|    Jun 18 Mon, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നുമാസത്തിനിടെ കണ്ണൂരില്‍ അഞ്ച് രാഷ്ട്രീയക്കൊലകള്‍

Published : 5th September 2016 | Posted By: SMR

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ 100ാംദിനമെത്തുമ്പോഴേക്ക് കണ്ണൂരില്‍ മാത്രം രാഷ്ട്രീയസംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായത് അഞ്ചുപേര്‍ക്ക്. നിരപരാധികളടക്കം പരിക്കേറ്റവരുടെ എണ്ണം ഇതിലുമേറെ. മൂന്നുപേര്‍ വെട്ടേറ്റു മരിച്ചപ്പോള്‍ ഒരാള്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലും മറ്റൊരാള്‍ രാഷ്ട്രീയ എതിരാളിയുടെ ബോംബേറിലുമാണ് മരണപ്പെട്ടത്.
മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ പിണറായിയില്‍ നടന്ന സംഘര്‍ഷത്തിലാണ് സിപിഎം പ്രവര്‍ത്തകനായ പടിഞ്ഞിറ്റാന്‍മുറിയിലെ കരിന്താങ്കണ്ടി സി വി രവീന്ദ്രന്‍(55) കൊല്ലപ്പെട്ടത്. സിപിഎം വിജയത്തില്‍ ലോറിയില്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വാഹനത്തിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് റോഡിലേക്ക് ചാടിയിറങ്ങുന്നതിനിടെ ലോറികയറിയാണ് രവീന്ദ്രന്‍ മരിച്ചത്. തുടര്‍ന്ന് മേഖലയില്‍ വ്യാപകമായ അക്രമവും അരങ്ങേറി. ബിജെപി ദേശീയതലത്തില്‍ ഇതു പ്രചാരണായുധമാക്കുകയും ചെയ്തു. പിന്നീട് ജൂലൈ 11ന് രാത്രിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഒരു പ്രദേശത്തുനിന്നുതന്നെ രണ്ടുപേരാണ് കൊലക്കത്തിക്കിരയായത്.
രാത്രി 10.30ഓടെ കുന്നരുവിലെ സജീവ സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വീട്ടിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തി. ഏറെ കഴിയും മുമ്പേ അന്നൂരിലെ ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സി കെ രാമചന്ദ്രനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അന്നേദിവസം രാത്രിയും പിറ്റേന്നുമായി പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായി ഇരുവിഭാഗവും അക്രമമഴിച്ചുവിട്ടു.
ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ പേരില്‍ ആര്‍എസ്എസ്-സിപിഎം  പോര്‍വിളിയും അക്രമവും തുടര്‍ന്നു. ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് സിപിഎമ്മും അധികാരം ഉപയോഗിച്ച് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപിയും ആരോപിച്ചു. നമ്മളൊന്ന് ഘോഷയാത്രയില്‍ സിപിഎം പ്രവര്‍ത്തകര്‍ തിടമ്പുനൃത്തം അവതരിപ്പിച്ചെന്നും ഇത് വിശ്വാസികളെ അപമാനിക്കാനാണെന്നും ആരോപിച്ച് ആര്‍എസ്എസ് വ്യാപകമായ വര്‍ഗീയപ്രചാരണം അഴിച്ചുവിട്ടു.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളിലൊളിപ്പിച്ചുവച്ച ബോംബ് പൊട്ടി പിഞ്ചുബാലനടക്കം രണ്ടു നിരപരാധികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍എസ്എസും സിപിഎമ്മും വകവരുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ പിന്തുടരുന്നുണ്ട് എന്നു വ്യക്തമാക്കുന്നതാണ് സമീപകാല അക്രമസംഭവങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി സിപിഎം പ്രവര്‍ത്തകന്‍ തില്ലങ്കേരി കുണ്ടേരിഞാലിയിലെ ജിജേഷി(28)നെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയാണ് ജിജേഷ്. വീട്ടിലേക്ക് കാറില്‍ വരുന്നതിനിടെയാണ് ഇയാളെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിച്ചത്. മണിക്കൂറുകള്‍ക്കകംതന്നെ സിപിഎം പ്രവര്‍ത്തകര്‍ ഇതിന് പകരം വീട്ടുകയും ചെയ്തു.
ശാഖകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസും മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ പേരില്‍ സിപിഎമ്മും മല്‍സരിച്ച് ആയുധ-കായിക പരിശീലനം നടത്തുകയാണ്. ഇതുകൊണ്ടുതന്നെ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അടുത്തൊന്നും അവസാനമുണ്ടാവില്ലെന്ന ആശങ്കയിലാണു ജനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss