|    Oct 20 Sat, 2018 4:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ വിലക്ക് നീക്കി

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) വിലക്കേര്‍പ്പെടുത്തിയ കേരളത്തിലെ മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രിംകോടതി ശരിവച്ചു. വയനാട് ഡിഎം കോളജ്, അടൂര്‍ മൗണ്ട് സിയോന്‍, തൊടുപുഴ അല്‍ അസ്ഹര്‍ എന്നീ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനമാണ് സുപ്രിംകോടതി അംഗീകരിച്ചത്. എംസിഐയുടെ പരിശോധനകളില്‍ നിരവധി വീഴ്ചകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ സ്ഥാപനങ്ങളിലെ മെഡിക്കല്‍ പ്രവേശന നടപടികള്‍ സുപ്രിംകോടതി നേരത്തേ റദ്ദാക്കിയത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വാക്കാലുള്ള അനുമതി മാത്രമാണ് നല്‍കിയത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാവും. അധ്യയനവര്‍ഷം ആരംഭിച്ചത് കണക്കിലെടുത്താണ് തീരുമാനം. പ്രവേശന നടപടി റദ്ദാക്കിയ എംസിഐയുടെ തീരുമാനം ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.സ്ഥാപനങ്ങളിലെ അസൗകര്യങ്ങള്‍ ഗൗരവമുള്ളതല്ലാതിരിക്കെ, ചെറിയ പിഴവുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. സ്വകാര്യ മാനേജ്‌മെന്റുകളും മെഡിക്കല്‍ കൗണ്‍സിലും തമ്മിലുള്ള തര്‍ക്കം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് എംസിഐ കണ്ടെത്തിയ ന്യൂനതകള്‍ പ്രവേശന നടപടികള്‍ റദ്ദാക്കാന്‍ മാത്രം ഗൗരവമുള്ളതല്ല. ഗൗരവമല്ലാത്ത ന്യൂനതകളുടെ പേരില്‍ 400ഓളം വിദ്യാര്‍ഥികളുടെ ഭാവി നഷ്ടപ്പെടുത്തുന്നത് ശരിയല്ല. ഈ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരുടെ എണ്ണത്തില്‍ പത്തു ശതമാനത്തോളം കുറവും അടിസ്ഥാന സൗകര്യങ്ങളില്‍ അപര്യാപ്തതകളും ഉള്ളതിനാല്‍ പുതിയ ബാച്ചിന് പ്രവേശന അനുമതി നല്‍കുന്നത് പഠനത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് എംസിഐ വാദിച്ചു. അതേസമയം, വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചു മാത്രമാണ് മൂന്നു കോളജുകളിലെ പ്രവേശനം അംഗീകരിച്ചതെന്ന് കോടതി പറഞ്ഞു. ഉത്തരവിന്റെ മറവില്‍ മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതികള്‍ അനുമതി നല്‍കരുതെന്നും സുപ്രിംകോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss