|    May 26 Sat, 2018 4:20 am
Home   >  Editpage  >  Lead Article  >  

മൂപ്പിളമത്തര്‍ക്കത്തിന്റെ അടിവേരുകള്‍

Published : 18th April 2017 | Posted By: fsq

എ മൈനസ് ബി

വിജു വി നായര്‍

ഇടതുപക്ഷം ഭരിച്ചാലും ഇല്ലെങ്കിലും കുറേക്കാലമായി അച്യുതാനന്ദനായിരുന്നു കേരളത്തിലെ പ്രതിപക്ഷം- പാര്‍ട്ടിക്കകത്തും പുറത്തും. പിണറായി വിജയന്‍ ഭരണത്തിലേറിയപ്പോഴും അതേ നില തുടരുമെന്ന് പൊതുവില്‍ കരുതപ്പെട്ടിരുന്നു. എന്നാല്‍ ‘പ്രതിനായകന്‍’ പണ്ടേപ്പോലെ ഏശുന്നില്ല. പകരം, കാനം രാജേന്ദ്രനാണ് പുതിയ പ്രതിപക്ഷം. സത്യത്തില്‍ എന്താണീ പോരാട്ടത്തിലുള്ളത്? സിപിഎമ്മിന്റെ പല നടപടികളും ഭരണമുന്നണിയുടെ പ്രഖ്യാപിത നയത്തില്‍നിന്നുള്ള വ്യതിചലനമാണെന്ന് സിപിഐ പറയുന്നു. അങ്ങനെയല്ലെന്നു സിപിഎം പക്ഷം. മുടിനാരിഴ കീറിയാണ് കൊടികെട്ടിയ സഖാക്കന്മാരുടെ തര്‍ക്കവും സ്വയം ന്യായീകരണങ്ങളും. ഇതില്‍ സിപിഎമ്മിന്റെ പോക്ക് നാട്ടുകാരുടെ കാഴ്ചയില്‍ പിശകാണെന്നും തങ്ങളുടെ ശരിയാണ് നാട്ടിലെ ശരിയെന്നുമുള്ള വ്യാഖ്യാനത്തിലാണ് സിപിഐ. ഉദാഹരണത്തിന് നിലമ്പൂരിലെ മാവോയിസ്റ്റ് കൊല. പ്രത്യയശാസ്ത്രപരമായി വിയോജിപ്പുള്ളവരെയും അതിന്‍പടി പ്രവര്‍ത്തിക്കുന്നവരെയും കൊല്ലരുതെന്നാണ് സിപിഐ പക്ഷം. തങ്ങളും അതേ നിലപാടുകാരാണെന്ന് സിപിഎം പറയുന്നു. അപ്പോള്‍, നിലമ്പൂരിലെ കൊലയോ? സിപിഐയുടെ ആ ചോദ്യത്തിന് സിപിഎം മറുപടിയിങ്ങനെ: വ്യാജ ഏറ്റുമുട്ടലല്ല അവിടെ നടന്നത്. ആളെ പിടിച്ചുകൊണ്ടുപോയി തട്ടിക്കളയുന്ന പരിപാടിയാണ് വ്യാജ ഏറ്റുമുട്ടല്‍; നിലമ്പൂരിലേത് ശരിക്കുള്ള ഏറ്റുമുട്ടലായിരുന്നു. നേര് അങ്ങനെയായിരുന്നോ എന്നതിന്‍മേല്‍ ഒരന്വേഷണം നടക്കുന്നുണ്ട്. അതിരിക്കട്ടെ. ടി മാവോവാദികള്‍ കേരളത്തിന്റെ കാട്ടിന്‍പുറത്ത് വന്നതെന്തിനെന്ന ചോദ്യത്തിന് തര്‍ക്കകക്ഷികള്‍ രണ്ടും സമാനമായ സാമൂഹിക രാഷ്ട്രീയ പരിപ്രേക്ഷ്യം തരും. ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ദരിദ്രജനത ദരിദ്രരായി തുടരുന്നു, ചൂഷണം ചെയ്യപ്പെടുന്നു. അവിടെയാണ് മാവോവാദികള്‍ കയറി ഇടമുണ്ടാക്കുന്നത്. തോക്കുകൊണ്ടല്ല പരിഹാരമുണ്ടാക്കേണ്ടത്; മറിച്ച്, പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കു വന്നാണ്. ദരിദ്രരുടെ എരണക്കേട് കണ്ട് തോക്കെടുക്കുന്നവരെ ചര്‍ച്ചയ്ക്കു വരുത്തി ഗുണദോഷിച്ച് നേരെയാക്കാം എന്നതാണ് ഇരുപക്ഷത്തിന്റെയും ലൈന്‍. അതോടെ വിപ്ലവം പാര്‍ലമെന്ററി കുഴലിലൂടെ വരുമോ എന്നൊന്നും ചോദിക്കരുത്. അതിനുള്ള അധ്വാനമാണ് തല്‍ക്കാലം എടുത്തുകൊണ്ടിരിക്കുന്നത്. സമയം പിടിക്കും. ക്രി.മു. മൂവായിരത്തിലോ നാലായിരത്തിലോ ചിലപ്പോള്‍ കാര്യം സാധിച്ചെന്നുവരാം. രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇവ്വിധം ഒരേതരത്തിലാണെങ്കില്‍ പിന്നെ എന്താണു പ്രശ്‌നം? വ്യത്യാസം കിടക്കുന്നത് കാഴ്ചപ്പാടിലല്ല; അതിനെ ജനസമക്ഷം വിക്ഷേപിക്കുന്ന രീതിയിലാണ്. 90 ശതമാനം ജനങ്ങളും മധ്യവര്‍ഗമായിരിക്കുന്ന കേരളീയസമൂഹത്തില്‍ കിരീടംവയ്ക്കുന്നത് മധ്യവര്‍ഗ സെന്‍സിബിലിറ്റിയാണ്. നിയമം തൊട്ട് നിയമലംഘനം വരെ, ജീവിതരീതി തൊട്ട് മരണസങ്കല്‍പം വരെ എന്തിനും ഇവിടെ പൊതുവ്യവഹാര മാതൃകകളുണ്ട്. മധ്യവര്‍ഗമാണ് അതിന്റെ സ്രഷ്ടാക്കള്‍. രാഷ്ട്രീയകക്ഷികള്‍ക്കു പൊതുസമ്മതി വേണമെന്നുണ്ടെങ്കില്‍ ടി വ്യവഹാരങ്ങള്‍ക്കു നിരക്കുന്ന നയപരിപാടികള്‍ അവലംബിക്കണം. കുറഞ്ഞപക്ഷം അങ്ങനെ ചെയ്യുന്നു എന്നു ഭാവിക്കണം. സിപിഐ ചെയ്യുന്നത് അതാണ്. സ്വാഭാവികമായും ഇപ്പറഞ്ഞ മധ്യവര്‍ഗ വ്യവഹാരങ്ങളുടെ പ്രചാരകരും ഇടനിലപ്പണിക്കാരുമായ മാധ്യമങ്ങള്‍ അവര്‍ക്കു കൈയടിക്കുന്നു. സിപിഎമ്മിനാവട്ടെ, കാര്യത്തോടടുക്കുമ്പോള്‍ ഈ ഭാവാഭിനയം പിശകിപ്പോവുന്നു. അതുകൊണ്ട് കല്ലേറ് കിട്ടുന്നു.പ്രശ്‌നം ഇപ്പറഞ്ഞ മധ്യവര്‍ഗീയത തന്നെയാണ്. പ്രത്യയശാസ്ത്രപരമായി അങ്ങനെയല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരെണ്ണം അതിനു വഴങ്ങി നല്ലപിള്ളകളാവുന്നു; മറ്റേത് മെയ്‌വഴക്കത്തില്‍ പരാജയപ്പെടുന്നു. ഈ വ്യത്യാസത്തിന് ചരിത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളുണ്ട്. നവോത്ഥാനം ഉഴുതുമറിച്ചിട്ട മണ്ണിലാണ് ഇടതുപക്ഷം ഇവിടെ മുളച്ചുപൊന്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, നവോത്ഥാനം ജനങ്ങളില്‍ ഏതു വിഭാഗങ്ങളിലാണ് ഏശിയത്? ബഹുഭൂരിപക്ഷം നവോത്ഥാന നായകരും ഹിന്ദുമതത്തിലെ അധഃസ്ഥിത ജാതിവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നവരാണ്. അവരുടെ നവോത്ഥാനാഹ്വാനം ഏശിയത് അതേ ജാതിവിഭാഗങ്ങളില്‍ മാത്രമാണ്. സ്വാഭാവികമായും വര്‍ണഹിന്ദുക്കള്‍ അതിനെതിരായിരുന്നു. ഇതര മതസ്ഥരോ? ക്രിസ്ത്യാനികളും മുസ്‌ലിംകളും നവോത്ഥാന നീക്കങ്ങളെ പൊതുവില്‍ കണ്ടിരുന്നത്, ജാതീയതയും അയിത്തവുമൊക്കെയുള്ള ഹിന്ദുമതത്തിലെ ആഭ്യന്തരകാര്യമെന്ന നിലയ്ക്കാണ്. ജാതീയത അത്രകണ്ടില്ലെങ്കിലും ഈ മതസമുദായങ്ങളിലും നവോത്ഥാനം കലശലായി ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അത്തരമൊരു കാഴ്ചപ്പാട്, നവോത്ഥാനം ഹിന്ദുമതപ്രശ്‌നമായി മാത്രം കണ്ടതോടെ ഈ വിഭാഗങ്ങളില്‍നിന്ന് ഒഴിഞ്ഞുപോയി. അതിന്റെ ഭവിഷ്യത്താണ് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലുണ്ടായ ജാതിമതാധിഷ്ഠിത ചേരിതിരിവ്. നവോത്ഥാനത്താല്‍ ഉണര്‍ന്ന അധഃസ്ഥിത ജാതിക്കാര്‍ പൊതുവില്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തായപ്പോള്‍ മറ്റുള്ളവര്‍ അതിന്റെ എതിര്‍ചേരിയില്‍ അണിനിരന്നു. ഒന്നാം ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച വിമോചനസമരം സത്യത്തില്‍ എങ്ങനെയുണ്ടായെന്നും അതിന്റെ ബലതന്ത്ര സമവാക്യം എന്തായിരുന്നെന്നും ഓര്‍ക്കുക. അതുവരെ അടിമയും അട്ടക്കാടിയുമായിരുന്നവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ പഴയ ഉടമകളും തമ്പ്രാക്കളും അസ്വസ്ഥരായത് മനസ്സിലാക്കാം. എന്നാല്‍ അവരുടെ ഇരിക്കപ്പൊറുതി നഷ്ടപ്പെടുത്തിയത് പൊതുവെ പ്രചരിപ്പിച്ചപോലെ സഖാക്കളുടെ ‘സെല്‍ഭരണ’മായിരുന്നില്ല; ചരിത്രത്തിലാദ്യമായി കൊണ്ടുവന്ന ചില സദ്ഭരണ നടപടികളായിരുന്നു- ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്ല്, അധികാര വികേന്ദ്രീകരണ നീക്കം ഇത്യാദി. അതിനെതിരേ വാളെടുത്ത വിമോചന സമരമുന്നണി നോക്കുക: നായര്‍, നസ്രാണി, പിന്നാലെ മുസ്‌ലിംകളും. അന്നു തുടങ്ങിയ ഒരു രാഷ്ട്രീയ വിഭജനമുണ്ട്. ഹിന്ദുമതത്തിലെ അധഃകൃതരാക്കപ്പെട്ട ജാതി-ഉപജാതി വിഭാഗങ്ങളും മതേതരക്കാരും സാമാന്യേന ഇടതുപക്ഷത്ത്. വര്‍ണഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും എതിര്‍പക്ഷത്ത്. കാലാകാലം ചില്ലറ മാറിമറിയലുകള്‍ ഉണ്ടായെന്നല്ലാതെ അടിസ്ഥാനപരമായി ഈ സാമാന്യനിലയ്ക്കു മാറ്റമൊന്നുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ അധഃസ്ഥിത വിഭാഗങ്ങള്‍ സിപിഎമ്മിനൊപ്പം കൂടി. ഇടതുപക്ഷ മനോഭാവക്കാരായ കുറേ വര്‍ണഹിന്ദുക്കളാണ് മുഖ്യമായും സിപിഐയില്‍ ശേഷിച്ചത്. ഈ പ്രാതിനിധ്യ വ്യത്യാസമാണ് ഇരുകക്ഷികളെയും അടിസ്ഥാനപരമായി വേര്‍തിരിക്കുന്നത്; അന്നും ഇന്നും. മധ്യവര്‍ഗത്തിന് വ്യവഹാരക്കോയ്മയുള്ള കേരളത്തില്‍ ആരാണ് ഈ വര്‍ഗത്തെ അഥവാ ഈ കേന്ദ്ര വ്യവഹാരത്തെ നിര്‍ണയിക്കുന്ന വിഭാഗം? ലളിതമാണ് ഉത്തരം: വര്‍ണഹിന്ദുക്കളും അവരുടെ നിലപാടുകളോട് പൊരുത്തപ്പെട്ടുനില്‍ക്കുന്ന ക്രിസ്ത്യാനികളും. മുസ്‌ലിംകളിലെ വരേണ്യര്‍ ‘ദേശീയ മുസ്‌ലിംകള്‍’ എന്ന രാഷ്ട്രീയലേബലില്‍ ഈ അച്ചുതണ്ടിന് പണ്ടേ തന്നെ വിധേയരാണ്. എന്നാല്‍, മുസ്‌ലിം ജനസാമാന്യം ഈ സഖ്യത്തെ സംബന്ധിച്ച് അന്യരായിരുന്നു. അതിനു സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. മുഖ്യധാരയില്‍നിന്ന് ബഹുദൂരം പിന്നിലായിരുന്ന അവര്‍ ഒന്നു പച്ചപിടിക്കുന്നത് 1970കളിലെ ഗള്‍ഫ് ബൂം മുതലാണ്. ഗള്‍ഫ് പ്രവാസികളുടെ രണ്ടും മൂന്നും തലമുറകളിലെത്തുമ്പോള്‍ അവര്‍ സാമ്പത്തികമായും ഭൗതികമായും സമനില പിടിക്കുകയും തുടര്‍ന്ന് ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് മുന്നേറാനും തുടങ്ങി. സമാന്തരമായി, സാംസ്‌കാരികതലത്തിലും മുസ്‌ലിം ജനസാമാന്യം കേരളീയ മുഖ്യധാരയ്‌ക്കൊത്ത് ഉയര്‍ന്നുവന്നു. 1990കളില്‍ സ്വന്തം പ്രസിദ്ധീകരണങ്ങളും എഴുത്തും വായനയും വഴി ഈ നവോത്ഥാനമുണ്ടായപ്പോള്‍ മുഖ്യധാരയുടെ പ്രതികരണരീതി സവിശേഷമായിരുന്നു. ഇത്തരം ചരിത്രഘട്ടങ്ങളില്‍ രണ്ടു രീതികള്‍ അവലംബിക്കുന്ന പതിവുണ്ട്, എവിടത്തെയും മുഖ്യധാരയ്ക്ക്. ഒന്നുകില്‍ പുതിയ കാറ്റിനെക്കൂടി ഉള്‍ക്കൊണ്ട് സ്വയം വിപുലപ്പെടുത്താം. അല്ലെങ്കില്‍ അതിനെ പ്രതിലോമകരമെന്നു ചാപ്പയടിച്ച് മുനയൊടിക്കാം. ഇതില്‍ രണ്ടാം ലൈനാണ് കേരളത്തിന്റെ മുഖ്യധാര അവലംബിച്ചത്. അതിന്റെ ലാക്ഷണിക പ്രത്യക്ഷമായിരുന്നു അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള പൊതുസമീപനം. അതിരിക്കട്ടെ. മേല്‍പ്പറഞ്ഞ മധ്യവര്‍ഗനിര്‍മിതമായ മുഖ്യധാരയ്ക്കു സാമ്പത്തികമായോ ഭരണഘടനാ ജനായത്തത്തിന്റെ പശ്ചാത്തലത്തിലോ ഈ ‘അപര’രെ നിരാകരിക്കാന്‍ കഴിയില്ല. അതേസമയം, സാംസ്‌കാരികതലത്തിലും രാഷ്ട്രീയപരമായും മുഖ്യധാരയില്‍ അവര്‍ക്കു സമനില ഇനിയും പിടിക്കാനുണ്ട്. കമ്പോളവല്‍ക്കരണം വേരുപിടിച്ചുകഴിഞ്ഞ ഉപഭോഗദേശത്ത് പഴയ സാംസ്‌കാരികമൂലധനം സ്വയമേവ അപ്രസക്തി വരിക്കുന്ന ഉരുപ്പടിയാണ്. ജനിതകഘടകങ്ങളുടെ പേരിലുള്ള മെറിറ്റും കോയ്മയുമൊന്നും വാണിഭപ്പൂരത്തില്‍ ചെലവാകില്ല. അതുവച്ചുള്ള പേശിപിടിത്തം അധികകാലം തുടരാനുമാവില്ല. ശിഷ്ടം രാഷ്ട്രീയം. അവിടെ ഇപ്പോഴും പഴയ വൈക്ലബ്യങ്ങള്‍ക്ക് കാര്യമായ മാറ്റമില്ല. അത് ഏറ്റവുമധികം വര്‍ണഹിന്ദുക്കള്‍ക്കാണെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. ഇക്കൂട്ടരില്‍ ഒരു കഷണത്തെയാണ്- ചെറുതെങ്കിലും- പ്രധാനമായും സിപിഐ പ്രതിനിധാനം ചെയ്യുന്നത്. മുസ്‌ലിം സംഘടനകളോട് പൊതുവെ ആ പാര്‍ട്ടിക്കുള്ള സമീപനത്തിന്റെ ഉള്ളടക്കങ്ങളിലൊന്ന് ഈ ജനിതക ഘടകമല്ലേ? അത്, കമ്മ്യൂണിസത്തിന്റെയും മതേതരത്വത്തിന്റെയും മറയില്‍ സമ്മതിക്കില്ലെങ്കിലും സംഗതമായ ഒരു പ്രകൃതനേര് അവര്‍ കൂടക്കൂടെ വെളിപ്പെടുത്താറുണ്ട്: കേരളത്തിലെ പ്രമാണിവ്യവഹാരങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിച്ചു പുലര്‍ത്തുകയും ചെയ്യുന്ന മധ്യവര്‍ഗത്തിന്റെ ടിപ്പിക്കല്‍ പ്രാതിനിധ്യം ഇടതു ചക്രവാളത്തില്‍ നിര്‍വഹിക്കുന്ന കക്ഷിയാണ് സിപിഐ. സ്വാഭാവികമായും അവരുടെ നയനിലപാടുകള്‍ക്ക് ഇപ്പറഞ്ഞ വ്യവഹാരക്കോയ്മയുടെ സംരക്ഷകരായ മധ്യവര്‍ഗം കൈയടിക്കും. അത് ഇടതുപക്ഷ നയനിലപാടുകളായതുകൊണ്ടല്ല. മറിച്ച്, തങ്ങള്‍ക്കു സര്‍വാത്മനാ നിരക്കുന്ന മധ്യവര്‍ഗപ്പെരുമാറ്റം ഇടതുപാളയത്തില്‍നിന്ന് നിര്‍വഹിക്കുന്ന കൂട്ടര്‍ എന്ന നിലയ്ക്കുള്ള ഐകരൂപ്യമാണ്. അങ്ങനെ പെരുമാറാന്‍ സിപിഐക്ക് വലിയ പ്രയാസമൊന്നുമില്ല. ഒന്നാമത്, പാര്‍ലമെന്ററി ജനാധിപത്യ മാതൃകയ്ക്കുള്ളിലെ ഭരണം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭരണമല്ല. ഭരണകൂടത്തെ മാനേജ് ചെയ്യുന്ന സ്റ്റേജ് മാനേജര്‍മാര്‍ മാത്രമാണ് അധികാരത്തിലെത്തിക്കഴിയുന്ന ആരും. അക്കാര്യം കേന്ദ്ര വ്യവഹാരിപ്പുകാരായ മധ്യവര്‍ഗ നേതൃത്വത്തിന് നന്നായറിയാം. അത്തരക്കാരുടെ പ്രാതിനിധ്യം പേറുന്ന കക്ഷികള്‍ക്കു പിന്നെ സംശയത്തിന്റെയോ അറച്ചുനില്‍പ്പിന്റെയോ പ്രശ്‌നമില്ല. വിരുദ്ധ മുന്നണികളില്‍ നിന്നുകൊണ്ട് ഈ ഭരണകല നിര്‍വഹിക്കാന്‍ സിപിഐക്ക് സാധ്യമാവുന്നത് വെറുതെയാണോ? ഈ മധ്യവര്‍ഗീയതയും വഴക്കവും വേണ്ടത്ര സ്വായത്തമാക്കാന്‍ സിപിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. ശ്രമിക്കാഞ്ഞിട്ടോ കൊതിയില്ലാഞ്ഞോ അല്ല; ജനിതകഘടനയാണു വിഘ്‌നം, അതുവച്ചുള്ള ദീര്‍ഘ പ്രവര്‍ത്തനചരിത്രവും. കോടിയേരിയും കൂട്ടരും കാനത്തിന് ശിഷ്യപ്പെടുന്നതാണ് ബുദ്ധി. കാരണം, മൂപ്പിളമത്തര്‍ക്കത്തില്‍ വണ്ണംകൊണ്ടല്ല വല്യേട്ടനാവുന്നത്; വഴക്കംകൊണ്ടാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss