|    Aug 17 Thu, 2017 1:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂന്നാറിലെ കൃഷിഭൂമിയില്‍ വാണിജ്യ നിര്‍മാണം അനുവദിക്കില്ല

Published : 16th November 2016 | Posted By: SMR

കൊച്ചി: മൂന്നാറില്‍ കൃഷിയാവശ്യത്തിനായി പതിച്ചുനല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് അടക്കമുള്ള വാണിജ്യാവശ്യത്തിനുള്ള നിര്‍മാണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടയവ്യവസ്ഥ ലംഘിച്ച് മൂന്നാറില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നുവെന്നാരോപിച്ച് വില്ലേജ് ഓഫിസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് രണ്ട് റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇത്തരം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ പരിശോധിക്കണം. പാട്ട വ്യവസ്ഥാ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നാറിലെ കൈയേറ്റ ഭൂമിയോ വനഭൂമിയോ നിര്‍മാണങ്ങള്‍ക്ക് വിലക്കുള്ള ഭൂമിയോ അല്ലെന്ന തഹസീല്‍ദാരുടെ സാക്ഷ്യപത്രവും ദേവികുളം പഞ്ചായത്തിന്റെ അനുമതി പത്രവും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം തുടങ്ങിയത്. ഇതിനിടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും റവന്യൂ അധികൃതരില്‍ നിന്ന് ലഭിച്ചു. നിര്‍മാണം പുനരാരംഭിച്ച ശേഷം വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മാണം തടസ്സപ്പെടുത്തിയത് വലിയ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍, ലാന്റ് അസൈന്‍മെന്റ് നിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാവില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കൃഷി ആവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമി വാണിജ്യാവശ്യത്തിന് നിര്‍മാണം നടത്തുന്നത് പരിസ്ഥിതിക്ക് ആഘാതമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതികള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭൂമി പതിച്ചുകിട്ടിയവരുമായി ഒത്തുചേര്‍ന്നു റവന്യൂ അധികാരികള്‍ വ്യവസ്ഥാ ലംഘനത്തിനു കൂട്ടുനിന്നതു പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കിയെന്ന് കോടതി വിമര്‍ശിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് 2016 ഏപ്രില്‍ 20ന് ജില്ലാകലക്ടര്‍  ഇക്കാര്യത്തില്‍ നിയന്ത്രണം വരുത്തി ഉത്തരവിറക്കിയിരുന്നു. ഉത്തരവിലെ വിലക്ക് ഇെല്ലങ്കിലും ഭൂമി വാണിജ്യ ആവശ്യത്തിന് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക