിനു പ്രവാചകനോടൊപ്പം പോകാന്‍ സാധിച്ചില്ല. എങ്കിലും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം ശത്രുക്കളുടെ കണ്ണു വെട്ടിച്ചു ഒരു രാത്രിയില്‍ മദീനയിലേക്കു യാത്ര തിരിച്ചു. സുഹൈബ് രക്ഷപ്പെട്ടതറിഞ്ഞ ശത്രുക്കള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ അദ്ദേഹം ഒരു കുന്നിന്‍ മുകളില്‍ കയറി വില്ലു കുലച്ചു കൊണ്ട് ശത്രുക്കളോട് പറഞ്ഞു.’നിങ്ങളുടെ കൂട്ടത്തില്‍ മികവുററ വില്ലാളി വീരനാണ് ഞാനെന്നെല്ലാവര്‍ക്കുമറിയാമല്ലോ, എന്നെ സമീപിക്കുന്നവരെ ഞാന്‍ അമ്പെഴ്തു വീഴ്ത്തുക തന്നെ ചെയ്യും.അമ്പുകള്‍ തീര്‍ന്നാല്‍ വാളെടുത്തു പൊരുതും.’ ശത്രുക്കള്‍ പ്രതികരിച്ചു’ നീ മക്കയില്‍ വരുമ്പോള്‍ കയ്യിലൊന്നുമില്ലാതെ ദരിദ്രനായാണ് കടന്നു വന്നത്. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വന്നു സമ്പന്നായ ശേഷം ആ സമ്പത്തുമായി കടന്നു കളയാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
എങ്കില്‍ തന്റെ സ്വത്ത് മുഴുവന്‍ നിങ്ങള്‍ക്കു തന്നാല്‍ തന്നെ സ്വസ്ഥമായി പോകാന്‍ അനുവദിക്കുമോയെന്നായി സുഹൈബ്. ശത്രുക്കള്‍ സമ്മതമറിയിച്ചപ്പോള്‍ അദ്ദേഹം തന്റെ സമ്പാദ്യം സൂക്ഷിച്ചു വെച്ച സ്ഥലങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുത്തു.സുഹൈബ് ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ തന്റെ സര്‍വ്വ സമ്പാദ്യത്തേക്കാളും വിലമതിക്കുന്ന ആദര്‍ശത്തിന്റെ സംരക്ഷണത്തിനായി എല്ലാം ത്യജിച്ചു മദീനയിലേക്കു കുതിച്ചു. ക്ഷീണിച്ചവശനായെങ്കിലും പ്രവാചകനോടൊപ്പം ചേരാനുളള അദമ്യമായ ആഗ്രഹം അദ്ദേഹത്തെ മുന്നോട്ടു നീക്കി. പ്രവാചകന്‍ ആ സമയത്ത് മദീനയിലെ ഖുബായിലായിരുന്നു തങ്ങിയിരുന്നത്. സുഹൈബ് വരുന്ന വിവരവും വഴിയിലുണ്ടായ സംഭവ വികാസങ്ങളുമെല്ലാം ജിബരീല്‍ മുഖാന്തിരം പ്രവാചകന്‍ അറിഞ്ഞിരുന്നു. ഖുബായിലെത്തിച്ചേര്‍ന്ന സുഹൈബ് കണ്ടത് തന്നെ സ്വീകരിക്കാനായി നബി തന്നെ മുന്നോട്ടു വരുന്നതാണ്. പ്രവാചകന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ചു പറഞ്ഞു ‘അബൂ യഹയാ കച്ചവടം ലാഭകരമായി, ലാഭകരമായി.’ തന്നെ മുന്‍കടന്നു മനുഷ്യരാരും തന്നെ പ്രവാചകന്നടുത്ത് എത്തിയിട്ടില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ ജിബ്‌രീലാണ് പ്രവാചകന് വിവരങ്ങള്‍ എത്തിച്ചു നല്‍കിയതെന്നു മനസിലാക്കിയ സുഹൈബ് ആഹ്‌ളാദ ഭരിതനായി. അദ്ദേഹത്തിനും ആദശ സംരക്ഷണാര്‍ത്തം ത്യാഗങ്ങളനുഷ്ഠിക്കുന്ന ലോകാവസാനം വരെയുളള മുഴുവന്‍ വിശ്വാസികള്‍ക്കും പ്രത്യാശ പകര്‍ന്നു കൊണ്ട് ഖുര്‍ആന്‍ അവതീണമായി.

‘ജനങ്ങളില്‍ ചില ആളുകളുണ്ട് .അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്ക്കുന്നു.അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം കൃപയുളളവനാകുന്നു.’
വിശുദ്ധ ഖുര്‍ആന്‍ അധ്യായം 2 സൂറ അല്‍ ബഖറ 207

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

അവര്‍ രണ്ടു പേര്‍; കൂടെ അല്ലാഹുവും

വിശ്വാസികളായ ജിന്നുകള്‍

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 193 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക