|    Jan 17 Tue, 2017 6:13 am
FLASH NEWS

മൂന്നാറിലെ കണ്ണന്‍ദേവന്‍ ഭൂമി കൈമാറ്റം: നഷ്ടം 100 കോടി

Published : 9th December 2015 | Posted By: SMR

കൊച്ചി: മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ അനധികൃത ഭൂമി കൈമാറ്റത്തിലൂടെ സര്‍ക്കാരിനു 100 കോടിയിലേറെ രൂപ നഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വ്യാജരേഖകളിലൂടെ ആധാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനത്തിലാണ് നഷ്ടം സംഭവിച്ചതെന്ന് റവന്യൂ വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ കരാറുമായി ബന്ധമില്ലാത്തവരാണ് തിരുത്ത് ആധാരത്തില്‍ ഒപ്പുവച്ചത്. തിരുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടന്നതായും റവന്യൂ വകുപ്പ് ആരോപിക്കുന്നു. ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയുടെ തിരുത്ത് ആധാരം നടത്തിയത് വെറും 15 രൂപയുടെ മുദ്രപത്രത്തിലാണ്. വ്യാജരേഖകള്‍ ഹാജരാക്കി നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കണ്ണന്‍ദേവന്‍ ശ്രമിക്കുന്നത്.
കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനി മൂന്നാറില്‍ നടത്തിയ ഭൂമികൈമാറ്റങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തിന് ഉത്തരവിടണം. കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന കൈമാറ്റങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നും ദേവികുളം എസ്‌ഐ സി ജെ ജോണ്‍സണ്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കണ്ണന്‍ദേവന്‍ കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. മൂന്നാറിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബോധ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 1977ലെ 381 നമ്പര്‍ കരാറില്‍ ബന്ധപ്പെട്ട വിദേശ കമ്പനിയുടെ ഉത്തരവാദപ്പെട്ടവരുടെ ഒപ്പോ സീലോ ഇല്ല. കരാര്‍ രേഖകളില്‍ നിരവധി തിരുത്തലുകളുണ്ട്. ഇതിലെ സാക്ഷികളുടെ മേല്‍വിലാസം അടക്കം വ്യാജമാണ്.
77ലെ കരാറിലെ തെറ്റുകള്‍ പരിഹരിക്കാനായി 18 വര്‍ഷത്തിനു ശേഷം ഉണ്ടാക്കിയ തിരുത്താധാരം 15 രൂപ സ്റ്റാമ്പ് പേപ്പറിലാണ് തയ്യാറാക്കിയത്. വ്യാജരേഖകളുണ്ടാക്കി സര്‍ക്കാര്‍ഭൂമി കൈയേറിയ കേസ് അട്ടിമറിക്കാനാണ് ഹരജിക്കാരുടെ ശ്രമം. ഭൂസംരക്ഷണ നിയമലംഘനം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള ക്രിമിനല്‍ കേസുകളാണ് കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നിലവിലുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ വന്‍കിട ഭൂമികൈയേറ്റങ്ങള്‍ മുഴുവന്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മൂന്നാറിലെ കണ്ണന്‍ദേവന്‍, മുണ്ടക്കയത്തെ ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റ് എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെ വിവിധയിടങ്ങളിലായി പോലിസ് രജിസ്റ്റര്‍ ചെയ്ത 39 കേസുകളാണ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറിയത്. ഡിജിപി ടി പി സെന്‍കുമാറാണ് വന്‍കിട ഭൂമികൈയേറ്റം സംബന്ധിച്ച മുഴുവന്‍ കേസുകളും ഒരൊറ്റ സംഘം അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചത്.
സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടിഷ് കമ്പനികളുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സംസ്ഥാന സര്‍ക്കാരിനു വന്നുചേരണമെന്നാണ് ചട്ടം. എന്നാല്‍, സംസ്ഥാനത്തെ പല എസ്‌റ്റേറ്റ് ഭൂമികളും പിന്നീട് രൂപമെടുത്ത സ്വകാര്യ കമ്പനികള്‍ കൈവശം വച്ചതായി ബോധ്യപ്പെട്ടിരുന്നു. 2009ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് മൂന്നാറിലെ കണ്ണന്‍ദേവന്‍, മുണ്ടക്കയത്തെ ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക