|    Jun 22 Fri, 2018 7:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്ന് സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് കത്തോലിക്കാസഭ

Published : 28th February 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ച് കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം. 1970കളില്‍ ഈ മൂന്നു സീറ്റുകളിലും സഭ നിര്‍ദേശിച്ചവര്‍ക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. ആ സ്ഥിതി തിരിച്ചുകൊണ്ടുവരണമെന്നാണ് സഭയുടെ ആഗ്രഹമെന്നും സംസ്ഥാനതലത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ ഇക്കാര്യം പരിഗണിക്കണമെന്നും ആര്‍ച്ച് ബിഷപ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ സീറ്റ് വേണമെന്ന സഭയുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. 1991 മുതല്‍ ഈ സീറ്റില്‍നിന്നു വിജയിച്ചുവരുന്നത് തേറമ്പില്‍ രാമകൃഷ്ണനാണ്. തൃശൂരിലെ പ്രത്യേക സാഹചര്യത്തില്‍ സഭ ഇദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഇക്കുറി ഒല്ലൂര്‍ മണ്ഡലത്തില്‍ സഭയുടെ ഇഷ്ടക്കാരനായ സിറ്റിങ് എംഎല്‍എ എം പി വിന്‍സെന്റിന് വീണ്ടും സീറ്റ് നല്‍കണമെന്നാണ് ആവശ്യം. അതിരൂപതയുടെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും ആന്‍ഡ്രൂസ് താഴത്ത് വിശദീകരിച്ചിട്ടുണ്ട്.
മണലൂരില്‍ നിലവിലുള്ള എംഎല്‍എ പി എ മാധവനെ വടക്കാഞ്ചേരിയിലേക്കു മാറ്റി ഡോ. നിജി ജസ്റ്റിനെ സ്ഥാനാര്‍ഥിയാക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ ഇവരെതന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സഭയുടെ താല്‍പര്യം.
ചേര്‍ന്നുകിടക്കുന്ന ഈ മൂന്നു മണ്ഡലങ്ങളില്‍ 1970ല്‍ ഒല്ലൂരില്‍ പി ആര്‍ ഫ്രാന്‍സിസും തൃശൂരില്‍ പി എ ആന്റണിയും മണലൂരില്‍ എന്‍ ഐ ദേവസിക്കുട്ടിയുമായിരുന്നു എംഎല്‍എമാര്‍. പിന്നീടൊരിക്കലും ഇപ്രകാരമുണ്ടായിട്ടില്ലെന്ന് കത്തോലിക്കാസഭ പറയുന്നു. സഭയ്ക്ക് ഏറെ സ്വാധീനമുള്ള തൃശൂരില്‍ മൂന്ന് സീറ്റിന് അര്‍ഹതയുണ്ടെന്നാണു വോട്ടര്‍മാരുടെ എണ്ണം കണക്കാക്കി സഭയുടെ വാദം. ചാലക്കുടിയില്‍ പി ടി തോമസിനോ, എന്‍എസ്‌യു ദേശീയ പ്രസിഡന്റ് റോജി ജോണിനോ പുതുതായി സീറ്റ് നല്‍കുകയും ഒല്ലൂരില്‍ എം പി വിന്‍സന്റിനെ നിലനിര്‍ത്തുകയും ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് സഭയുമായി അടുത്തബന്ധം പുലര്‍ത്തുന്ന യുഡിഎഫിലെ ഉന്നതര്‍ ചരട് വലിക്കുന്നത്. മണലൂരില്‍ സുധീരന്‍ വീണ്ടും അങ്കത്തിനിറങ്ങിയാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് അതിരൂപത പ്രഖ്യാപിച്ചിട്ടുണ്ട്.
അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കത്തോലിക്കാസഭ’ മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച യുഡിഎഫിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മാര്‍ച്ച് ലക്കത്തിലെ ഇനി ജനം പറയും എന്ന മുഖലേഖനത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുമെന്ന ആശങ്ക പങ്കുവച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss