|    Oct 23 Mon, 2017 5:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മൂന്നു മാസത്തിനിടെ ആറു പേര്‍ക്ക് അഞ്ചാം പനി; എംഎംആര്‍ കുത്തിവയ്പ്പ് കാംപയ്ന്‍ 30 വരെ നീട്ടി

Published : 23rd November 2016 | Posted By: SMR

ദോഹ: ഖത്തറില്‍ നടന്നു വരുന്ന ദേശീയ എംഎംആര്‍(മംപ്‌സ്, മീസില്‍സ്, റൂബെല്ല) കാംപയ്ന്‍ ഈ മാസം 30 വരെ നീട്ടി. ഈ മാസം 14ന് അവസാനിക്കേണ്ട കാംപയിന്‍ കൂടുതല്‍ പേര്‍ രംഗത്തു വരുന്നതു പരിഗണിച്ച്  30 വരെ നീട്ടുകയായിരുന്നു. രാജ്യത്തെ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രികളുള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും തുള്ളി മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഒന്നു മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്കാണ് കുത്തി വെപ്പ് നല്‍കേണ്ടത്.
മൂന്നു മാസത്തിനിടെ രാജ്യത്ത് ചുരുങ്ങിയത് ആറു അഞ്ചാം പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാംക്രമിക രോഗങ്ങള്‍ക്കെതിരെ നടത്തി വരുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമാകാന്‍ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു. അഞ്ചാം പനി, മുണ്ടി വീക്കം, റൂബെല്ല ഉള്‍പ്പെയുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തി വെപ്പാണ് രാജ്യത്തു നടന്നു വരുന്നത്. ഒക്‌ടോബര്‍ 17ന് ആരംഭിച്ച കാംപയിനില്‍ ഇതിനകം 160,000 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളില്‍ നടന്നു വരുന്ന കാംപയ്‌നിലാണ് ഇത്രയും പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയത്. സ്‌കൂളുകളിലെ കാംപയ്ന്‍ ഈ മാസം 14ന് അവസാനിച്ചു.
കുത്തിവയ്പ്പ് നടത്തിയിട്ടില്ലാത്തവരിലാണ് അഞ്ചാം പനി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും അഞ്ചാം പനി രാജ്യത്തു നിന്നു തന്നെ തുരത്തുകയും ചെയ്യുകയാണ് കുത്തിവെപ്പ് യജ്ഞത്തിന്റെ ദൗത്യം. രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. തികച്ചും സൗജന്യമായാണ്  മരുന്ന് കുട്ടികള്‍ക്കു നല്‍കുന്നത്.
ഈ വര്‍ഷം ആദ്യം 22 സ്ത്രീകളില്‍ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് സ്ത്രീകളിലെ രോഗബാധ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞു വരികയാണ്. 2012ല്‍ 160 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 15 മാത്രമായി ചുരുങ്ങിയിരുന്നു.
രാജ്യത്തു നടന്നു വരുന്ന പ്രതിരോധ കുത്തിവയ്പ്പ് കാംപയിന്‍ ആറാഴ്ച പിന്നിടുമ്പോള്‍ 339 സ്‌കൂളുകളിലെ കുട്ടികളില്‍ ഇത് പൂര്‍ത്തിയാക്കി. കുത്തിവെപ്പ് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി പലയിടങ്ങളിലായി സൗകര്യമേര്‍പ്പെടുത്തുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താന്‍ എജുക്കേഷന്‍ സെന്ററില്‍ നടത്തിയ ഓപണ്‍ വാക്‌സിനേഷന്‍ ഡേയില്‍ നിരവധി കുട്ടികള്‍ക്ക് കുത്തിവെപ്പു നടത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണമാണ് രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക