|    Oct 19 Thu, 2017 11:11 am
FLASH NEWS
Home   >  Kerala   >  

മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഇരട്ടിയായി വര്‍ധിപ്പിക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 9th July 2016 | Posted By: G.A.G

aqua

കൊല്ലം: വരുന്ന മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ മത്സ്യകൃഷിയെ സംബന്ധിച്ച് നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ ഉപദേശക സമിതി രൂപീകരിക്കും. ശാസ്ത്രസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനവും ഉപയോഗപ്പെടുത്തും. ആദ്യപടിയായി സംസ്ഥാനത്ത് ആവശ്യമുള്ള 12.5 കോടി മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. മേഖലയില്‍ കൂടുതല്‍ ബോധവത്ക്കരണവും കൂട്ടായ പ്രവര്‍ത്തനങ്ങളും നടത്തും. അഷ്ടമുടിക്കായലിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 3.5 മില്യന്‍ ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നത്. മത്സ്യബന്ധനത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏറെ പിന്നിലാണ് സംസ്ഥാനം. ഇതിന് മാറ്റം വരുത്തേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയില്‍ മത്സ്യബന്ധനമേഖലക്ക് നിര്‍ണായ സ്ഥാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
എം മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, ഡോ.എ രാമചന്ദ്രന്‍, ഡോ.വിജയന്‍, ഡോ.അപ്പുക്കുട്ടന്‍, ഡോ.പുരുഷന്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ കെ എം ലതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി റ്റി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക