|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂന്നാറില്‍ കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയുമായി റവന്യൂ വകുപ്പ്

Published : 7th December 2018 | Posted By: kasim kzm

അടിമാലി: ഇടവേളയ്ക്കു ശേഷം കൈയേറ്റത്തിനെതിരേ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. മൂന്നാര്‍ ചിന്നക്കനാലില്‍ രണ്ടേക്കര്‍ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിനു സമീപത്തുള്ള സര്‍വേ നമ്പര്‍ 20/1ല്‍പെട്ട സ്ഥലമാണ് ഒഴിപ്പിച്ചത്. കൈയേറി നിര്‍മിച്ചിരുന്ന കെട്ടിടവും ദൗത്യസംഘം പൊളിച്ചുനീക്കി.
റവന്യൂ ഭൂമിയിലെ കൈയേറ്റങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ചിന്നക്കനാലില്‍ വീണ്ടും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ വകുപ്പ് കര്‍ശന നടപടികള്‍ ആരംഭിച്ചു. ചിന്നക്കനാലില്‍ ആദിവാസിയെന്ന വ്യാജേന കൈയേറിയ രണ്ടേക്കര്‍ ഭൂമിയിലെ കൈയേറ്റമാണ് റവന്യൂ വകുപ്പും ദൗത്യസംഘവും ചേര്‍ന്ന് ഒഴിപ്പിച്ചത്. പുതിയതായി ചുമതലയേറ്റ സബ് കലക്ടര്‍ രേണു രാജ് കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് റവന്യൂ വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.
ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിനു സമീപത്തുള്ള സര്‍വേ നമ്പര്‍ 20/1ല്‍പെട്ട സ്ഥലത്ത് കൊന്നത്തടി സ്വദേശി തെള്ളിപ്പടിയില്‍ ബിജു എന്നയാള്‍ സ്ഥലം കൈയേറുകയും ഇവിടെ കെട്ടിടം നിര്‍മിച്ച് താമസവും ആരംഭിച്ചിരുന്നു. ഇയാളുടെ ഭാര്യ ആദിവാസിയാണെന്ന് പറഞ്ഞാണ് കൈയേറ്റം നടത്തിയത്. എന്നാല്‍, ഇവര്‍ ആദിവാസിയല്ലെന്നും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരിയാണെന്നും മാത്രമല്ല സ്ഥലം റവന്യൂ ഭൂമിയാണെന്നും റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞു പോകുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു.
എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെയാണ് ദേവികുളം തഹസില്‍ദാര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ദൗത്യസേനാ അംഗങ്ങളും ചേര്‍ന്ന് നേരിട്ടെത്തി കൈയേറ്റം ഒഴിപ്പിച്ചത്. റവന്യൂ ഭൂമി കൈയേറി അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിനു പഞ്ചായത്തിന്റെ അനുമതിയോടെ വൈദ്യുത കണക്ഷന്‍ അടക്കം ലഭിച്ചിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചതിനു ശേഷമാണ് കെട്ടിടമടക്കം പൊളിച്ചുനീക്കിയത്. വരും ദിവസങ്ങളിലും കൈയേറ്റങ്ങ ള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss