|    Mar 25 Sat, 2017 3:39 am
FLASH NEWS

മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കുന്നു; വിസ അധികൃതര്‍ റദ്ദാക്കി

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: മൂന്നു മുതിര്‍ന്ന ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ തിരിച്ചയക്കുന്നു. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ ഡല്‍ഹി ബ്യൂറോ ചീഫ് വു കിയാങ്, മുംബൈ റിപോര്‍ട്ടര്‍മാരായ ലു താങ്, ഷി യോംഗാങ് എന്നിവരെയാണ് തിരിച്ചയക്കുന്നത്. ഈ മാസം 31നകം രാജ്യംവിടാന്‍ ഇവരോട് ആവശ്യപ്പെട്ടു.
ആദ്യമായാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ ഈ രീതിയില്‍ പുറത്താക്കുന്നത്. ഇവര്‍ മൂന്നു പേരും മറ്റെന്തോ ആവശ്യത്തിനെന്ന നാട്യത്തില്‍ കള്ളപ്പേരില്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ മാസം 14നാണ് ഇന്ത്യ വിടാന്‍ ഇവര്‍ക്ക് അറിയിപ്പ് കിട്ടിയത്. മൂവരുടെയും വിസ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
ഏഴു വര്‍ഷമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന വു കിയാങിന് ആറു വര്‍ഷത്തെ വിസ കാലാവധി ബാക്കിയുണ്ട്. മറ്റു രണ്ടുപേരുടെയും വിസ സമീപകാലത്താണ് പുതുക്കി നല്‍കിയത്. ചൈനയില്‍ ഏറ്റവും സ്വാധീനമുള്ള വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. സിന്‍ഹുവയുടെ പ്രസിഡന്റ് ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്. മാധ്യമപ്രവര്‍ത്തകരോട് രാജ്യംവിടാന്‍ നിര്‍ദേശിച്ച കാര്യം സിന്‍ഹുവ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. രാജ്യം വിടാന്‍ ഇവരോട് പ്രത്യേക കാരണമൊന്നും കാണിച്ചിട്ടില്ല.
ഇവര്‍ക്ക് പകരമായി മറ്റു മാധ്യമപ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് അയക്കുന്നതിന് തടസ്സമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ അസ്വീകാര്യരായ വിദേശ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാന്‍ രാജ്യങ്ങള്‍ അവര്‍ക്ക് വിസ പുതുക്കി നല്‍കാതിരിക്കുകയാണ് ചെയ്യാറ്.
ഇത്തരത്തില്‍ ചൈന ഡിസംബറില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയിരുന്നു. ആണവവിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ അംഗത്വം ചൈനയുടെ എതിര്‍പ്പ് കാരണം തടയപ്പെട്ട ശേഷം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക