|    May 23 Tue, 2017 4:17 pm
FLASH NEWS

മൂന്നിടത്ത് ഫീസീടാക്കാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന്: ആരോഗ്യമന്ത്രി

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷം രൂപയും, കരുണയ്ക്ക് 7.5 ലക്ഷം രൂപയും, കെഎംസിടി മെഡിക്കല്‍ കോളജിന് 10 ലക്ഷം രൂപയും വിദ്യാര്‍ഥികളില്‍നിന്നും ഫീസ് ഈടാക്കാനുള്ള അനുമതി ലഭിച്ചത് ഹൈക്കോടതിയില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജെയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാരിന്റെ ഹരജിയിലെ ആവശ്യം. വിധി വരുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
സര്‍ക്കാരുമായി ധാരണയുണ്ടാക്കാത്ത കോളജുകള്‍ക്കെതിരായി മൂന്നിനുതന്നെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കോടതി അന്ന് വാദം കേള്‍ക്കുകയോ ഉത്തരവ് ഇറക്കുകയോ ചെയ്തിരുന്നില്ല. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഏഴാം തിയ്യതിക്കു മുമ്പേ അലോട്ട്‌മെന്റ് നടത്തി അഡ്മിഷന്‍ തീര്‍ക്കേണ്ടതായിരുന്നു.  മൂന്നിന് വിജ്ഞാപനമിറക്കിയാലേ ഈ കോളജുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ. അല്ലാത്തപക്ഷം ഈ കോളജുകളിലെ 350 സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കാതിരിക്കുകയും ഈ സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും.
ഇത്തരമൊരു സാഹചര്യത്തിലാണ് ഹൈക്കോടതി ഫീസ് നിശ്ചയിച്ചു നല്‍കിയ കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനമിറക്കേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായത്. വിജ്ഞാപനമിറക്കാന്‍ സുപ്രിംകോടതി വിധി വരുന്നതുവരെ കാത്തുനിന്നാല്‍ കോടതിയലക്ഷ്യമാവുമായിരുന്നു. കോടതിയിലെ അപ്പീല്‍ തീരുമാനത്തിന് അനുസൃതമായിരിക്കും ഈ സ്ഥാപനങ്ങളിലെ പ്രവേശനമെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day