|    Nov 14 Wed, 2018 5:38 pm
FLASH NEWS

മൂന്നു ദിവസത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍

Published : 19th February 2018 | Posted By: kasim kzm

കല്‍പ്പറ്റ: വയനാടിന്റെ ആതുരശുശ്രൂഷാ രംഗത്ത് വിദഗ്ധ ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയവരും പോരായ്മകള്‍ രാഷ്ട്രീയനേട്ടത്തിന് മാത്രം ഉപയോഗിക്കുന്ന പ്രതിപക്ഷവും അറിയണം, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിവിധ അപകടങ്ങളില്‍ പൊലിഞ്ഞത് ഏഴു ജീവനുകളാണ്.
ഏഴു കുടുംബങ്ങളിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ചേതനയറ്റ ശരീരമായി മാറിക്കഴിഞ്ഞു. കോടികളുടെ കണക്കുകള്‍ പറഞ്ഞ് എംപിയും എംഎല്‍എയുമെല്ലാം നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോഴും   അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സുകള്‍ പോലും ഇവിടെയില്ലെന്നതാണ് സത്യം. വിരലിലെണ്ണാവുന്ന മൊബൈല്‍ ഐസിയു ആംബുലന്‍സുകള്‍ മാത്രമാണ് ജില്ലയില്‍. കഴിഞ്ഞ ദിവസം വൈത്തിരി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിനായി ഒരു മണിക്കൂറോളമാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ കാത്തുകിടന്നത്. ഇവിടെത്തന്നെ മൊബൈല്‍ കാര്‍ഡിയാക് ഐസിയു ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് നിരത്തിലിറക്കാനായില്ല. തുടര്‍ന്ന് 2.15ന് ആശുപത്രിയിലെത്തിച്ച പരിക്കേറ്റയാളെ മൂന്നരയോടെയാണ് മൊബൈല്‍ കാര്‍ഡിയാക് ഐസിയു സൗകര്യങ്ങളില്ലാത്ത സാധാരണ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ മൊബൈല്‍ കാര്‍ഡിയാക് ഐസിയു ആംബുലന്‍സിന് ന്യൂനതകള്‍ ഉള്ളതു കാരണമാണ് ഫിറ്റ്‌നസ് നിഷേധിച്ചതെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. ഫിറ്റ്‌നസ് എടുക്കാന്‍ ഹാജരാക്കിയ വാഹനത്തിന്റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയാണെന്നു പരിശോനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വാഹനത്തിന്റെ ഇരുവശങ്ങളിലും നിയമ പ്രകാരമല്ലാതെ പരസ്യം പതിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും നമ്പറും എഴുതിയിരുന്നില്ല. ബ്രേക്കിന്റെ കാര്യക്ഷമതയും പരിശോധനാ വേളയില്‍ കുറവുള്ളതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പെയിന്റടിക്കാതെയുമാണ് വാഹനം ഫിറ്റ്‌നസിനായി ഹാജരാക്കിയത്. പോരായ്മകള്‍ പരിഹരിച്ച് വാഹനം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും ആര്‍ടിഒ അറിയിച്ചു.
ഏഴു ദിവസങ്ങള്‍ക്ക് ശേഷം ന്യൂനതകള്‍ പരിഹരിക്കാതെ തന്നെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുമ്പാകെ വാഹന ഉടമ അപ്പീല്‍ നല്‍കി. ഇതേത്തുടര്‍ന്ന് വാഹനം പരിശോധിക്കാനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ജില്ലാ ആര്‍ടിഒയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേ വാഹനം ഇന്നലെയും പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നെങ്കിലും ന്യൂനതകള്‍ പരിഹരിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്‌നസ് നല്‍കിയിട്ടില്ല. എന്നാല്‍, ഈ മാസം ഏഴിന് ആര്‍ടിഒക്ക് മുന്നില്‍ വാഹനം പരിശോധനയ്ക്ക് ഹാജരാക്കുകയും തുടര്‍ന്ന് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നെന്നും ആശുപത്രിയുടെ പേര് സ്റ്റിക്കര്‍ പതിച്ചത് പരസ്യഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നതായും ഇതിന്റെ പേരില്‍ ഫിറ്റ്‌നസ് നല്‍കാതിരിക്കരുതെന്നു കമ്മീഷണര്‍ ആര്‍ടിഒയ്ക്ക് ഫോര്‍വേഡ് ചെയ്ത പരാതിയില്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍, ഉത്തരവാദപ്പെട്ടവര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നതിനെതിരേയും ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരേയും പ്രതിഷേധം ശക്തമാണ്. വിദഗ്ധ ചികില്‍സയ്ക്ക് വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നം രാഷ്ട്രീയ വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കുന്ന മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ജില്ലയുടെ സാഹചര്യം പരിഗണിച്ച് എയര്‍ ആംബുലന്‍സ് സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം പോലും പേരിന് മാത്രമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss