|    Oct 22 Sun, 2017 4:48 am

മൂന്ന് ബോട്ടുകള്‍ തകരാറിലായി; ഫോര്‍ട്ട്‌കൊച്ചി-എറണാകുളം റൂട്ടില്‍ യാത്രാദുരിതം

Published : 20th August 2016 | Posted By: SMR

മട്ടാഞ്ചേരി: ആകെയുള്ള ആറ് ബോട്ടുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയതോടെ ഫോര്‍ട്ട്‌കൊച്ചി-എറണാകുളം റൂട്ടില്‍ യാത്രാദുരിതം വര്‍ധിച്ചു. നൂറ് കണക്കിനാളുകളാണ് ദിവസേന നഗരത്തില്‍ എത്തുന്നതിന് ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത്.
എസ് 31, എസ് 34 എന്നീ ബോട്ടുകള്‍ ഇന്നലെ തകരാറിലായി. എ 87 ബോട്ട് കഴിഞ്ഞ ആറാം തിയ്യതി അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ മൂന്ന് ബോട്ടുകള്‍ക്ക് പകരം സംവിധാനം ഒരുക്കാത്ത ജലഗതാഗത വകുപ്പിന്റെ നടപടി യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നഗരത്തിലെ ഷോറൂമുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവരാണ് ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത്.
ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത് ഏറിയ പങ്കും സാധാരണക്കാരായതിനാലാണ് അധികൃതര്‍ നിസംഗത പുലര്‍ത്തുന്നതെന്നാണാക്ഷേപം. ബോട്ടില്‍ യാത്ര ചെയ്താല്‍ സമയവും പണവും ലാഭിക്കാമെന്നതാണ് സാധാരണക്കാരെ ബോട്ട് സര്‍വീസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്തെ ഷെഡ്യൂളുകളാണ് ബോട്ടുകള്‍ പിന്‍വലിച്ചതോടെ വെട്ടിക്കുറച്ചിട്ടുള്ളത്.
ഈ റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക