|    Jan 24 Tue, 2017 12:39 pm
FLASH NEWS

മൂന്നു മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അനുമതി

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കി പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഇന്നലെ സുപ്രിംകോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍, ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള അനുമതിയും നേടി.
കരാറില്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളജുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരാണ് കോളജുകള്‍ക്ക് 10 ലക്ഷം രൂപ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയത്. ഫീസ് വര്‍ധന സുപ്രിംകോടതിയില്‍ ചോദ്യം ചെയ്ത അതേ കോളജുകള്‍ക്കു തന്നെയാണ് സര്‍ക്കാരിന്റെ ഇളവ്.
പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, കോഴിക്കോട് മുക്കം കെഎംസിടി എന്നീ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് 7.5 ലക്ഷം രൂപയും ഈടാക്കാമെന്നു സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. 150 സീറ്റ് ലഭിച്ച കെഎംസിടി മെഡിക്കല്‍ കോളജിനും 10 ലക്ഷം ഈടാക്കാം. പലിശരഹിത നിക്ഷേപമായി കെഎംസിടി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് 10 ലക്ഷം രൂപ വാങ്ങാം. ഫീസ് തര്‍ക്കത്തില്‍ കോടതി ഉത്തരവ് അനുകൂലമായാല്‍ സര്‍ക്കാര്‍ ഫീസില്‍ ബാക്കിയുള്ള തുക വിദ്യാര്‍ഥികള്‍ക്കു മടക്കിനല്‍കുമെന്നും വിജ്ഞാപനത്തിലുണ്ട്.
സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാത്ത കണ്ണൂര്‍ മെഡിക്കല്‍ കോളജിനു 10 ലക്ഷം രൂപയും കരുണയ്ക്ക് 7.5 ലക്ഷം രൂപയും ഈടാക്കാമെന്നു ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭരണപരമായ ചുമതല വഹിക്കുന്ന ജസ്റ്റിസ് ലോധ സമിതി അനുവദിച്ച 150 സീറ്റുകളിലേക്ക് പ്രവേശനാനുമതി തേടി കെഎംസിടി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേന്ദ്രീകൃത കൗണ്‍സലിങിനു തയ്യാറാണെന്നും അവര്‍ അറിയിച്ചു. ഇന്നലെ ഹരജി പരിഗണിക്കവേ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിജ്ഞാപനം കെഎംസിടിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയും അഡ്വ. ഹാരിസ് ബീരാനും കോടതിയില്‍ സമര്‍പ്പിച്ചു. വിജ്ഞാപനം അംഗീകരിച്ച കോടതി ഇതു പ്രകാരം പ്രവേശനം നടത്തുന്നതിന് അനുമതി നല്‍കി. തുടര്‍ന്ന് മാനേജ്‌മെന്റ് ഹരജി പിന്‍വലിച്ചു.
കൂടാതെ 10 കോളജുകളിലെ ഒഴിവുള്ള സീറ്റുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനും വിജ്ഞാപനത്തിലൂടെ അനുമതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക