|    Jan 17 Tue, 2017 12:57 am
FLASH NEWS

മൂന്നില്‍ 1 ആരാവും ?

Published : 6th December 2015 | Posted By: SMR

പി എന്‍ മനു

കോഴിക്കോട്: മറ്റൊരു സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു കൂടി സാമൂതിരിയുടെ തട്ടകത്തില്‍ പോര്‍വിളിയുയര്‍ന്നപ്പോള്‍ കായികലോകം ആകാംക്ഷയിലാണ്. ഇത്തവണ ആരാവും ചാംപ്യന്‍ സ്‌കൂളിനുള്ള സുവര്‍ണട്രോഫിയുമായി മടങ്ങുക. നിലവിലെ ചാംപ്യന്‍മാരായ എറണാകുളം സെന്റ് ജോര്‍ജ് കോതമംഗലമോ അതോ മുഖ്യ എതിരാളികളായ എറണാകുളം മാര്‍ബേസില്‍ എച്ച്എസ്എസോ? ഇവര്‍ രണ്ടു പേരെയും പിന്തള്ളി പാലക്കാട്ട് നിന്നുള്ള പറളി സ്‌കൂള്‍ ട്രോഫിയുമേന്തി മടങ്ങുമോ.
കായികപ്രേമികള്‍ ഇതു സംബന്ധിച്ച് കണക്കുകള്‍ കൂട്ടിയും കിഴിച്ചും തലപുകയ്ക്കുമ്പോള്‍ മൂന്നു സ്‌കൂളുകളുടെ പരിശീലകരും ശുഭപ്രതീക്ഷയില്‍ തന്നെയാണ്. മേളയിലെ പ്രതീക്ഷകളെക്കുറിച്ച് ഇവര്‍ മനസ്സ് തുറക്കുന്നു.
ഷിബി മാത്യു (മാര്‍ ബേസില്‍ എച്ച്എസ്എസ്)
ഇത്തവണ മികച്ച ടീമുമായാണ് തങ്ങളെത്തിയതെന്നും കിരീടപ്രതീക്ഷയില്‍ തന്നെയാണ് മാര്‍ബേസിലെന്നും ടീമിന്റെ മുഖ്യ പരിശീലകയായ ഷിബി മാത്യു പറയു ന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന മേളയില്‍ അവസാനദിവസമാണ് കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തി ല്‍ സെന്റ് ജോര്‍ജിനു മുന്നില്‍ മാര്‍ബേസി ല്‍ കിരീടം കൈവിട്ടത്. തിരുവനന്തപുരത്തു മികവ് തെളിയിച്ച സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഇത്തവണ മാര്‍ബേസില്‍ ടീമിനൊപ്പമുണ്ടെന്നതു മുതല്‍ക്കൂട്ടാണെന്നു ഷിബി വ്യക്തമാക്കി.
സീനിയര്‍ വിഭാഗത്തില്‍ മാത്രമല്ല, ജൂനിയര്‍ വിഭാഗത്തിലും മികച്ച താരങ്ങളുടെ സംഘം തന്നെ ഞങ്ങള്‍ക്കുണ്ട്. സബ് ജൂനിയര്‍ മീറ്റ് നടക്കുന്ന സമയമായതിനാല്‍ റാഞ്ചിയില്‍ അടുത്തിടെ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിനെക്കുറിച്ച് ഷിബിക്ക് മികച്ച അഭിപ്രായമാണുള്ളത്. താരങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന മികച്ച നിലവാരമുള്ള ട്രാക്കാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമടക്കം 53 അംഗ സംഘമാണ് മാര്‍ബേസിലിനുള്ളത്. ഇത്തവണ മേളയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളതും മാര്‍ബേസിലിനൊപ്പമാണ്.
രാജുപോള്‍ (സെന്റ് ജോര്‍ജ് എച്ച്എസ്എസ്)
നിരവധി തവണ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിനെ കായികമേളയിലെ വിജയികളാക്കിയ കോച്ച് രാജുപോ ള്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്. മീറ്റിന്റെ ആദ്യദിനം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം താരങ്ങളില്‍ നിന്നുണ്ടായില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ സെന്റ ജോര്‍ജിന്റെ മൊട്ടക്കൂട്ടം മേളയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ സിന്തറ്റിക്ക് ട്രാക്കിനെക്കുറിച്ച് രാജുപോളിനും മികച്ച അഭിപ്രായമാണുള്ളത്. താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ ഇത്തവണ ഒരു പുതിയ താരോദയം സെന്റ് ജോര്‍ജില്‍ നിന്നുണ്ടാവുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു രാജുപോളിന്റെ മറുപടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മണിപ്പൂര്‍ നിന്നുള്ള വാറിസ് ബോഗിമയും എന്ന താരത്തില്‍ മികച്ച പ്ര തീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 400 മീറ്ററില്‍ വാറിസ് ഇന്നലെ വെള്ളി നേടിയിരുന്നു. 600 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സിലും താരം മല്‍സരിക്കുന്നുണ്ട്.
24 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമടക്കം 44 അംഗ സംഘത്തെയാണ് മേളയി ല്‍ സെന്റ് ജോര്‍ജ് അണിനിരത്തുന്നത്.
മനോജ് (പറളി എച്ച് എസ്എസ്)
മറ്റു പരിശീലകരില്‍ നിന്നു തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനമാണ് പാലക്കാട് പറളി എച്ച്എസ്എസിന്റെ മുഖ്യ കോച്ച് മനോജിനുള്ളത്. അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തിയല്ല താനെന്നും എന്നാല്‍ ടീമിലെ താരങ്ങള്‍ നല്ല പ്രകടനം നടത്താന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
”സബ് ജൂനിയര്‍, ജൂനിയര്‍ മീറ്റുകള്‍ കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ ഇതേ സംഘത്തെ വച്ച് സംസ്ഥാനതലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ ശേഷിയുള്ള ചുരുക്കം ചില പരിശീലകര്‍ കേരളത്തിലുണ്ട്. ഇവരെ സര്‍ക്കാര്‍ ദത്തെടുക്കണം. ഇത്തരം പരിശീലകര്‍ കേരളത്തില്‍ തന്നെയുള്ളപ്പോള്‍ മറ്റു വിദേശ കോച്ചുമാരെ നമുക്കാവശ്യമില്ല. സര്‍ക്കാര്‍ മികച്ച പ്രോല്‍സാഹനം നല്‍കുകയാണെങ്കില്‍ തന്നെപ്പോലുള്ള കോച്ചുമാര്‍ താരങ്ങളെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ഒരുക്കമാണ്”- മനോജ് വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക