|    Nov 20 Tue, 2018 10:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സര്‍വേ ഫലം; കോണ്‍ഗ്രസ്സിന് മുന്‍തൂക്കം

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് തനിച്ചു ഭരണത്തിലേറുമ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ബിജെപി ഭരണത്തിലുള്ള ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടക്കും. മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സീ വോട്ടര്‍ നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു.
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 145 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇവിടെ ബിജെപി പരമാവധി 45 സീറ്റുകളില്‍ ഒതുങ്ങും.
കോണ്‍ഗ്രസ്സിനു 47.9 ശതമാനം വോട്ട് പങ്കാളിത്തം ലഭിക്കുമ്പോള്‍ ബിജെപിക്ക് 39.7 ശതമാനമേ നേടാനാകൂ എന്നും സര്‍വേ ഫലം വ്യക്തമാക്കുന്നുണ്ട്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് ഇവിടെ 107 സീറ്റ് ലഭിക്കും.
119 സീറ്റുള്ള തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ടിഡിപിക്കും കൂടി 64 സീറ്റുകള്‍ ലഭിക്കും. 90 സീറ്റുകളുള്ള ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കും. ഇവിടെ ബിജെപിക്ക് 43ഉം കോണ്‍ഗ്രസ്സിന് 41 സീറ്റുകളും ലഭിക്കും. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരാവും ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുക.
മിസോറാമിലെ 40 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേ. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് 17 സീറ്റുകളില്‍ വിജയിക്കും. കോണ്‍ഗ്രസ് 12 സീറ്റുകളും മിസോറാം പീപ്പിള്‍സ് മൂവ്‌മെന്റ് (എംപിഎം) 9 സീറ്റുകളും നേടും. ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനാവില്ലെന്നാണ് സര്‍വേ ഫലം.
ആഗസ്തില്‍ പ്രമുഖ ദേശീയ ചാനലായ എബിപി ന്യൂസ് നടത്തിയ സര്‍വേയിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രവചിച്ചിരുന്നു. നവംബര്‍ 12നും ഡിസംബര്‍ 7നുമിടയിലാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം ഡിസംബര്‍ 11നാണ് പുറത്തുവരുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss