|    Oct 23 Tue, 2018 12:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മൂന്നുമാസത്തിനുള്ളില്‍ ഭൂകമ്പമുണ്ടാകുമോ ?

Published : 27th September 2017 | Posted By: G.A.G

കോഴിക്കോട് : മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയടക്കമുള്ള പതിനൊന്ന് രാജ്യങ്ങളില്‍ ഭൂകമ്പമുണ്ടാകുമെന്ന സോഷ്യല്‍മീഡിയ പ്രചാരണം നാട്ടിലെങ്ങും ചര്‍ച്ചയാവുകയാണ്. ശക്തിയേറിയ ഭൂകമ്പത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്ന തരത്തില്‍ പ്രധാനമന്ത്രിക്ക് ഒരു സ്ഥാപനത്തിന്റെ പേരില്‍ ഒരാള്‍ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് വാട്‌സപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ആളുകള്‍ അന്വേഷണമാരംഭിച്ചത്.
സാധാരണ ഇത്തരം വ്യാജപ്രചരണങ്ങള്‍ അധികവും നാസയുടേയോ ഐഎസ്ആര്‍ഒയുടെയുമൊക്കെ പേരിലാണ് വരാറുള്ളതെങ്കില്‍ ഇത്തവണ അതീന്ദ്രീയജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്വകാര്യവ്യക്തി താന്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരത്തെ  ഒരു സ്ഥാപനത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്താണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ഏഷ്യന്‍ തീരങ്ങളില്‍ ശക്തമായ ഭൂകമ്പമുണ്ടാകുമെന്നും ഇന്ത്യ, ചൈന,ജപ്പാന്‍, പാകിസ്താന്‍, നേപാള്‍,ബംഗ്ലാദേശ്, തായ്‌ലന്റ്, ഇന്തോനേസ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ഇത് ബാധിക്കുമെന്നും ശീഷ്മ എന്ന പേരിലുള്ള കൊടുങ്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നും ശക്തമായ മഴയും സുനാമിയുമൊക്കെ ഇതോടൊപ്പമുണ്ടാകുമെന്നും ഈ ‘പ്രവചത്തിലുണ്ട്’. അതീന്ദ്രീയജ്ഞാനത്തിന്റെ സഹായത്തോടെയാണ് ഇതൊക്കെ കണ്ടുപിടിച്ചതെന്നും കത്തില്‍ പറയുന്നു. ശാസ്ത്രഗവേഷണം നടത്തുന്നുവെന്നവകാശപ്പെടുന്ന സ്ഥാപനം പ്രധാനമന്ത്രിക്കയച്ചുവെന്ന് പറയുന്ന കത്തിലാകട്ടെ മുഴുവന്‍ വ്യാകരണത്തെറ്റുകളും അക്ഷരപ്പിശകുകളുമാണ്. ഭൂകമ്പം വരുന്നെന്ന് കേട്ട് വിരണ്ട് നെഞ്ചുവേദന വന്ന ലോലഹൃദയര്‍ പ്രസ്തുത കത്ത് ഒന്ന് ഓടിച്ചു നോക്കിയാല്‍മതി സംഗതിയില്‍ എന്തോ പിശകുണ്ടെന്ന് ബോധ്യപ്പെടാന്‍.
ഭൂമികുലുക്കമോ സുനാമിയോ ഒന്നും നാല് ദിവസം മുന്നേ പോലും പ്രവചിക്കാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ നിലവിലില്ലെന്നാണ് ഐക്യരാഷ്ട്രസഭാ പരിസ്ഥിതിപദ്ധതിയില്‍ ദുരന്തഅപകടസാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുക്കുടി തന്റെ ഫേസ് ബുക്ക്്് പേജില്‍ ചൂണ്ടിക്കാട്ടിയത്.
കേരളത്തില്‍ ഇന്ത്യക്ക് അഭിമാനമായ ഒരു ദുരന്തനിവാരണ അതോറിറ്റി ഉണ്ട്. ഏതു ദുരന്തത്തെപ്പറ്റിയും ശാസ്ത്രീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായ മുന്നറിയിപ്പ് തരാന്‍ അവര്‍ക്ക് കഴിവുണ്ട്. അവരത് ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം പോസ്റ്റുകള്‍ കിട്ടിയാല്‍ ഉടന്‍ അവരെ അറിയിക്കുക, അല്ലാതെ സ്വയം പേടിക്കുകയോ വിശ്വസിച്ചില്ലെങ്കിലും ‘shared as received’ എന്ന തരത്തില്‍ കൈകഴുകി മറ്റുള്ളവരെ പേടിപ്പിക്കുകയോ ചെയ്യരുത്. പുതിയ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇത് കുറ്റകരമാണ്- തുമ്മാരുക്കുടി ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss