|    Jul 26 Wed, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം ജെയിംസ് കമ്മിറ്റി തടഞ്ഞു

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. ഈ മാസം ഒമ്പതുവരെ വിദ്യാര്‍ഥികള്‍ക്ക് ഓ ണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാവും. നേരത്തേ നല്‍കിയ ഷെഡ്യൂള്‍ പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതില്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അപേക്ഷാ തിയ്യതി നീട്ടാന്‍ പ്രവേശന മേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അതിനിടെ, ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ റദ്ദാക്കിയ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രോസ്പക്റ്റസിന്റെ അംഗീകാരം ജെയിംസ് കമ്മിറ്റി പിന്‍വലിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വര്‍ക്കല അകത്തുമുറി എസ്ആര്‍ മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് സെന്റര്‍, കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് എന്നിവയുടെ പ്രോസ്പക്റ്റസിന്റെ അംഗീകാരമാണു പിന്‍വലിച്ചത്. ഈ കോളജുകളിലേക്കു നടത്തുന്ന പ്രവേശന നടപടികള്‍ക്ക് യാതൊരുവിധ നിയമപ്രാബല്യവുമുണ്ടാവില്ലെന്നും ജെയിംസ് കമ്മിറ്റി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുടെ പ്രവേശന നടപടികളില്‍ സുതാര്യതയില്ലെന്നും വെബ്‌സൈറ്റുകള്‍ നിശ്ചലമാണെന്നും പലര്‍ക്കും അപേക്ഷിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു പരിഷ്‌കരിച്ച സമയക്രമവും കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ഈ മാസം ഒമ്പതുവരെ ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്നലെ വരെയായിരുന്നു നേരത്തേ നിശ്ചയിച്ച സമയം. ഓരോ മെഡിക്കല്‍ കോളജുകളും ലഭിച്ച അപേക്ഷകളുടെ പട്ടിക 10ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
പരാതികളും ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ക്ക് 11 വരെ നല്‍കാം. അപാകതകള്‍ പരിഹരിച്ച് കോളജുകള്‍ യോഗ്യരായവരുടെ അന്തിമ പട്ടിക 13നു പ്രസിദ്ധീകരിക്കണം. അന്നേദിവസംതന്നെ ഈ പട്ടിക ജെയിംസ് കമ്മിറ്റിക്ക് കൈമാറണം. ആദ്യഘട്ട പ്രവേശനത്തിന്റെ കൗണ്‍സലിങ്  20നു നടക്കും. രണ്ടാംഘട്ട കൗ ണ്‍സലിങ് 27നാണ്. പലകാരണങ്ങളാല്‍ ഒഴിവു വരുന്ന സീറ്റുകളിലെ പ്രവേശന നടപടികള്‍ ഈ മാസം 30നു മുമ്പ് പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കണമെന്നും ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ചു.
പുതിയ സമയക്രമം പാലിച്ച് പ്രവേശനം നടത്തുന്നതില്‍ ഏതെങ്കിലും കോളജുകള്‍ വീഴ്ചവരുത്തുന്നപക്ഷം അവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ജെയിംസ് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു മുതല്‍ അപേക്ഷ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യാഥാസമയം വെബ്‌സൈറ്റുകള്‍ തുറക്കാന്‍ കോളജുകള്‍ തയ്യാറായില്ല. പിന്നീട് കര്‍ശന നടപടി എടുക്കുമെന്നു കാണിച്ച് ജസ്റ്റിസ് ജെയിംസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതോടെ അവസാന രണ്ടുദിവസങ്ങളില്‍ ചില കോളജുകള്‍ അപേക്ഷ സ്വീകരിക്ക ല്‍ പുനരാരംഭിച്ചു. എന്നാല്‍, പ്രവര്‍ത്തനം ഭാഗികമായിരുന്നു. നേരത്തേ തന്നെ ചില കോളജുകള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതാകാം വെബ്‌സൈറ്റ് നിശ്ചലമാവാനുള്ള കാരണമെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ജെയിംസ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ പല കോളജുകളും പ്രവേശനം നടത്തുന്നത് സുതാര്യമായിട്ടല്ലെന്നു കണ്ടെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക